Skip to main content

നോമ്പ് ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങള്‍ (5)

ഇസ്‌ലാമിലെ നോമ്പിന് കൃത്യമായ രൂപമുണ്ട്. നോമ്പു സാധുവാകാന്‍ അനിവാര്യമായ കാര്യങ്ങളുണ്ട്. ഇവ ലംഘിക്കപ്പെടുന്നത് നോമ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നഷ്ടപ്പെടുത്തും. അത്തരം കാര്യങ്ങളുണ്ടാകുന്നത് വഴി നോമ്പ് നഷ്ടപ്പെടും. അന്നപാനീയങ്ങള്‍ ഉപയോഗിക്കുക, ലൈംഗിക വികാരപൂര്‍ത്തി നടത്തുക, ഋതുരക്തം, പ്രസവരക്തം എന്നിവ പുറപ്പെടുക എന്നിവയാണ് നോമ്പ് ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങള്‍. നോമ്പ് ദുര്‍ബലപ്പെടുന്ന കാര്യങ്ങള്‍ മനഃപൂര്‍വം ചെയ്യുന്നത് പാപമാണ്. അവര്‍ പശ്ചാത്തപിക്കുകയും നോമ്പ് നോറ്റുവീട്ടുകയും വേണം. സംഭോഗമാണെങ്കില്‍ നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തവും നിര്‍വഹിക്കണം. സ്വാഭാവികമായുണ്ടാകുന്ന ഋതുരക്തം, പ്രസവരക്തം എന്നിവ സംഭവിച്ചാല്‍ നോമ്പുപേക്ഷിക്കുകയും അത്രയും എണ്ണം നോമ്പ് പിന്നീട് നോറ്റുവീട്ടുകയുമാണ് വേണ്ടത്.

യാതൊരു കാരണവുമില്ലാതെ നിര്‍ബന്ധ നോമ്പ് ഒഴിവാക്കുക, അനുഷ്ഠിച്ച നോമ്പ് മുറിക്കുക എന്നിവ വലിയ പാപമാണ്.  കാരണം ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്ഠാന കര്‍മങ്ങളില്‍പെട്ടതാണ് നോമ്പ്. എന്നാല്‍ നമസ്‌കാരം ഉപേക്ഷിച്ചവരെപ്പോലെ ഇത് അവിശ്വാസമായി പരിഗണിച്ചിട്ടില്ല. എങ്കിലും ഇവര്‍ എത്രയും വേഗം തെറ്റുതിരുത്തി പശ്ചാത്തപിക്കണം. നോമ്പു മുറിച്ചവനാണെങ്കില്‍ പകരം നോമ്പ് നോറ്റുവീട്ടണം. 

റമദാനില്‍ നോമ്പില്ലാത്തവര്‍ (ഇളവുള്ളവരും) നോമ്പുകാര്‍ക്ക് വിലക്കപ്പെട്ട കാര്യങ്ങള്‍ പരസ്യമായി നിര്‍വഹിക്കുന്നതില്‍ നിന്ന് പരമാവധി മാറിനില്ക്കണം. നോമ്പുമാസത്തെ ആദരവോടെ കാണാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.

ആര്‍ത്തവം, പ്രസവരക്തം, യാത്ര,  രോഗം, കഠിന തൊഴിലുകള്‍ എന്നിവയാല്‍ നോമ്പ് ഒഴിവാക്കിയവര്‍ അവരുടെ തടസ്സങ്ങള്‍ നീങ്ങിയ ഉടനെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. കാരണങ്ങളില്ലാതെയോ നോമ്പു ദുര്‍ബലപ്പെടുന്ന കാര്യങ്ങള്‍ മനഃപൂര്‍വം നിര്‍വഹിക്കുന്നതിലൂടെയോ മറ്റോ റമദാന്‍ വ്രതം നഷ്ടപ്പെടുത്തിയവരും അത്രയും നോമ്പുകള്‍ നോറ്റുവീട്ടണം. 
    
പ്രതിബന്ധം നീങ്ങുന്നതോടെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാകുമെങ്കിലും വീട്ടണം എന്ന നിയ്യത്തോടെ അത് നീട്ടിവെക്കുന്നത് കുറ്റകരമല്ല. ശഅ്ബാനിലായിരുന്നു തനിക്ക് നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടാന്‍ സാധിക്കാറുണ്ടായിരുന്നത് എന്ന് ആഇശ(റ) പറയുന്നു (ബുഖാരി-1950). അടുത്ത റമദാനിനുമുമ്പായി നോറ്റുവീട്ടുന്നതാണ് ഉത്തമം. സാധിച്ചില്ലെങ്കില്‍ സാധ്യമാകുന്ന ഉടനെ അത് നിര്‍വഹിക്കുക.    

നഷ്ടപ്പെട്ട നോമ്പുകള്‍ ഒന്നിച്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ തന്നെ നോറ്റുവീട്ടണമെന്ന് നിബന്ധനയില്ല; ഇടവിട്ട് നിര്‍വഹിക്കാവുന്നതാണ്. നിര്‍ബന്ധ നോമ്പുകള്‍ നോറ്റുവീട്ടുന്നതിനുമുമ്പ് ഐഛികവ്രതം അനുഷ്ഠിക്കാവുന്നതാണ്. എന്നാല്‍ ഐഛിക വ്രതത്തിന്റെ ദിവസം കടമായുള്ള നിര്‍ബന്ധനോമ്പിന്റെ കൂടി നിയ്യത്ത് ചെയ്താല്‍ രണ്ടിന്റെയും പ്രതിഫലം ലഭിക്കുമെന്ന ധാരണക്ക് അടിസ്ഥാനമില്ല.


 

Feedback
  • Thursday Dec 18, 2025
  • Jumada ath-Thaniya 27 1447