Skip to main content

ഹദീസ് പണ്ഡിതരുടെ ഇന്ത്യന്‍ ശിഷ്യന്മാര്‍

അസ്ഖലാനിയുടെ ശിഷ്യന്മാര്‍:

ഹദീസ് വിജ്ഞാന കുതുകികളുടെ മാര്‍ഗദര്‍ശക ഗ്രന്ഥമായി വര്‍ത്തിക്കുന്ന 'ഫത്ഹുല്‍ബാരി'യുടെ കര്‍ത്താവാണ്  പ്രമുഖ ഹദീസ് പണ്ഡിതനായ ഇബ്‌നു ഹജറില്‍ അസ്ഖലാനി. ഹിജ്‌റ 773 മുതല്‍ 852 വരെയുള്ള (ക്രി: 1372 1449) കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. 'ഫത്ഹുല്‍ബാരി' എന്ന ഗ്രന്ഥം സ്വഹീഹ് ബുഖാരിയുടെ ഏറ്റവും നല്ല വിശദീകരണമായാണ് ഇന്നും ഗണിക്കപ്പെടുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ ധൈഷണിക രംഗത്ത് എണ്ണപ്പെട്ട വ്യക്തിത്വമാണ് അസ്ഖലാനി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാകട്ടെ ഇസ്‌ലാമിക വിജ്ഞാനകോശമായി ഗണിക്കപ്പെടാവുന്ന വിഖ്യാത രചനകളാണ്. ശൈഖ് യഅ്ഖൂബ് ബ്നു അബ്ദുറഹ്മാനുബ്നു അബില്‍ ഖൈറില്‍ ഹാശിമി അശ്ശാഫിഈയും ശൈഖ് ഇമാദുദ്ദീന്‍ മഹ്മൂദ്ബ്നു മുഹമ്മദ്ബ്നു അഹ്മദുല്‍ കീലാനീയും ഇന്ത്യയില്‍ നിന്നും അദ്ദേഹത്തിന്റെ ശിഷ്യത്വം നേടിയവരാണ്. 

അസ്സഹാവിയുടെ ശിഷ്യന്മാര്‍:

ശാഫിഈ മദ്ഹബിലെ ലോകപ്രശസ്ത പണ്ഡിതനും ചിന്തകനും ചരിത്രകാരനുമായ ഇമാം ശംസുദ്ദീന്‍ അസ്സഹാവിയുടെ ശിഷ്യഗണങ്ങള്‍ എണ്ണത്തില്‍ വളരെ വലുതും ലോക വ്യാപകവുമാണ്. ഇമാം ഇബ്‌നു ഹജറില്‍ അസ്ഖലാനിയുടെ പ്രമുഖ ശിഷ്യന്മാരിലൊരാളായ ശംസുദ്ദീന്‍ അസ്സഹാവിയില്‍ നിന്ന് അറിവ് നുകരുവാന്‍ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വിജ്ഞാന കുതുകികള്‍ എത്തിയിരുന്നത് ഹദീസ് വിജ്ഞാനീയങ്ങളിലുള്ള അദ്ദേഹത്തിന്റെ അഗാധമായ അറിവും ആഴത്തിലുള്ള താല്പര്യവും കണ്ടാണ്. ഈ ഈജിപ്ഷ്യന്‍ പണ്ഡിതന്റെ കീര്‍ത്തി ലോകത്തിന്റെ മുക്കുമൂലകളില്‍ എത്തിയത് തന്റെ ശിഷ്യരിലൂടെയാണ്. 1497 മെയ് 1-ന് മദീനയില്‍ വെച്ചാണ് അദ്ദേഹം മരണമടയുന്നത്. യാത്രാ സൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്ന അക്കാലത്ത് ഇന്ത്യയില്‍ നിന്ന് പോലും അദ്ദേഹത്തിന്റെ അടുക്കല്‍ ആളുകള്‍ എത്തിയിരുന്നു എന്നത് അത്ഭുതാവഹമാണ്. യൂറോപ്യന്മാര്‍ കച്ചവടസ്ഥലം നോക്കി കടല്‍ കടക്കുമ്പോഴാണ് ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ തേടി മുസ്‌ലിംകള്‍ കടല്‍ കടന്ന് അദ്ദേഹത്തിന്റെ അടുത്ത് എത്തുന്നത്. ഇത് വളരെ ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്ന് അറിവ് തേടി അദ്ദേഹത്തിന്റെ അടുക്കലെത്തിയ പലരും പില്കാലത്ത് പ്രശസ്ത പണ്ഡിതരായി മാറി.

1. അശ്ശൈഖ് വജീഹുദ്ദീന്‍ മാലിക്കി മരണം ഹി.929 (ക്രി.1508)

2. അശ്ശൈഖ് ജമാലുദ്ദീന്‍ മുഹമ്മദ് ബിന്‍ ഉമര്‍ അല്‍ഹ്‌ളരി 

3. ശ്ശൈഖുല്‍ മുഹദിസ് അസ്സയ്യിദ് റഫീഉദ്ദീന്‍ അശ്ശീറാസി അല്‍ അക്ബറാബാദി.

