Skip to main content

പുരുഷന്മാരുടെ വസ്ത്രം

നിര്‍ബന്ധമായും മറച്ചിരിക്കേണ്ടത് ഗോപ്യ ഭാഗങ്ങള്‍ (ഔറത്ത്) ആണെന്ന കാര്യത്തില്‍ സന്ദേഹമില്ല. എന്നാല്‍ ഔറത്ത് എന്നതില്‍ ഏതു ഭാഗങ്ങളൊക്കെ ഉള്‍പ്പെടുമെന്ന് നോക്കാം. പുരുഷന്മാര്‍ കാല്‍മുട്ടിനും നാഭിക്കുഴിക്കുമിടയിലുള്ള ഭാഗം നിര്‍ബന്ധമായും മറച്ചിരിക്കണം എന്ന കാര്യം മുസ്‌ലിം ലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ്ബ്‌നു ജഹ്ശ് പറയുന്നു: ''റസൂല്‍ (സ്വ) മഅ്മറിന്റെ അടുത്തുകൂടെ കടന്നുപോയപ്പോള്‍ അദ്ദേഹത്തിന്റെ രണ്ടു തുടയും തുറന്നിട്ടിരിക്കുന്നു. 'ഓ, മഅ്മര്‍, നിന്റെ രണ്ടുതുടയും മൂടുക. കാരണം രണ്ടു തുടയും ഗോപ്യസ്ഥലമാണ്' എന്ന് അപ്പോള്‍ നബി(സ്വ) പറയുകയുണ്ടായി.''

ജര്‍ഹദുല്‍ അസ്‌ലമി(റ) പറയുന്നു: റസൂല്‍ (സ്വ) നടന്നു വരുമ്പോള്‍ ഞാന്‍ ഒരു വരയുള്ള വസ്ത്രം ധരിച്ചിരിക്കുകയായിരുന്നു. എന്റെ തുട തുറന്നു കിടന്നിരുന്നു. 'നിന്റെ തുട നീ മൂടിവെയ്ക്കുക. കാരണം തുട ഗോപ്യസ്ഥാനമാണ് എന്ന് നബി(സ്വ) അപ്പോള്‍ പറഞ്ഞു. 

പുരുഷന്മാരുടെ തുടകള്‍ നമസ്‌കാരത്തിലല്ലാതെയും നിര്‍ബന്ധമായും മറച്ചിരിക്കേണ്ട ഗോപ്യസ്ഥാനം (ഔറത്ത്) ആണോ എന്ന കാര്യത്തില്‍ ഭിന്ന വീക്ഷണങ്ങളുണ്ട്. അനസി(റ)ല്‍ നിന്ന് ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഖൈബര്‍ ദിവസം നബി(സ്വ)യുടെ വസ്ത്രം തുടയില്‍ നിന്നു നീങ്ങിപ്പോയിരുന്നു എന്നു കാണാം. നിവേദക പരമ്പരയുടെ പ്രാബല്യത്തില്‍ ഈ ഹദീസ് സ്വഹീഹ് (അംഗീകരിക്കാവുന്നത്) തന്നെയാണ്. ഏതായാലും സൂക്ഷ്മതക്ക് നല്ലത് തുട മറച്ചുവയ്ക്കല്‍ തന്നെയാണ്. 

പുരുഷന്മാര്‍ നിര്‍ബന്ധമായും മറച്ചിരിക്കേണ്ട ഔറത്തിനെപ്പറ്റിയാണ് നേരത്തെ പറഞ്ഞത്. എന്നാല്‍ ഒറ്റവസ്ത്രത്തില്‍ നമസ്‌കരിക്കുകയാണെങ്കില്‍ പിരടിയില്‍ എന്തെങ്കിലും ഉണ്ടായിരിക്കല്‍ നല്ലതാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന ്‌റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു: ''നിങ്ങളിലാരും ഒറ്റ വസ്ത്രത്തില്‍ നമസ്‌കരിക്കരുത്; അതില്‍ നിന്ന് ഒരു ഭാഗം പിരടിയില്‍ ഇല്ലാത്ത നിലക്ക്'' (ബുഖാരി, മുസ്‌ലിം).

നബി(സ്വ) അരുളിയതായി ജാബിര്‍(റ) പ്രസ്താവിക്കുന്നു. നീ ഒറ്റ വസ്ത്രത്തില്‍ നമസ്‌കരിക്കുമ്പോള്‍ അതു വിശാലമെങ്കില്‍ (പിരടിയിലൂടെ) ചുറ്റണം. അതു ചെറുതാണെങ്കില്‍ അരയുടുപ്പാക്കുകയും വേണം (ബുഖാരി, മുസ്‌ലിം). നബി(സ്വ) ഒറ്റ വസ്ത്രത്തില്‍ അതു പിരടിയിലൂടെ ചുറ്റിയ നിലയില്‍ നമസ്‌കരിച്ചു എന്നും ജാബിര്‍(റ)ല്‍ നിന്ന് നിവേദനംചെയ്യപ്പെടുന്നു.

