Skip to main content

ലൈംഗിക സദാചാരം (1)

ദൈവം മനുഷ്യനില്‍ പ്രകൃത്യാ നിക്ഷേപിച്ചിട്ടുള്ള ജന്മവാസനകളില്‍ ശക്തമായ ഊര്‍ജവും പ്രബലമായ ചോദനയുമാണ് ലൈംഗികവികാരം. മനുഷ്യപ്രകൃതിയില്‍ നിലീനമായ ലൈംഗിക വികാരത്തിന്റെ ശമനത്തിനായിട്ടുള്ള മാര്‍ഗങ്ങള്‍ തേടാന്‍ ശാരീരികേച്ഛകള്‍ അവനെ നിര്‍ബന്ധിക്കുന്നു. ലൈംഗിക വികാരത്തിന്റെ ശമനത്തിന് അനുയോജ്യമായ നിവാരണ മാര്‍ഗത്തിലൂടെ അത്യാസക്തിക്ക് അതിരുകള്‍ നിശ്ചയിച്ചിട്ടില്ലെങ്കില്‍ കാമാര്‍ത്തിപൂണ്ട് മനുഷ്യന്‍ അധ:പതിച്ചവനായിത്തീരും. 

സംന്യാസാശ്രമധര്‍മം, മണാസ്റ്റിസം തുടങ്ങിയ ചിന്താധാരകളും ജീവിതശൈലികളും മനുഷ്യനിലെ ലൈംഗിക ശേഷിയെ നിര്‍വീര്യമാക്കുന്ന ശാരീരിക പീഡനത്തിന്റെയും വിരക്തിയുടെയും വഴികളാണ് പറഞ്ഞുതരുന്നത്. ഈ സമീപനം സ്വീകരിക്കുന്നത് മനുഷ്യനില്‍ പ്രസ്തുത വികാരം നിക്ഷേപിച്ച അല്ലാഹുവിന്റെ യുക്തിദീക്ഷയുടെ നിരാകരണവും മനുഷ്യവംശത്തിന്റെ അനുസ്യൂതതയ്ക്ക് അവന്‍ നിശ്ചയിച്ച നിയമക്രമത്തോടുള്ള സംഘട്ടനവുമാണ്. 

ഇവിടെ ഇസ്‌ലാമിന്റെ സമീപനമാണ് മധ്യമവും നീതിപൂര്‍വകവുമായിട്ടുള്ളത്. പ്രകൃതി മതമായ ഇസ്‌ലാം ലൈംഗികത എന്ന മനുഷ്യന്റെ നൈസര്‍ഗിക വികാരത്തെ അംഗീകരിക്കുകയും അവയുടെ പൂര്‍ത്തീകരണത്തിന് ശരിയായ മാര്‍ഗം നിശ്ചയിച്ചുകൊടുക്കുകയും ചെയ്തു. വിവാഹമെന്ന ഉറച്ച കരാറിലൂടെ പുരുഷനും സ്ത്രീയും ഇണകളായി ജീവിക്കാനുള്ള സാമൂഹികാംഗീകാരം നേടുന്നു. സ്‌നേഹ കാരുണ്യത്തിന്റെ വൈകാരികത കൊണ്ട് വിളക്കിച്ചേര്‍ത്ത ദമ്പതികള്‍ ലൈംഗിക വികാരത്തിന്റെ ശമനത്തിന് അനുവദനീയ വഴികളിലൂടെ ഇണചേരുമ്പോള്‍ ലൈംഗിക സദാചാരവും വംശവര്‍ധനവും സമൂഹത്തില്‍ നിലനില്‍ക്കുന്നു. അവിഹിതമായ ലൈംഗികബന്ധവും വ്യഭിചാരവും ഇസ്‌ലാം നിഷിദ്ധമാക്കിയ ഇണകളില്‍നിന്ന് പാടെ വിട്ടുനിന്ന് ബ്രഹ്മചര്യം സ്വീകരിക്കുന്നതും നിരോധിച്ചു. ഇവ രണ്ടും ലൈംഗിക സദാചാരത്തകര്‍ച്ചയ്ക്ക് ഇടവരുത്തുന്നതും സമൂഹത്തില്‍ അരാജകത്വം പടര്‍ന്നുപിടിക്കാന്‍ കാരണമാവുന്നതുമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. 

കുടുംബശൈഥില്യം, ബന്ധവിച്ഛേദം,സന്താനങ്ങളോടുള്ള അനീതി, ഗുഹ്യരോഗങ്ങള്‍, സദാചാര ലംഘനം തുടങ്ങിയവയ്‌ക്കെല്ലാം ഇടവരുത്തുന്ന നീചകൃത്യമാണ് വ്യഭിചാരം. അല്ലാഹു പറയുന്നു: 'നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കരുത്, അത് നീചകൃത്യമാണ്, മ്ലേച്ഛമാര്‍ഗവും' (17:32).

