Skip to main content
DFDF

ലഹരി പദാര്‍ഥങ്ങള്‍ (2)

മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായതും സാമൂഹികവും കുടുംബപരവും സാമ്പത്തികവും ആയ തലങ്ങളില്‍ വിനാശങ്ങള്‍ വിതയ്ക്കുന്നതുമായ എല്ലാവിധത്തിലുള്ള ഭക്ഷണ പാനീയങ്ങളും ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട ഭക്ഷണപാനീയങ്ങള്‍ തന്നെ വിശിഷ്ട (ത്വയ്യിബ്) മായിരിക്കണമെന്ന് മതം നിഷ്‌കര്‍ഷിക്കുകയും ചെയ്തു. ലഹരി വരാനിടയാക്കുന്ന രൂപത്തില്‍ പഴങ്ങള്‍ കൂട്ടികലര്‍ത്തരുതെന്ന് റസൂല്‍(സ്വ) ഉണര്‍ത്തുകയുണ്ടായി. ജാബിര്‍ബ്‌നു അബ്ദുല്ല(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. മുന്തിരിയും ഈത്തപ്പഴവും, പച്ചക്കാരക്കയും ഉണക്കക്കാരക്കയും കൂട്ടിച്ചേര്‍ക്കുന്നത് നബി(സ്വ) നിരോധിച്ചു (ബുഖാരി). ഉപരിസൂചിത ഹദീസില്‍ പ്രസ്താവിച്ച വ്യത്യസ്ത വിഭവങ്ങള്‍ ചേരുന്നത് ലഹരിയുണ്ടാവാനുള്ള സാധ്യത കൂട്ടുന്നു. 

ഒരിക്കല്‍ ലഹരിബാധിതനായി നബി(സ്വ)യുടെ അടുക്കല്‍ കൊണ്ടുവന്ന വ്യക്തിയോട് അവന്‍ കുടിച്ചതിനെക്കുറിച്ച് ചോദിച്ചു. അയാള്‍ മുന്തിരിയും കാരക്കയും ചേര്‍ത്തുണ്ടാക്കിയ പഴച്ചാറാണ് കുടിച്ചതെന്ന് പറഞ്ഞു. അപ്പോള്‍ നബി(സ്വ) അവ രണ്ടും കൂട്ടിച്ചേര്‍ക്കരുതെന്ന് നിര്‍ദേശിച്ചു (ഇബ്‌നു അബീശയ്ബ, അഹ്മദ്, നസാഈ). ലഹരിപദാര്‍ഥങ്ങളെയെല്ലാം ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. അനുവദിക്കപ്പെട്ട പഴവര്‍ഗങ്ങളും മറ്റും കൂട്ടിക്കലര്‍ത്തി പാനീയമുണ്ടാക്കുന്ന സന്ദര്‍ഭത്തിലും ലഹരിക്ക് കാരണമായിത്തീരുന്ന സാഹചര്യമുണ്ടായാല്‍ അത് നിഷിദ്ധമാണെന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നു. ലഹരിക്ക് കാരണമാവാത്ത രൂപത്തില്‍ രുചിയുള്ളതും ആരോഗ്യരക്ഷക്ക് ഉതകുന്നതുമായ പാനീയങ്ങള്‍ ഉപയോഗിക്കുന്നതും ഉണ്ടാക്കുന്നതും വിലക്കപ്പെട്ടിട്ടില്ല.

ലഹരിയുടെ ശക്തിയുണ്ടാകുന്നതെല്ലാം മദ്യം എന്ന ഗണത്തിലാണുള്‍പ്പെടുന്നത്. ഏത് ബ്രാന്‍ഡില്‍, ഏത് ഉല്പന്നമായി ഉപയോഗിക്കപ്പെടുകയാണെങ്കിലും അവ നിഷിദ്ധങ്ങളാണ്. ഗോതമ്പ്, തേന്‍, ചോളം തുടങ്ങിവയില്‍ നിന്നുണ്ടാക്കുന്ന വീര്യമുള്ള മദ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രവാചകന്റെ മറുപടി വളരെ സമഗ്രമായിട്ടായിരുന്നു. ''അവിടുന്ന് പറഞ്ഞു: ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്. മദ്യമെല്ലാം ലഹരിയും (അത്തംഹീദ് 1/253) മദ്യം ഉണ്ടാക്കാനുപയോഗിക്കുന്ന പദാര്‍ഥങ്ങളിലേക്കല്ല, അത് സൃഷ്ടിക്കുന്ന ഫലങ്ങളിലേക്കാണ് ഇസ്‌ലാം നോക്കുന്നത് എന്ന് ചുരുക്കം. 

യമന്‍ നിവാസികള്‍ തേന്‍ ചേര്‍ത്ത മധുര പാനീയം കഴിച്ചതിനെക്കുറിച്ച് നബി(സ്വ)യോട് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ്വ) പറഞ്ഞു. ''ലഹരിയുണ്ടാക്കുന്ന സര്‍വ പാനീയവും നിഷിദ്ധമാണ്'' (മജ്മഉ സവാഇദ-5/59).

Feedback
  • Thursday Sep 18, 2025
  • Rabia al-Awwal 25 1447