Skip to main content
history

ചരിത്രം

ലോകാരംഭം മുതല്‍ കാലം അനുസ്യൂതം തുടരുന്നു. അല്ലാഹു മാത്രമാണ് കാലാതീതന്‍. സൃഷ്ടികളെല്ലാം കാലവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഒരാള്‍ തന്റെ വൃത്തത്തില്‍ നിന്ന് ആലോചിക്കുമ്പോള്‍ കഴിഞ്ഞുപോയതെല്ലാം ചരിത്രം എന്നു പറയുന്നു. അയാള്‍ അപ്പോള്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നു. തൊട്ടടുത്ത നിമിഷം മുതല്‍ വരാനിരിക്കുന്നതെല്ലാം ഭാവിയാണ്. സമൂഹത്തിന്റെയും അവസ്ഥ ഇതുതന്നെ. ഇന്ന് നിലവിലുള്ള മനുഷ്യസമൂഹം കഴിഞ്ഞ കാലത്ത് മനുഷ്യന്‍ നേടിയ മികവുകളും പറ്റിപ്പോയ പിഴവുകളും നിര്‍ധാരണം ചെയ്ത് ഭാവി ജീവിതം ആസൂത്രണം ചെയ്യുന്നു. ഈ നിലപാട് മനുഷ്യന്റെ മാത്രം പ്രത്യേകതയാണു താനും. ഇന്നലെകളെ ശ്രദ്ധിക്കാതെ നാളേക്കുവേണ്ടി ഒരുങ്ങാന്‍ കഴിയില്ല. ഈ യാഥാര്‍ഥ്യം ഉള്‍കൊണ്ടതുകൊണ്ടാണ് മനുഷ്യന്‍ ചരിത്രം പഠിക്കാനും ചരിത്രത്തില്‍ ഗവേഷണം നടത്താനും തുനിയുന്നത്. 

മനുഷ്യനന്‍മയ്ക്കുവേണ്ടി അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചപ്പോഴും ഈ വസ്തുത കണക്കിലെടുത്തു. കഴിഞ്ഞുപോയ നൂറ്റാണ്ടുകളെപ്പറ്റി ചിന്തിക്കാനും പാഠം ഉള്‍കൊള്ളാനും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ചരിത്രത്തിലെ ചിന്താര്‍ഹമായ ഒട്ടേറെ പാഠങ്ങള്‍ നമ്മുടെ മുന്നില്‍ വയ്ക്കുന്നുണ്ട്. 'നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക, മുന്‍കാല സമൂഹങ്ങളുടെ സ്ഥിതിഗതികള്‍ പഠിക്കുക' എന്ന് വിശുദ്ധ ഖുര്‍ആനില്‍ അനേകം സ്ഥലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട് (6:11, 27:69, 29:20, 30:42).

വിശുദ്ധ ഖുര്‍ആന്‍ ചരിത്ര പാഠങ്ങള്‍ക്കും ചരിത്ര പഠനത്തിനും പ്രാധാന്യം കല്പിക്കുന്നുവെന്നു മാത്രമല്ല ചരിത്രാതീത കാലത്തെ സംഭവവികാസങ്ങളില്‍ ചിലത് നമുക്കു മുന്നില്‍ അനാവരണം ചെയ്യുന്നു. അത്തരം കാര്യങ്ങള്‍ക്ക് വേദഗ്രന്ഥങ്ങള്‍ മാത്രമാണ് അവലംബം.
 

 

 

 

 

 

 

 

 

 

 

 

 

 

Feedback