Skip to main content

ലൈല ബിന്‍ത് അബീ ഹസ്മ(റ)

രഹസ്യപ്രബോധന കാലത്ത് തന്നെ ഇസ്‌ലാമിലെത്തുകയും അബ്‌സീനിയ-മദീന ഹിജ്‌റകളില്‍ പങ്കെടുക്കുകയും ചെയ്ത ത്യാഗിവര്യയാണ് ലൈല ബിന്‍ത് അബീഹസ്മ.

പരസ്യപ്രബോധനം തുടങ്ങിയതോടെ പ്രകോപിതരായ സത്യനിഷേധികള്‍ മുസ്‌ലിംകള്‍ക്കുനേരെ മര്‍ദനമുറകള്‍ അഴിച്ചുവിട്ടു. അത് അസഹ്യമായപ്പോഴാണ് ആദ്യം ഉസ്മാന്റെ(റ) നേതൃത്വത്തിലും പിന്നീട് ജഅ്ഫറി(റ)ന്റെ നേതൃത്വത്തിലും അബ്‌സീനിയ ഹിജ്‌റ നടന്നത്. സംഘത്തിലെ എണ്ണപ്പെട്ട ദമ്പതികളിലൊന്നായിരുന്നു ലൈല(റ)യും ഭര്‍ത്താവ് ആമിറുബ്‌നു റബീഅ(റ)യും.

അവിടെനിന്ന് തിരിച്ചെത്തിയത് മദീനയിലേക്കും. അങ്ങനെ ഇരു ഹിജ്‌റകളിലും ഈ ദമ്പതിമാര്‍ ഭാഗഭാക്കായി. മദീനയിലെത്തിയ ഇവര്‍ക്ക് ഒരേ നമസ്‌കാരത്തില്‍ തന്നെ രണ്ട് ഖിബ്‌ലകളിലേക്ക് തിരിഞ്ഞുനമസ്‌കരിക്കാനുള്ള ഭാഗ്യവും(മസ്ജിദ് ഖിബ്‌ലതൈനിയില്‍) ലഭിച്ചു.

ലൈല(റ)യുടെ കുടുംബത്തിന് തിരുനബിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഒരിക്കല്‍ നബി (സ്വ) അവരുടെ വീട്ടില്‍വന്നു. അല്പനേരം വിശ്രമിക്കുന്നതിനിടെ ലൈല(റ) മകന്‍ അബ്ദുല്ലാഹിബ്‌നു ആമിറിനെ (അവര്‍ ബാലനായിരുന്നു) വിളിച്ചു. വരാന്‍ മടിച്ചുനിന്ന അവനോട് ലൈല(റ) പറഞ്ഞു. 'നിനക്ക് ഒരു സാധനം തരാം.'

ഇതിനിടെ നബി(സ്വ) ചോദിച്ചു. 'അവന് നീ എന്താണ് നല്‍കുക?'

ലൈല(റ) പറഞ്ഞു. 'ഈത്തപ്പഴം.'

ഇതുകേട്ട നബി(സ്വ) മൊഴിഞ്ഞു. 'നല്‍കാമെന്നേറ്റ വസ്തു നീ അവന് നല്‍കിയില്ലെങ്കില്‍ നിന്റെ പേരില്‍ ഒരു കളവ് അല്ലാഹു രേഖപ്പെടുത്തുമായിരുന്നു' (ഇസ്വാബ, ഇബ്‌നുഹജര്‍).

 
 

Feedback
  • Monday Nov 3, 2025
  • Jumada al-Ula 12 1447