Skip to main content

സമ്പത്ത് (7)

മനുഷ്യനുമായി ഇഴപിരിക്കാനാകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന സമ്പത്ത് ഏതു കാലത്തും മുഖ്യചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഈയടുത്ത കാലത്ത് സമ്പത്ത് എന്ന സങ്കല്പത്തില്‍ തന്നെ സാരമായ മാറ്റം വന്നിട്ടുണ്ട്. ഭൂമിക്കുപുറമെ ആകാശവും മനുഷ്യശരീരവും ബുദ്ധിയുമെല്ലാം സ്വത്താവുകയും പാറ്റന്റുകളിലൂടെ സ്വകാര്യമാക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത് സ്വത്തെന്ന പദത്തിന്  ഏറെ അര്‍ഥവ്യാപ്തി കൈവന്നിരിക്കുകയാണ്. ലോകപ്രശസ്തരായ നൂറുകണക്കിന് സാമ്പത്തികവിദഗ്ധരും മഹാമനീഷികളും ചര്‍ച്ചചെയ്തിട്ടും സമ്പത്തിന് സമഗ്രമായ ഒരു നിര്‍വചനം പോലും ഇപ്പോഴും സാധ്യമായില്ലെന്നതും യാഥാര്‍ഥ്യമാണ്. മനുഷ്യന് പ്രയോജനപ്പെടുത്താവുന്നതെല്ലാം സമ്പത്താണ് എന്ന് നിരീക്ഷിച്ചാല്‍ മനുഷ്യനടക്കം ഈ പ്രപഞ്ചത്തില്‍ ഇന്ന് മനുഷ്യന് എത്തിപ്പിടിക്കാന്‍ കഴിഞ്ഞതും ഭാവിയില്‍ ലഭിക്കാവുന്നതുമായ എല്ലാം സമ്പത്താണെന്നു പറയാം.  ഒരു വസ്തു മനുഷ്യന് പ്രയോജനമുള്ളതാണോ അല്ലേ എന്ന് എങ്ങനെ തിട്ടപ്പെടുത്താമെന്നത് ഭൗതിക സാമ്പത്തികശാസ്ത്രത്തിന് കൃത്യമായി ഉത്തരമില്ലാത്ത പ്രഹേളികയാണെന്നത് ഈ നിര്‍വചനത്തിന്റെ ന്യൂനതയാണ്. ഒരു സമൂഹം വാരിക്കൂട്ടുന്ന സമ്പത്ത് മറ്റൊരു സമൂഹം വലിച്ചെറിയുന്ന വിപത്താകാം. തിരിച്ചും സംഭവിക്കാം. ഇനി പ്രയോജനം തന്നെ രചനാത്മകവും നിഷേധാത്മകവുമായി മാറുന്ന സാഹചര്യത്തില്‍ അതിനെ സമ്പത്തായി ഗണിക്കാന്‍ പറ്റുമോ എന്ന തര്‍ക്കവും ഈ നിര്‍വചനത്തെ അപൂര്‍ണമാക്കുന്നുണ്ട്. അതാതുകാലങ്ങളിലെ മനുഷ്യ സമൂഹത്തിന് നലനില്‍ക്കാനും സ്വയം വളരാനും ഭാവി തലമുറയ്ക്കുവേണ്ടി കരുതിവെയ്ക്കാനും അനുഗുണമായത് എന്ന നിര്‍വചനം ഭൗതികമായി ഏകദേശം അനുയോജ്യമാണെന്നു പറയാം.

നിര്‍വചനത്തിനുപോലും പിടിതരാത്തവിധം ഉത്തരോത്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പത്തിനെയും സാമ്പത്തിക കാര്യങ്ങളെയും മനുഷ്യബുദ്ധികൊണ്ടുമാത്രം നിര്‍വചിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല. ഇവിടെയാണ് ഭൗതിക വിഭവത്തെക്കുറിച്ച് ദൈവിക മാര്‍ഗദര്‍ശനം അനിവാര്യമാകുന്നത്. ഈ പ്രപഞ്ചത്തില്‍ മനുഷ്യന്ന് ഉപകാരപ്രദമായും ആവശ്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് സ്വതന്ത്രമായി കൈകാര്യം ചെയ്യാവുന്നതുമായ എല്ലാം വിഭവമാണെന്നും അവയുടെ വിനിയോഗം ദൈവിക നിര്‍ദേശപ്രകാരമായാല്‍ ഏതുകാലത്തും ഏതു സമൂഹത്തിലും ക്രിയാത്മക പ്രയോജനം നല്കുന്ന സമ്പത്താകുമെന്നുമാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ''ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്റെ വകയായി അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്''(45:13).  

ഭൂമിയിലേക്ക് ആദ്യമനുഷ്യനെ അയക്കുമ്പോള്‍ അല്ലാഹു പറയുന്നത് ഒരവധിവരെ മനുഷ്യര്‍ക്കതില്‍ വിഭവമുണ്ടെന്നാണ് (2:36). സമ്പത്ത്  ഭൗതികജീവിതത്തിന്റെ നിലനില്പാണ് (4:5) എന്നും അത് മനുഷ്യന്റെ ഈ ഭൂമിയിലെ ജീവിതത്തിന് അലങ്കാരമായും (18:46) പരീക്ഷണമായും (8:28) ദൈവം നല്കിയ സഹായമാണ് (17:6) എന്നുമാണ് വിശുദ്ധഖുര്‍ആനിലൂടെ പ്രപഞ്ചസ്രഷ്ടാവിന്റെ വിശദീകരണം.