മേല്പറഞ്ഞ ഹദീസുകളില്‍ നിന്നും ഔറത്ത് മറയ്ക്കുന്നതിനു പുറമെ പിരടിയില്‍ എന്തെങ്കിലും വസ്ത്രം ഉണ്ടാകുന്നത് ആവശ്യമാണെന്ന് മനസ്സിലാക്കാം. എന്നാല്‍ ഒരു വസ്ത്രമേ ഉള്ളൂവെങ്കില്‍ അരയുടുപ്പായി ധരിക്കാം. അബൂഹുറയ്‌റ(റ)യില്‍ നിന്നുദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം. ഒറ്റ വസ്ത്രത്തില്‍ നമസ്‌കരിക്കാമോ എന്നുചോദിച്ച ആളോട് നബി(സ്വ) പറഞ്ഞു: നിങ്ങളില്‍ എല്ലാവര്‍ക്കും രണ്ടു വസ്ത്രം ഉണ്ടോ?'' (മുസ്‌ലിം). ഉണ്ടെങ്കില്‍ രണ്ടാംമുണ്ട് പോലെ തോളില്‍ എന്തെങ്കിലും ഉണ്ടായിരിക്കണം.


തല മറയ്ക്കല്‍
ഔറത്ത് മറയ്ക്കുകയും പിരടിയില്‍ വസ്ത്രത്തലപ്പെങ്കിലും ഉണ്ടായിരിക്കുകയും വേണം. എന്നാല്‍ തലയില്‍ എന്തെങ്കിലും വസ്ത്രമില്ലാതെ നമസ്‌കരിക്കരുത് എന്ന് പ്രവാചകന്‍(സ്വ) പറഞ്ഞിട്ടില്ല. തല തുറന്നിട്ട് നമസ്‌കരിക്കുന്നത് ഭക്തിക്കുറവാണെന്നോ തീരെ തെറ്റായ നടപടിയാണെന്നോ ഉള്ള ധാരണ പൊതുവേ കണ്ടുവരുന്നു. തലയില്‍ വസ്ത്രമില്ലാതെ നമസ്‌കരിക്കുന്നവരെ അവജ്ഞയോടെ കാണുന്നവരും ഉണ്ട്. ആ ധാരണ ശരിയല്ല. നമസ്‌കാരത്തില്‍ തലമറയ്ക്കുന്നത് പ്രത്യേകം പുണ്യകരമായ കാര്യവുമല്ല.

മുഹമ്മദുബ്‌നുല്‍ മുന്‍കദിര്‍(റ) പറയുന്നു: ''ഞാന്‍ ജാബിറുബ്‌നു അബ്ദില്ല(റ)യുടെ അടുക്കല്‍ ചെന്നപ്പോള്‍ അദ്ദേഹം ഒറ്റവസ്ത്രം പുതച്ചുകൊണ്ട് നമസ്‌കരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാംമുണ്ട് (അവിടെ) വച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം നമസ്‌കാരത്തില്‍നിന്നു വിരമിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. അബൂഅബ്ദില്ലാ, താങ്കള്‍ രണ്ടാം മുണ്ട് (ഇവിടെ) വച്ചിട്ട് നമസ്‌കരിക്കുകയാണോ? അദ്ദേഹം പറഞ്ഞു: അതെ, നിങ്ങളെപ്പോലുള്ള വിവരമില്ലാത്തവര്‍ ഞാന്‍ ചെയ്യുന്നത് കാണാന്‍ വേണ്ടിയാണിത്. നബി(സ്വ) ഇങ്ങനെ നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്''(ബുഖാരി).

നബി(സ്വ) തലയില്‍ വസ്ത്രം അണിയാറുണ്ടായിരുന്നുവെന്നത് നേരാണ്. എന്നാല്‍ നമസ്‌കാരത്തിന്റെ പൂര്‍ണതയ്ക്ക് അതാവശ്യമാണ് എന്നതിന് യാതൊരു തെളിവുമില്ല. തലപ്പാവിന്റെ മഹത്വത്തെപ്പറ്റി പറയുന്ന ഹദീസുകളൊന്നും പ്രാമാണികതലമുള്ളതല്ല.
 

Feedback
  • Thursday Dec 18, 2025
  • Jumada ath-Thaniya 27 1447