Skip to main content

മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍

ഇസ്‌ലാമിലേക്ക് പുതുതായി കടന്നുവന്ന വിശ്വാസികള്‍,  മുസ്‌ലിംകളുമായി സൗഹൃദത്തില്‍ കഴിയുകയും ദാനധര്‍മങ്ങളോ മറ്റോ ലഭിക്കുകവഴി മുസ്‌ലിംകളുമായി കൂടുതല്‍ അടുക്കാനും തദ്വാരാ ഇസ്‌ലാം സ്വീകരിക്കാനും സാധ്യതയുള്ളവര്‍, മുസ്‌ലിംകളുമായി അനുഭാവം പുലര്‍ത്തുകയും ഇസ്ലാമിനെയും മുസ്‌ലിംകളെയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ എന്നിവരെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് മുസ്‌ലിം നേതൃത്വമാണ് എന്നത് സകാത്ത് സംഘടിതമായാണ് ശേഖരിച്ചു വിതരണം നടത്തേണ്ടത് എന്നതിലേക്കുള്ള വ്യക്തമായ സൂചനയാണ്.   

അടിമത്ത മോചനം

മുഹമ്മദ് നബി(സ്വ) യുടെ കാലത്ത് നടപ്പിലുണ്ടായിരുന്ന അടിമത്വ സമ്പ്രദായമനുസരിച്ച് അടിമകളായിരുന്നവര്‍ക്ക് രണ്ട് രീതിയില്‍ അടിമത്വത്തില്‍ നിന്ന്‌ മോചനം ലഭിച്ചിരുന്നു. 

ഒന്ന്: ഒരു അടിമ തന്റെ യജമാനനോട്  ഒരു നിശ്ചിത തുക താന്‍ തരാമെന്നും തന്നെ മോചിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയും യജമാനാനതു അംഗീകരിക്കുകയും അതനുസരിച്ച് ഒരു മോചനകരാര്‍ എഴുതുകയും ചെയ്യുന്നു. ഈ അടിമകള്‍ തങ്ങളുടെ  അധ്വാനത്തിലൂടെയും മറ്റും ആ തുക സമ്പാദിച്ച്  ഉടമക്ക് നല്‍കുകയും അങ്ങനെ മോചിതരാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ മോചനക്കരാറില്‍ ഏര്‍പ്പെടാന്‍ ഖുര്‍ആന്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട് . 
അല്ലാഹു പറയുന്നു: ''നിങ്ങളുടെ വലതു കൈകള്‍ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍) നിന്ന് മോചനക്കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍ പ്പെടുക'' (24:33).   

ധര്‍മിഷ്ഠരായ വ്യക്തികള്‍ പീഡിപ്പിക്കപ്പെടുന്ന അടിമകളെ അവരുടെ യജമാനന്മാരില്‍ നിന്ന് വിലക്ക്‌ വാങ്ങി മോചിപ്പിക്കുക എന്നതാണ് രണ്ടാമത്തെ രീതി. 

ഇവിടെ സകാത്തിന്റെ അവകാശികളായി പറഞ്ഞവരില്‍ രണ്ടു വിഭാഗവുംപെടുമെന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം. ഇസ്‌ലാം അടിമത്വസമ്പ്രദായം ക്രമാനുഗതമായി അവസാനിപ്പിക്കുകയും ലോകത്ത് ഇന്ന് അത് ഏതാണ്ട് ഇല്ലാതാവുകയും ചെയ്ത അവസ്ഥയില്‍ ഈ വിഷയം ഇവിടെ കൂടുതല്‍ വിവരിക്കുന്നില്ല.

എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ അന്യായമായി തടവിലാക്കപ്പെടുന്ന വിശ്വാസികളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതണെന്നാണ് ചില പണ്ഡിതരുടെ വീക്ഷണം.

 

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback
  • Friday Dec 19, 2025
  • Jumada ath-Thaniya 28 1447