Skip to main content

ശാസ്ത്രജ്ഞര്‍ (8)

മനുഷ്യന് അല്ലാഹു നല്‍കിയ അപാരമായ അനുഗ്രഹമാണ് വിശേഷബുദ്ധിയും ചിന്താശേഷിയും. ഇവയുടെ പ്രവൃദ്ധമായ പ്രയോഗമാണ് ശാസ്ത്രമായി വളര്‍ന്നത്. ഭൗതിക ലോകത്തെ വിഭവങ്ങളും സംവിധാനങ്ങളും ജീവിതായോധനത്തിനായി പ്രയോഗിക്കുകയാണ് ശാസ്ത്രം ചെയ്തത്. മനുഷ്യന്റെ ആശയാവിഷ്‌കരണ ശേഷി അതു മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള വിവരണ പാടവം, അടുത്ത തലമുറയിലേക്ക് മാറ്റിവെയ്ക്കാനാവശ്യമുള്ള ആലേഖന കഴിവ് എന്നിവ ചേര്‍ന്നപ്പോള്‍ വിജ്ഞാന രംഗം പ്രവിശാലമായി. മുന്‍തലമുറ കണ്ടെത്തിയതിന്റെ ചുവടുപിടിച്ച് തുടര്‍ഗവേഷണം, തുടരാവിഷ്‌കരണം, അത് രേഖപ്പെടുത്തുന്നതിലൂടെ അടുത്ത തലമുറയിലേക്ക് പകരല്‍. ഇതാണ് ശാസ്ത്രത്തിന്റെ ഇന്നത്തെ വളര്‍ച്ച വരെ മനുഷ്യനെ എത്തിച്ച പ്രക്രിയ. ഇത് അനുസ്യൂതം തുടരും. ശാസ്ത്രമേഖല വികസിച്ചപ്പോള്‍ അത് പല തലങ്ങളിലേക്കും വ്യാപിച്ചു. അങ്ങനെയാണ് വിവിധ ശാസ്ത്രശാഖകള്‍ ഉണ്ടായത്. ഓരോ മേഖലയിലെയും ചെറുതും വലുതുമായ തത്വങ്ങളുട ആവിഷ്‌കര്‍ത്താക്കളെ ശാസ്ത്രജ്ഞര്‍ എന്നു വിളിക്കുന്നു.


വിശുദ്ധ ഖുര്‍ആന്‍ മതഗ്രന്ഥമാണ്. എന്നാല്‍ ഭൗതിക ലോകത്തേക്ക് കണ്ണോടിക്കാനും മുന്‍തലമുറകളുടെ ജീവിതം പഠിക്കാനും പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ ആഴത്തില്‍ ചിന്തിക്കാനും ഖുര്‍ആന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. സ്രഷ്ടാവിന്റെ മഹത്വം മനസ്സിലാക്കുന്നതോടൊപ്പം ഭൗതിക വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ ശാസ്ത്രജ്ഞരാവാനും മുസ്‌ലിംകള്‍ക്ക് പ്രേരണയായത് ഖുര്‍ആനിന്റെ നിര്‍ദ്ദേശങ്ങളാണ്. അതുകൊണ്ടായിരിക്കാം മുസ്‌ലിം ലോകത്ത് അനേകം ശാസ്ത്രജ്ഞര്‍ ഉടലെടുക്കാന്‍ കാരണം.

Feedback