Skip to main content

റബീഅത്തുബ്‌നു ഫര്‍റൂഖ് (1-2)

27 വര്‍ഷം മുമ്പ് മുസ്്‌ലിം സൈന്യത്തിന്റെ കൂടെ ഖുറാസാനിലേക്ക് പോയ ഫര്‍റൂഖ് ഒരിക്കല്‍ തന്റെ ഭാര്യയെ സ്വപ്‌നം കണ്ടു.  20,000 ദീനാര്‍ നല്‍കി അവളെ തനിച്ചാക്കി യുദ്ധക്കളത്തിലേക്ക് വന്നതാണയാള്‍.  അന്ന് തന്റെ ഭാര്യയുടെ ഉദരത്തില്‍ ഒരു ഭ്രൂണം വളരുന്നുണ്ടെന്ന സത്യം അയാള്‍ അറിഞ്ഞിരുന്നില്ല.

ഒടുവില്‍ ഫര്‍റൂഖ് സൈന്യത്തലവനോട് കാര്യം പറഞ്ഞു.  നാട്ടിലേക്കുള്ള മടക്കത്തിന് അനുമതി കിട്ടി.  വൈകാതെ ഫര്‍റൂഖ് മദീനയണഞ്ഞു.  മസ്്ജിദുന്നബവിയില്‍ വെച്ച് സുബ്്ഹ് നമസ്‌കരിച്ചു.  നമസ്‌കാര ശേഷം വീട്ടിലേക്ക് പോകാനായി എഴുന്നേറ്റ അദ്ദേഹം പള്ളിയില്‍ ഒരാള്‍ക്കൂട്ടത്തെ  കണ്ടു. ഒരു വലിയ സദസ്സ്. അവരുടെ മുന്നില്‍ ഒരു യുവാവായ ശൈഖ്.  അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ദാഹിച്ചിരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ ഒരാളായി ഫര്‍റൂഖും ഇരുന്നു.  യുവാവായ ശൈഖിന്റെ ക്ലാസ്സ് വിസ്മയമായപ്പോള്‍ ഫര്‍റൂഖ് അടുത്തിരിക്കുന്ന ആളോട് സംശയമുന്നയിച്ചു.

'ഏതാണ് ഈ പണ്ഡിതന്‍? എന്താണിദ്ദേഹത്തിന്റെ പേര്?''

“ഇദ്ദേഹത്തെ അറിയില്ലെന്നോ? താങ്കള്‍ ഇവിടത്തുകാരനല്ല അല്ലേ? മദീനയിലെ പണ്ഡിതരില്‍ പ്രമുഖനായ റബീഅയാണിദ്ദേഹം.  ഇദ്ദേഹത്തെ അറിയാത്തവരുണ്ടാവില്ല.'' അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ ഫര്‍റൂഖിനും അദ്്ഭുതം.

'റബീഅത്തുര്‍റഅ്‌യ് എന്ന മഹാപണ്ഡിതന്‍ ഇദ്ദേഹമാണോ?'

'അതേ'' ഇദ്ദേഹം തന്നെയാണ്, മദീനക്കാരുടെ ഐശ്വര്യമായ റബീഅ' - അയാള്‍ ഫര്‍റൂഖിന്റെ സംശയം തീര്‍ത്തു.

ഫര്‍റൂഖ് പിന്നീടറിഞ്ഞു, മദീനക്കാരുടെ വിജ്ഞാനദാഹം തീര്‍ത്തുകൊണ്ടിരുന്ന റബീഅത്തുര്‍റഅ്‌യ് തന്റെ സ്വന്തം മകനാണെന്ന്.  താന്‍ നാട്‌വിടുമ്പോള്‍ തന്റെ ഭാര്യയുടെ ഉദരത്തില്‍ ഉയിരെടുത്തവന്‍. തന്റെ ഭാര്യയുടെ പ്രവര്‍ത്തനവും പ്രാര്‍ഥനയുമാണ് അവനെ മഹാ പണ്ഡിതനാക്കിയതെന്ന്. എന്നാല്‍ തിരിച്ചറിഞ്ഞ ശേഷം ഫര്‍റൂഖിന് തന്റെ മകനെ പിന്നീട് നേരില്‍ കാണാനായില്ല.

 

Feedback