നിഷിദ്ധമായ കാര്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുള്ള വഴികളെയും ഗൗരവമായിത്തന്നെ ഇസ്‌ലാം വിലക്കിയതായി കാണാം. സഹോദരി, മാതാവ്, പിതൃസഹോദരി, മാതൃസഹോദരി തുടങ്ങി വിവാഹം നിഷിദ്ധമാക്കപ്പെട്ട അടുത്തബന്ധുക്കളും ഭാര്യയുമല്ലാത്ത ഏതു സ്ത്രീയുമായും ഒറ്റയ്ക്ക് കഴിയുന്നത് കണിശമായും നിരോധിക്കപ്പെട്ടു.പൗരുഷം സ്‌ത്രൈണതയുമായി, മൂന്നാമതൊരാളില്ലാത്ത സാഹചര്യത്തില്‍, സന്ധിക്കുമ്പോള്‍ അവരുടെ മനസ്സുകള്‍ ദുഷ്ചിന്തകള്‍ ഉണ്ടാകാന്‍ സാധ്യതകളുണ്ട്. അതുകൊണ്ട് നബി(സ്വ) പറഞ്ഞു. 'അടുത്ത ബന്ധുക്കളോടൊന്നിച്ചല്ലാതെ, നിങ്ങള്‍ അന്യസ്ത്രീയുമായി തനിച്ചാവരുത്' (ബുഖാരി, മുസ്‌ലിം). അന്യസ്ത്രീയും പുരുഷനും ഒരു സ്ഥലത്ത് തനിച്ചായാല്‍ മൂന്നാമനായി പിശാച് അവിടെയുണ്ടാകുമെന്ന് തിരുനബി(സ്വ) മുന്നറിയിപ്പുനല്കി (തിര്‍മിദി). 

സ്ത്രീകള്‍ക്ക് പുരുഷനോടും പുരുഷന്മാര്‍ക്ക് സ്ത്രീകളോടും വൈകാരിക താല്പര്യം ഉണ്ടാവുക സ്വാഭാവികമായതിനാല്‍ നോക്കിലും നടപ്പിലും വാക്കിലും പ്രവൃത്തിയിലും ദുര്‍നടപടികള്‍ ഉണ്ടാകാനുള്ള എല്ലാ പഴുതുകളെയും അടച്ചുകളയുന്ന പെരുമാറ്റച്ചട്ടങ്ങളാണ് വിശുദ്ധ ഖുര്‍ആനും തിരുനബി(സ്വ)യും പഠിപ്പിക്കുന്നത്. നബി(സ്വ)യുടെ ഭാര്യമാരോടുള്ള പെരുമാറ്റത്തില്‍ അനുവര്‍ത്തിക്കേണ്ട ചില മര്യാദകളെ അല്ലാഹു പഠിപ്പിക്കുന്നുണ്ട്. അവരോട് വല്ല വസ്തുവും നിങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മറയുടെ പിന്നില്‍ നിന്ന് ചോദിക്കുക. അത് നിങ്ങളുടെയും അവരുടെയും ഹൃദയവിശുദ്ധിക്ക് ഏറ്റവും നല്ലതാണ് (33:53). പ്രവാചകപത്‌നിമാര്‍ എന്ന നിലയ്ക്കുള്ള സ്ഥാനം പ്രത്യേകം കണക്കിലെടുത്ത് ഈ വിഷയത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടവരായതിനാല്‍ അല്ലാഹു സഗൗരവം ഉണര്‍ത്തുന്നു: 'പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ മറ്റാരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ അന്യോന്യം അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കാം. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞുകൊള്ളുക(33:32). നബിയുടെ വീടുകളില്‍ മാത്രമല്ല, മുസ്‌ലിംകള്‍ പൊതുവില്‍ അന്യപുരുഷനും സ്ത്രീയും തമ്മില്‍ അസുഖകരമായ സഹവാസം ഇല്ലാതിരിക്കാന്‍ ആചരിക്കേണ്ടതായ നിയമങ്ങള്‍ തന്നെയാണിത്.

കണ്ണ് മനസ്സിന്റെ താക്കോലാണ്. നോട്ടം കുഴപ്പത്തിന്റെ ദൂതനും വ്യഭിചാരത്തിന്റെ സന്ദേശവാഹകനുമാണ്. അതിനാല്‍ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കാനും അല്ലാഹു കല്പിക്കുന്നു. ''സത്യവിശ്വാസിനികളോടും അവരുടെ കണ്ണുകള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായ മാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭാര്യാ പിതാക്കള്‍, അവരുടെ പുത്രന്മാര്‍, അവരുടെ ഭര്‍തൃപുത്രന്മാര്‍, അവരുടെ സഹോദരന്മാര്‍, അവരുടെ സഹോദരപുത്രന്മാര്‍, അവരുടെ സഹോദരീ പുത്രന്മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍(അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചുവയ്ക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്''(24:31). നബി(സ്വ) സ്വാഭാവികതകളെ അംഗീകരിക്കുകയും തെറ്റിലേക്ക് നീങ്ങാവുന്ന ബോധപൂര്‍വമുള്ള പ്രവര്‍ത്തനങ്ങളെ വിലക്കുകയും ചെയ്യുന്നു: 'അലിയേ, താങ്കള്‍ ഒന്നുനോക്കിയാല്‍ രണ്ടാമതും അത് ആവര്‍ത്തിക്കരുത്. ഒന്നാമത്തേത് മാത്രം താങ്കള്‍ക്ക് അനുവദനീയമാണ്. അടുത്തത് അരുതാത്തതും. (അഹ്മദ്, അബീദാവൂദ്, തിര്‍മിദി)


 

Feedback
  • Friday May 17, 2024
  • Dhu al-Qada 9 1445