Skip to main content

സഈദുബ്‌നു ജുബൈര്‍ (1-2)

ഹജ്ജാജുബ്‌നു യൂസുഫ് ഇറാഖ് ഭരിക്കുന്ന കാലം, റത്ബീന്‍ എന്ന തുര്‍ക്കി രാജാവിനെ നേരിടാന്‍ തന്റെ സൈന്യാധിപന്‍ അബ്ദുറഹ്മാനുബ്‌നു അസ്അസിനെ ഹജ്ജാജ് നിയോഗിച്ചു. വിജയിയായ ഇബ്‌നു അസ്അസ് പക്ഷേ മടങ്ങുന്നതിനു മുമ്പ് ഹജ്ജാജുമായി പിണങ്ങി. പിന്നീട് യുദ്ധം അവര്‍ തമ്മിലായി. വിജയം മാറിമാറിവന്നു.

ഇതിനിടെ, ജിസ്‌യയില്‍ നിന്ന് ഒഴിവാകാന്‍ അമുസ്‌ലിംകള്‍ കൂട്ടമായി ഇസ്‌ലാമിലേക്ക് വന്നുകൊണ്ടിരുന്നു. നികുതി വരുമാനം കുറഞ്ഞതോടെ ഇത്തരം ആളുകളെ നഗരത്തില്‍ നിന്ന് പുറത്താക്കാന്‍ കൂഫയിലെ ഗവര്‍ണര്‍ക്ക് ഹജ്ജാജ് നിര്‍ദ്ദേശം നല്‍കി. ഇത് കൂഫയിലെ പണ്ഡിതന്‍മാരെ ഹജ്ജാജിനെതിരാക്കി. അവര്‍ ഇബ്‌നു അസ്അസിനെ പിന്തുണച്ച് ഹജ്ജാജിനെ വിമര്‍ശിച്ചു.

എന്നാല്‍ അസ്അസിനുമേല്‍ സമ്പൂര്‍ണ വിജയം നേടിയ ഹജ്ജാജ് പിന്നീട് ചെയ്തത് തനിക്കെതിരെ തിരിഞ്ഞ പണ്ഡിതരെ തെരഞ്ഞുപിടിച്ച് വധിക്കലായിരുന്നു. ബൈഅത്ത് ലംഘിച്ച് ഹജ്ജാജിനെതിരെ നിന്നത് കുഫ്‌റാണെന്ന് സമ്മതിക്കുന്നവരെ മാത്രമാണ് അദ്ദേഹം വെറുതെ വിട്ടിരുന്നത്.

ഇങ്ങനെ ഹജ്ജാജിനെതിരെ നിന്നവരില്‍ ഒരാളായിരുന്നു സഈദുബ്‌നു ജുബൈര്‍. ഒളിവിലായിരുന്ന സഈദിനെ മക്ക ഗവര്‍ണര്‍ ഖാലിദ് പിടികൂടി ഹജ്ജാജിന്റെ മുമ്പാകെ ഹാജരാക്കി. ബൈഅത്ത് ലംഘനം കുഫ്‌റാണെന്ന് സമ്മതിക്കാന്‍ ആ മഹാ പണ്ഡിതന്‍ സന്നദ്ധനായില്ല. ഹജ്ജാജിന്റെ പരിഹാസ ചോദ്യങ്ങള്‍ക്ക് നെഞ്ചുറപ്പോടെ അദ്ദേഹം ഉത്തരം പറഞ്ഞു. ഇളിഭ്യനായ ഹജ്ജാജ് ഒടുവില്‍ സഈദുബ്‌നു ജുബൈറിനെ കൊല്ലാന്‍ ആരാച്ചാര്‍ക്ക് കല്പന നല്‍കി.

ആരാച്ചാരുടെ ഖഡ്ഗം തന്റെ പിരടിയില്‍ വീഴും മുമ്പ് സഈദ് ഒരു നിമിഷം, പ്രാര്‍ഥനാനിരതനായി: ''അല്ലാഹുവേ, എനിക്കുശേഷം മറ്റൊരാളെയും കൊല്ലാന്‍ ഇയാളെ നീ ബാക്കിവെക്കരുതേ.''

അടുത്ത നിമിഷം സഈദിന്റെ ശിരസ്സ് നിലത്ത് വീണുരുണ്ടു. ക്രി. 714 (ഹി. 95)ല്‍ ഒരു നോമ്പ് കാലത്തായിരുന്നു ഈ ശഹാദത്ത്.

ഭക്തനായ തന്റെ അടിമയുടെ മനംനൊന്തുള്ള പ്രാര്‍ഥന അല്ലാഹു കേട്ടു. രണ്ടാഴ്ച പിന്നിടും മുമ്പ് തന്നെ ഹജ്ജാജിന് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി. ശക്തമായ പനിയും ബാധിച്ചു. വൈകാതെ ഹജ്ജാജിനെത്തേടിയും മരണമെത്തി.

 

Feedback