Skip to main content

ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ (1)

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നൂറ്റാണ്ടുകളായി രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. ചെറിയ നാട്ടുരാജ്യങ്ങളായി നിലനിന്നിരുന്ന ഉപഭൂഖണ്ഡം മധ്യേഷ്യയില്‍ നിന്നുള്ള വിദേശികള്‍ കടന്നുവന്നതോടെ ഭരണം അവരുടെ കൈകളിലമര്‍ന്നു. വിവിധ വംശ ഭരണാധികാരികള്‍ ഈ രാജ്യം ഭരിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പേരില്‍ കടന്നു വന്ന ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ ഭരണം കൈവശപ്പെടുത്തി. ഒരു നൂറ്റാണ്ടിലേറെ അവരുടെ ആധിപത്യത്തില്‍ കഴിഞ്ഞുകൂടിയ ഇന്ത്യക്കാര്‍ക്ക് സ്വത്വബോധം ഉണ്ടായതും വിദേശഭരണത്തില്‍ നിന്നും മുക്തമാകണമെന്ന കാഴ്ച്ചപ്പാടുണ്ടായതും മുതലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നത്. ബ്രിട്ടീഷുകാരനായ എ.ഒ. ഹ്യൂം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന ഒരു പ്രസ്ഥാനം രൂപീകരിക്കുകയുണ്ടായി. പിന്നീട് ഇന്ത്യക്കാരുടെ രാഷ്ട്രീയ മുഖമായിത്തീര്‍ന്ന ഈ കോണ്‍ഗ്രസിന്റെ കീഴിലാണ് സ്വതന്ത്ര ഇന്ത്യ എന്ന ബോധവും അതിനോടനുബന്ധിച്ച് സ്വാതന്ത്ര്യവാഞ്ഛയും ഉണ്ടാവുന്നത്. 

ഒരു നൂറ്റാണ്ടു കാലം നീണ്ടുനിന്ന സ്വാതന്ത്ര്യസമരത്തിനിടയില്‍ കോണ്‍ഗ്രസിനകത്തെ ചില പ്രശ്‌നങ്ങളാണ് സര്‍വേന്ത്യാ മുസ്‌ലിം ലീഗ് എന്ന ഒരു പാര്‍ട്ടി രൂപീകരണത്തിന് കാരണമായത്. ബ്രിട്ടീഷുകാരുടെ ചില രാഷ്ട്രീയ നയങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ ബ്രിട്ടീഷ് വിരുദ്ധ ഖിലാഫത്ത് പ്രസ്ഥാനവും ഉടലെടുത്തു. ഈ മൂന്നു പ്രസ്ഥാനങ്ങളും ഒന്നിച്ചായിരുന്നു സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത് എന്നത് ശ്രദ്ധേയമാണ്. ഖിലാഫത്ത് പ്രസ്ഥാനവും മുസ്‌ലിംലീഗും മുസ്‌ലിംകള്‍ക്കിടയില്‍ നിന്നുണ്ടായതാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലും മുസ്‌ലിംകള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 

സ്വതന്ത്ര ഇന്ത്യയില്‍ പ്രഭാവമുള്ള ഏക രാഷ്ട്രീയ വിഭാഗം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ആയിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ പല സന്ദര്‍ഭങ്ങളിലായി മറ്റുപല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉടലെടുത്തു. വര്‍ത്തമാന കാലത്ത് ഇന്ത്യയില്‍ എത്ര പാര്‍ട്ടികളുണ്ട് എന്ന് പോലും നിര്‍ണയിക്കാന്‍ പ്രയാസമാണ്. മിക്ക പാര്‍ട്ടികളിലും മുസ്‌ലിംകള്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അടക്കം വിവിധ പേരുകളില്‍ മുസ്‌ലിംകള്‍ക്ക് പ്രഭാവമുള്ള പല പാര്‍ട്ടികളും ഉണ്ട്. മതനിരപേക്ഷതയില്‍ നിന്നുകൊണ്ടും ജനാധിപത്യത്തിന്റെ സൗകര്യം ഉപയോഗിച്ചുകൊണ്ടും അവയെല്ലാം പ്രവര്‍ത്തിക്കുന്നു. 

Feedback