മനുഷ്യനെ ജീവിക്കാന്‍ പ്രാപ്തമാക്കുന്നതും ജീവിതം പ്രിയപ്പെട്ടതാക്കുന്നതും അവന്റെ ജീവിതം നശിപ്പിക്കുന്നതുമായ വൈരുധ്യങ്ങളുടെ സമ്മേളനമാണ് സമ്പത്ത്. തനിക്ക് ജീവിക്കാന്‍ അനിവാര്യമായ സമ്പത്തിനെ തന്റെ അടിമയാക്കാനാണ് എല്ലാ കാലത്തും മനുഷ്യന്‍ ശ്രമിച്ചത്. പിന്നീടത് ജീവിക്കാനുള്ളത് എന്നതില്‍ നിന്ന് ജീവിതം സുഖലോലുപമാക്കാന്‍ എന്നും ഭാവിയിലേക്ക് നിക്ഷേപിച്ചുവെക്കാന്‍ എന്നുമുള്ള ആര്‍ത്തികളിലേക്ക് നീങ്ങി. അത് ഫലത്തില്‍ മനുഷ്യരില്‍ ഭൂരിപക്ഷവും സമ്പത്തിന്റെ അടിമകളാവുകയാണുണ്ടായത്. അത് അവരുടെ നാശത്തിലേക്കുള്ള പതനമായതാണ് മനുഷ്യചരിത്രം. ''ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്‍മാര്‍ക്ക് നാം ആജ്ഞകള്‍ നല്‍കും. എന്നാല്‍ (അത് വകവെക്കാതെ) അവര്‍ അവിടെ താന്തോന്നിത്തം നടത്തും. (ശിക്ഷയെപ്പറ്റിയുള്ള) വാക്ക് അങ്ങനെ അതിന്റെ (രാജ്യത്തിന്റെ) കാര്യത്തില്‍ സ്ഥിരപ്പെടുകയും, നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്''(17:16).

മനുഷ്യചരിത്രത്തില്‍ സമൂഹങ്ങളുടെയും സംസ്‌കാരങ്ങളുടെയും തിരോഭാവങ്ങളും  നാശങ്ങളും പഠനവിധേയമാക്കിയാല്‍ വിഭവദാരിദ്ര്യമല്ല അതിനു കാരണമായതെന്ന് വ്യക്തമാകും. അമിതവിഭവ സമാഹരണത്തിനും ദുര്‍വിനിയോഗത്തിനുമുള്ള ശ്രമങ്ങളാണ് അവര്‍ക്ക് ദുരന്തമായി ഭവിച്ചത്.

ജീവിത വിഭവങ്ങളുടെ സമ്പാദനം, സംരക്ഷണം, സൂക്ഷിപ്പ്, വിനിമയം തുടങ്ങിയ എല്ലാ മേഖലകളിലും കണിശമായ നിയമങ്ങള്‍ ഇസ്‌ലാമിലുണ്ട്. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നീ ആരാധനാ കര്‍മങ്ങള്‍ പ്രവാചക മാതൃകയനുസരിച്ചേ നിര്‍വഹിക്കാന്‍ മുസ്‌ലിമിനു പാടുള്ളൂ. എന്നാല്‍ അനുഷ്ഠാന കര്‍മങ്ങളെപ്പോലെ നിയതമായ രൂപങ്ങളല്ല സാമ്പത്തിക രംഗത്തുള്ളത്. കാരണം സമ്പത്തിന്റെ സ്വഭാവവും ഘടനയും മൂല്യവുമെല്ലാം കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. അപ്പോള്‍ കാലത്തെ അതിജയിക്കുന്ന മൂല്യങ്ങളാണ് സാമ്പത്തിക വിനിമയ രംഗത്ത് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. അനുഷ്ഠാനങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നതു പോലെ സാമ്പത്തിക രംഗത്തെ അടിസ്ഥാന മൂല്യങ്ങള്‍ പാലിക്കുമ്പോള്‍ മാത്രമേ ഇസ്‌ലാമിക ജീവിതം പൂര്‍ണതയിലെത്തുകയുള്ളൂ. 

നബിയുടെ ഒരു വചനം വിശ്വാസിയുടെ ഈ രംഗത്തെ നിലപാടും നയവും എന്തായിരിക്കണമെന്ന് വ്യക്തമാക്കുന്നു. ''സമ്പത്ത് എവിടെ നിന്നു കിട്ടി, ഏതു വഴിക്കു ചിലവഴിച്ചു എന്ന് ചോദ്യം ചെയ്യപ്പെടാതെ ഒരാള്‍ക്കും പരലോകത്ത് ഒരടി മുന്നോട്ടു നീങ്ങാന്‍ കഴിയില്ല''. വിശ്വാസവുമായിട്ടാണ് ഇത് ബന്ധപ്പെടുത്തപ്പെട്ടത് എന്നര്‍ഥം.

Feedback
  • Sunday Jul 21, 2024
  • Muharram 14 1446