Skip to main content

രാഷ്ട്രീയ വീക്ഷണങ്ങള്‍ (5-7)

ഇസ്‌ലാമിക ഖിലാഫത്ത് രാജാധിപത്യ സ്വഭാവത്തിലേക്ക് തിരിഞ്ഞ അന്തരീക്ഷത്തിലാണ് ഇമാം അബൂഹനീഫ ജനിച്ചത്. ഉമവീ ഖലീഫ അബ്ദുല്‍ മലികിന്റെ ഭരണകാലമായിരുന്നുഅത്. ക്രൂരതയുടെ പര്യായമായിരുന്ന ഹജ്ജാജുബ്‌നു യൂസുഫായിരുന്നു അബൂഹനീഫയുടെ ജനനകാലത്ത് ഇറാഖിലെ ഉമവീ ഗവര്‍ണര്‍. അതിനാല്‍ തന്നെ ഭരണാധികാരികളുടെ ക്രൂരതയ്‌ക്കെതിരെ പ്രതികരിക്കുന്ന പണ്ഡിതന്‍മാര്‍ വളരെ കുറവായിരുന്നു. പ്രതികരണം വമ്പിച്ച പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നറിഞ്ഞിട്ടും അബൂഹനീഫ തന്റെ അഭിപ്രായം തുറന്നു പ്രഖ്യാപിച്ചു. ഖിലാഫത്തിന്റെ സ്വഭാവം വികൃതമാക്കപ്പെട്ട സന്ദര്‍ഭത്തില്‍ അതിന്റെ   ചൈതന്യമെന്തെന്ന് അദ്ദേഹം വ്യക്താക്കി.

ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പ്പത്തില്‍ പരമാധികാരം അല്ലാഹുവിനും അല്ലാഹുവിന്റെ നിയമങ്ങളുടെ പ്രയോക്താവെന്ന അര്‍ഥത്തില്‍ നബിക്കുമാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു. നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഇതര പ്രമാണങ്ങെളയും സ്വീകരിച്ചത് ഈ അടിസ്ഥാനത്തിലായിരുന്നു.

സമൂഹത്തിലെ അഭിപ്രായ സുബദ്ധതയുള്ളവര്‍ കൂടിയാലോചിച്ചാണ് ഖലീഫയെ തെരഞ്ഞെടുക്കേണ്ടത് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഖലീഫ വിവരവും കാര്യബോധവും വിവേകവുമുള്ള മുസ്‌ലിമും പുരുഷനും സ്വതന്ത്രനും ആയിരിക്കണം.

അ്രകമിയും അധര്‍മിയുമായ ഭരണാധികാരിയുടെ ഇമാമത്ത് അസാധുവാണെന്നും അയാള്‍ക്കു കീഴില്‍ ഹജ്ജ്, ജുമുഅ പോലുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതും കോടതികള്‍ പ്രവര്‍ത്തിക്കുന്നതും സാധുവാകയില്ല എന്നീ വാദങ്ങളുമായി ഖവാരിജ്, മുഅ്തസില വിഭാഗങ്ങളായിരുന്നു ഒരു വശത്ത്. നേതൃത്വം എന്ത് സ്വഭാവത്തിലുള്ളതാവട്ടെ ഏതു രീതിയില്‍ നിലവില്‍ വന്നതാവട്ടെ സ്ഥാപിതമായിക്കഴിഞ്ഞാല്‍ പിന്നെ സാധുവും മുസ്‌ലിംകള്‍ അതംഗീകരിക്കാന്‍ ബാധ്യസ്ഥരുമാണെന്ന അഭിപ്രായവുമായി മുര്‍ജിഉകളും. അഹ്‌ലുസ്സന്ന വല്‍ ജമാഅത്തിെല തന്നെ ചില പണ്ഡിതന്‍മാരും ഈ നിലപാട് സ്വകീരിച്ചിരുന്നു. ഈ ആത്യന്തികതകള്‍ക്കിടയില്‍ സന്തുലിതമായ അഭിപ്രായമാണ് അബൂഹനീഫ സ്വീകരിച്ചത്. അബൂഹനീഫയുടെ അഭിപ്രായം മക്കിയും മറ്റും ഉദ്ധരിക്കുന്നു. ''ഭരണാധികാരി പൊതുഖജനാവ് ദുരുപയോഗം ചെയ്യുകയോ ഭരണത്തില്‍ അതിക്രമം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അയാളുടെ നേതൃത്വം അസാധുവാണ്, ഭരണം അനുവദനീയമല്ല''. എന്നാല്‍ അക്രമിയായ നേതൃത്വം     സ്വയം അസാധുവാണെങ്കിലും അതിനുകീഴില്‍ നടത്തപ്പെടുന്ന നമസ്‌കാരം, ഹജ്ജ്, ജുമുഅ, കോടതി വ്യവഹാരങ്ങള്‍ എന്നിവ സാധുവാകും. പക്ഷേ, അക്രമിയായ നേതൃത്വത്തെ    സര്‍വാത്മനാ അംഗീകരിക്കുന്നത് ശരിയല്ല. മര്‍ദകഭരണത്തിനെതിരെ സായുധ സമരം വിജയിക്കുമെന്നുറപ്പുണ്ടെങ്കില്‍ പ്രത്യേകിച്ചും അത് നിര്‍ബന്ധമാണെന്നായിരുന്നു അബൂഹനീഫയുടെ വീക്ഷണം. 

