Skip to main content

ഇസ്‌ലാമിക രാഷ്ട്രം (7)

 
'ഇസ്‌ലാമിക രാജ്യങ്ങള്‍' എന്ന ഒരു സംജ്ഞ പൊതുവെ ഉപയോഗിക്കപ്പെടാറുണ്ട്. ഇസ്‌ലാം, രാജ്യം എന്നിവ രണ്ടു വ്യത്യസ്ത ആശയങ്ങളാണ്. ഒരു സമൂഹം ഇസ്‌ലാമിക രാഷ്ട്രമായി രൂപപ്പെടുമ്പോള്‍ അവിടെ നടപ്പാക്കേണ്ട രാഷ്ട്രനിയമങ്ങള്‍ കൂടി ഉള്‍കൊള്ളുന്ന മതമാണ് ഇസ്‌ലാം എന്നത് ഇസ്‌ലാമിന്റെ സവിശേഷതകളില്‍ ഒന്നാണ്.

എന്നാല്‍ രാജ്യമെന്നത് മറ്റൊന്നാണ്. 'ചരിത്രപരമായോ സാംസ്‌കാരികമായോ ഐക്യമുള്ള ഒരു ജനത അധിവസിക്കുന്ന പ്രദേശം' എന്ന് രാജ്യത്തെ പൊതുവില്‍ നിര്‍വചിക്കാം. ഒരു ഭരണാധികാരിയുടെ ഭരണത്തിന്‍ കീഴിലുള്ള പ്രദേശം/നാട് എന്നും രാജ്യം നിര്‍വചിക്കപ്പെടാം. Country/State എന്നെല്ലാം വ്യവഹരിക്കപ്പെടുന്നത് ഒരു ഭരണപ്രദേശത്തെയാണ്. എന്നാല്‍ സമാനര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുമെങ്കിലും Nation എന്നത് ഭരണമില്ലെങ്കിലും ഒരു സംസ്‌കാരമുള്ള ജനവിഭാഗത്തെയാണ് സൂചിപ്പിക്കുന്നത്. 

സമൂഹം എന്നതിന്റെ ഉയര്‍ന്ന ഘടകമാണ് രാഷ്ട്രം എന്നു പറയാം. കുടുംബം മുതല്‍ അനേകം ചെറുഘടകങ്ങള്‍ ചേര്‍ന്ന സമൂഹങ്ങളുടെ ഏറ്റവും വലിയ രൂപം. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ സമൂഹത്തിന് ഏറെ പ്രസക്തിയുണ്ട്. 'വ്യക്തിനിഷ്ഠമായ നിയമങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ നല്ലവരായിത്തീരും. ആ വ്യക്തികള്‍ ചേരുന്ന സമൂഹം ഉത്തമരായിരിക്കും. ആ സമൂഹത്തിന് വ്യക്തമായ നേതൃത്വമുണ്ടായിരിക്കുക. നേതാക്കളും നീതരും തമ്മില്‍ നല്ല ബന്ധം നിലനില്ക്കുക'. ഇതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. അതിന്നാവശ്യമായ നിയമങ്ങളും നിര്‍ദേശങ്ങളും ഇസ്‌ലാം ജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. ഇങ്ങനെയുള്ള ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കുകയും ആ സമൂഹം ഒരു രാഷ്ട്രമെന്ന നിലയില്‍ എങ്ങനെ നിലനില്ക്കണമെന്ന് കാണിച്ചു തരികയും ചെയ്തുകൊണ്ടാണ് അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ്വ) വിടപറഞ്ഞത്. 

ഇസ്‌ലാം എന്നത് രാഷ്ട്രമല്ല. രാഷ്ട്ര സംസ്ഥാപനം ഇസ്‌ലാമിന്റെ/പ്രവാചക നിയോഗത്തിന്റെ ലക്ഷ്യവുമല്ല. ഒരു സമൂഹം ഇസ്‌ലാമികമായിത്തീരുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്നതാണ് രാജ്യം. മുഹമ്മദ് നബിയുടെ കാലത്ത് അറേബ്യയോ മറ്റോ ഇന്നത്തെപ്പോലെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ തിരിച്ച രാജ്യമായിരുന്നില്ല. ഗോത്രഭരണവും ഗോത്രമേല്‍ക്കോയ്മയുമായിരുന്നു അന്നത്തെ 'നാഷന്‍' സങ്കല്പം. അത് ഇസ്‌ലാം അംഗീകരിച്ചില്ല. മദീന ആസ്ഥാനമായി ശക്തമായ ഒരു മുസ്‌ലിം സമൂഹം നിലവില്‍ വന്നു. മുസ്‌ലിമേതരരും അവിടെയുണ്ടായിരുന്നു. നബിയുടെ നേതൃത്വം അംഗീകരിച്ചു കൊണ്ട് അവര്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ നിലകൊണ്ടു. ഭരണരംഗത്ത് അനിവാര്യമായ അടിസ്ഥാന മൂല്യങ്ങള്‍ നബി പഠിപ്പിച്ചു. അത് വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും വ്യക്തമാണുതാനും. മക്കയുള്‍പ്പടെ ഹിജാസും അറേബ്യന്‍ ഉപദ്വീപു തന്നെയും ഇസ്‌ലാമിക സമൂഹമായിത്തീര്‍ന്നു.

നബിയുടെ കാലശേഷം ഇസ്‌ലാം ലോകത്ത് വ്യാപിച്ചു. കാലപ്പകര്‍ച്ചയില്‍ രാഷ്ട്രമെന്ന സങ്കല്പത്തില്‍ മാറ്റങ്ങള്‍ വന്നു. ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ വന്നു. രാഷ്ട്രാന്തരീയ ബന്ധങ്ങള്‍ക്ക് പൊതുമാനദണ്ഡങ്ങളുണ്ടായി. ഇരുപതാം നൂറ്റാണ്ടോടു കൂടി ലോകത്തിന്റെ പൊതുകാര്യങ്ങള്‍ ശ്രദ്ധിക്കുമാറ് രാജ്യങ്ങളുടെ അംഗീകാരത്തോടെ ഐക്യരാഷ്ട്രസഭ നിലവില്‍ വന്നു. ഏതൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും ഭരണാധികാരി, പ്രജകള്‍ എന്ന സാമൂഹിക സങ്കല്പത്തിനു മാറ്റമില്ല. അതുകൊണ്ടു തന്നെ ഭരണത്തിനായി ഇസ്‌ലാം നിശ്ചയിച്ച മൂല്യങ്ങള്‍ക്കും മാറ്റമുണ്ടാവേണ്ടതില്ല. അപ്പോള്‍ ഇസ്‌ലാമിക രാജ്യം എന്നതിലുപരി ഇസ്‌ലാമിക രീതിയില്‍ ഭരണം നടത്തുന്ന രാജ്യം എന്ന പ്രയോഗമായിരിക്കും കൂടുതല്‍ ശരി.     

Feedback