Skip to main content

പരലോകം (15)

പ്രതിഫലേഛയോടുകൂടി കര്‍മങ്ങള്‍ അനുഷ്ഠിക്കുക എന്നതാണ് മനുഷ്യപ്രകൃതി. ഭൗതിക ജീവിതത്തില്‍ ഏത് പ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോഴും മനുഷ്യനെ നയിക്കുന്ന ചിന്ത തനിക്ക് ആ പ്രവൃത്തി ചെയ്താലുള്ള നേട്ടമെന്ത് എന്നായിരിക്കും. നഷ്ടത്തില്‍ കലാശിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനുഷ്യന്‍ വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ചെയ്യുന്ന കര്‍മങ്ങളൊന്നും ഫലശൂന്യമാവരുതെന്ന ചിന്തയുള്ള മനുഷ്യന് ഐഹിക ജീവിതത്തില്‍ മനസ്സുകൊണ്ടും വാക്കുകൊണ്ടും അവയവങ്ങള്‍കൊണ്ടും ചെയ്യുന്ന കര്‍മങ്ങള്‍ക്ക് കൃത്യമായ ഫലം ഇവിടെ ലഭിക്കുന്നുണ്ടോ? നിലവില്‍ ലഭിക്കുന്ന കര്‍മഫലത്തില്‍ മനുഷ്യന്‍ സംതൃപ്തനാണോ? ഈ രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇല്ല എന്നത് തന്നെയാണ്. മനുഷ്യമനസ്സ് തേടുന്നത് പോലെ അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം അര്‍ഹമായ പ്രതിഫലവും നീതിപൂര്‍വകമായ തീര്‍പ്പും നല്‍കാന്‍ കഴിയുന്ന ഒരു സംവിധാനം ഭൗതികലോകത്ത് ഇല്ലാത്തതാണ് കാരണം. മനുഷ്യന്‍ ഐഹിക ജീവിതത്തില്‍ ചെയ്യുന്ന നന്മതിന്മകള്‍ക്ക് അര്‍ഹമായ രക്ഷയോ ശിക്ഷയോ ലഭിക്കുന്നില്ല എന്നതാണ് സത്യം. നീതിപൂര്‍വകമായ പ്രതിഫലം നല്‍കുന്ന സംവിധാനമുണ്ടാകണമെന്നത് മനുഷ്യമനസ്സിന്റെ തേട്ടമാണ്. അത് നല്‍കാനുള്ള സംവിധാനമാണ് പരലോകം.

മരണത്തോടെ മനുഷ്യന്‍ ഈ ഭൂമുഖത്ത് നിന്ന് പാടെ തുടച്ചു നീക്കപ്പെടുകയാണെങ്കില്‍ സങ്കീര്‍ണമായ ഈ വ്യവസ്ഥതന്നെ നിരര്‍ഥകമാണെന്ന് പറയേണ്ടിവരും. മനുഷ്യന്‍ മരണത്തോടെ നശിച്ചു പോകുകയാണെങ്കില്‍ നാം കൊട്ടിഘോഷിക്കുന്ന സത്യവും നീതിയും പുലരുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം മാത്രമേ ഉള്ളൂ അതാണ് പരലോകസംവിധാനം.

കൂടാതെ മനുഷ്യനെന്ന ഉത്കൃഷ്ടജീവി തന്റെ ചിന്താശേഷികൊണ്ട് ലോകം കീഴടക്കി ജീവിക്കുന്നു. ലോകത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നു. സ്വതന്ത്രമായ ആശയാവിഷ്‌കാരശേഷിയും അത് ഇതരരിലേക്കെത്തിക്കാനുള്ള വിവരണകഴിവും തലമുറകളിലേക്ക് പകരുവാനാവശ്യമായ ആലേഖഖന പാടവവും എല്ലാമുള്ള മനുഷ്യന്‍, കേവലം നിസ്സാരജീവികളായ ഈച്ചയോ കൊതുകോ ചത്തതുപോലെ, തന്റെ ജീവിതം അവസാനിപ്പിക്കുകയാണെങ്കില്‍ അത് മഹാകഷ്ടംതന്നെ; നഷ്ടവും.

ഇവിടെയാണ് ഇസ്‌ലാം പഠിപ്പിക്കുന്ന പരലോകമെന്ന അനശ്വരലോകത്തെപ്പറ്റിയുള്ള വിശ്വാസത്തിന്റെ പ്രസക്തി. മനുഷ്യന്‍ മരണത്തോടെ ഈ ലോകജീവിതം അവസാനിപ്പിക്കുകയാണെങ്കിലും പരലോകജീവിതം ആരംഭിക്കുകയായി. എല്ലാ മനുഷ്യരും മരണപ്പെടുകയും ലോകം നശിക്കുകയും ചെയ്യുന്ന ഒരുനാള്‍ (അന്ത്യനാള്‍) ഉണ്ടെന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറയാണ്. അതിനുശേഷം, ഭൂമിയില്‍ ജനിച്ചുമരിച്ചുപോയ മുഴുവന്‍ മനുഷ്യരും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പുനരുത്ഥാനം (അല്‍ ഖിയാമ) ഉണ്ടാകുമെന്നും ഈ ജീവിതത്തിലെ കര്‍മങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ പ്രതീക്ഷയാണ് ഏത് പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ഈ ശിക്ഷയെപറ്റിയുള്ള ആശങ്കയാണ് വിശ്വാസിയെ തിന്‍മകളില്‍ നിന്നകറ്റിനിര്‍ത്തുന്നത്.

Feedback