അഹ്കാമുല്‍ ഖുര്‍ആനില്‍ അബൂബക്കര്‍ അല്‍ ജസ്സ്വാസ് ഔസാഈയുടെ ഒരു പ്രസ്താവന ഇങ്ങനെ ഉദ്ധരിക്കുന്നു. ''അബൂഹനീഫ പറയാറുണ്ടായിരുന്നു. നന്‍മ കല്‍പിക്കുന്നതും തിന്‍മ വിലക്കുന്നതും പ്രഥമഘട്ടത്തില്‍ നാവുകൊണ്ടായിരിക്കണം. എന്നിട്ട് നേര്‍വഴിക്ക് വരുന്നില്ലെങ്കില്‍ ആയുധം ഉപയോഗിച്ച് രംഗത്തിറങ്ങേണ്ടത് നിര്‍ബന്ധമാകുന്നു''.

ഹിശാമുബ്‌നു അബ്ദില്‍ മലികിന്റെ ഭരണത്തിനെതിരെ 740ല്‍ (ഹി.122) സൈദുബ്‌നു അലി (ഇമാം ഹുസൈന്റെ പൗത്രനായ മുഹമ്മദുല്‍ ബാഖിറിന്റെ അര്‍ധസഹോദരനാണിദ്ദേഹം) നടത്തിയ വിപ്ലവത്തെ നബിയുടെ ബദ്ര്‍ പടയോട്ടത്തോടാണ് അബൂഹനീഫ ഉപമിച്ചത്. അന്നഫ്‌സുസ്സകിയ്യ എന്ന പേരിലറിയപ്പെടുന്ന മുഹമ്മദുബ്‌നു അബ്ദില്ലയെയും സഹോദരന്‍ ഇബ്‌റാഹീമുബ്‌നു അബ്ദില്ലയെയും മന്‍സ്വൂറിനെതിരെ പിന്തുണക്കുകയും മറ്റുള്ളവരോട് പിന്തുണക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഖിലാഫത്ത് അവകാശം ഖുറൈശികള്‍ക്കാണെന്ന് അബൂഹനീഫ അഭിപ്രായപ്പെട്ടു. എന്നാല്‍ എക്കാലവും ഖുറൈശികള്‍ മാത്രമാണതിനര്‍ഹര്‍ എന്ന അര്‍ഥത്തിലായിരുന്നില്ല അത്. ഇസ്‌ലാമിക രാഷ്ട്രത്തെ അക്കാലത്ത് ഭദ്രമായി നിലനിര്‍ത്താന്‍ അവര്‍ക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. അഹ്‌ലുസ്സന്നത്താണ് കൂടുതല്‍ അര്‍ഹരെന്നാണ് ഖവാരിജികളും മുഅ്തസിലികളും അഭിപ്രായപ്പെട്ടിരുന്നത്. 

 

Feedback
  • Friday Nov 1, 2024
  • Rabia ath-Thani 28 1446