4. അശ്ശൈഖ് റാജിഹ് ബിന്‍ ദാവൂദ് അല്‍അഹമ്മദാബാദി മരണം ഹി.904 (ക്രി.1483)

5. അശ്ശൈഖ് ക്വുതുബുദ്ദീന്‍ അല്‍ അബ്ബാസി അല്‍ ഗുജറാത്തി

6. അശ്ശൈഖ് അല്‍മുഫ്തി അബുല്‍ഫത്ഹ് ബിന്‍ അബ്ദില്‍ ഗഫൂര്‍ അത്തഹാനയ്‌സരീ

7. ശ്ശൈഖ് അല്‍ മുഹദ്ദിസ് ജമാലുദ്ദീന്‍

8. അശ്ശൈഖ് അബ്ദുല്‍ മലിക് അല്‍ അബ്ബാസി അല്‍ ഗുജറാത്തി

9. ശ്ശൈഖ് യാസീന്‍ അബീയാസീന്‍ അല്‍ ഗുജറാത്തി

ഇബ്‌നു ഹജറില്‍ ഹൈതമിയുടെ ശിഷ്യന്മാര്‍:

ശാഫിഈ മദ്ഹബിലെ പ്രധാന പണ്ഡിനും മുഫ്തിയും മുഹദ്ദിസുമായ ഇബ്‌നു ഹജറില്‍ ഹൈതമി ഒരു കാലഘട്ടത്തെ തന്നെ നയിച്ച നേതാവാണ്. ഫിഖ്ഹിലും മതവിധികളിലുമുള്ള അദ്ദേഹത്തിന്റെ പ്രാഗല്ഭ്യം കാരണം ശിഷ്യന്മാര്‍ വവിധ ദിക്കുകളില്‍ നിന്ന് അദ്ദേഹത്തെ തേടിയെത്തുക പതിവായിരുന്നു. ലോകത്ത് ഇസ്‌ലാം പ്രചാരണം ഏറെ മുന്നിട്ടുനിന്ന ഹിജ്‌റ 10-ാം നൂറ്റാണ്ടിലാണ് (ക്രി. 16) അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലം. ഈജിപ്തിലും മക്കയിലും അറിവിന്റെ വിളക്കുകള്‍ കൊളുത്തിയ അദ്ദേഹത്തില്‍ നിന്ന് ആ തിരിനാളം ഏറ്റുവാങ്ങാന്‍ ഇന്ത്യയില്‍ നിന്നു വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ആ വിദ്യാര്‍ഥികളില്‍ പിന്നീട് പ്രസിദ്ധ പണ്ഡിതരായവരാണ് താഴെപറയുന്നവര്‍.

1. ശൈഖ് സഈദ് ബിന്‍ അബീ സഈദില്‍ ഹബ്ശി. - മരണം ഹി.991 (ക്രി.1570)

2. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്ലാ അല്‍ഫാകിഹീ അല്‍ ഹന്‍ബലീ. - (ഹി.990 ക്രി. 1751)

3. സയ്യിദ് ശൈഖ്ബ്‌നു അബ്ദില്ല അല്‍ ഐദറൂസി. - മരണം ഹി.990 (ക്രി.1569)

4. ശൈഖ് യഅ്ക്വൂബ് അസ്സ്വാഫി അല്‍ കാശ്മീരി.

5. ശൈഖ് മലാമുഹമ്മദ് അല്‍ കാശ്മീരി

6. ശൈഖ് അബ്ദുന്നബി ബിന്‍ അഹ്മദ് ബിന്‍ അബ്ദുല്‍ ഖുദുസ് അന്‍ഖാന്‍ഖോഹി

7. ശൈഖ് അല്‍മുഹദ്ദിസ് ജൗഹര്‍ നാന്‍ത് അന്‍ കശ്മീരി.

8. ശൈഖ് അല്‍ മുഹദ്ദിസ് അലി ബിന്‍ ഹുസാം അല്‍ മുത്തലി - മരണം ഹി.975 (ക്രി.1554)

സൈനുദ്ദീന്‍ സകരിയ്യാ അന്‍സാരിയുടെ ശിഷ്യന്മാര്‍:

ശാഫിഈ മദ്ഹബിലെ പ്രസിദ്ധ ഹദീസ് പണ്ഡിതനാണ് ശൈഖ് സൈനുദ്ദീന്‍ സകരിയ്യാ അന്‍സ്വാരി. ഹദീസ്, കര്‍മശാസ്ത്ര പഠനങ്ങള്‍ക്കായി ജീവിതം മാറ്റി വെച്ച അദ്ദേഹത്തിന്റെ പ്രധാന ഇന്ത്യന്‍ ശിഷ്യരാണ്, ശൈഖ് അബ്ദുല്‍ മുഇതി ബ്നുല്‍ ഹസന്‍ ബാക്‌സീര്‍. ശൈഖ് ശിഹാബുദ്ദീന്‍ അഹ്മദ് അല്‍അബ്ബാസി

Feedback