Skip to main content

പരദൂഷണം

ഭിന്ന സ്വഭാവക്കാരും വ്യത്യസ്ത പ്രകൃതിക്കാരുമാണ് മനുഷ്യര്‍. ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും കാരണം മനുഷ്യരിലെ സ്വഭാവ പെരുമാറ്റരീതികളിലുള്ള യോജിപ്പും വിയോജിപ്പുമാണ്. അപരന്റെ തെറ്റിനോട് വിയോജിക്കുന്നതുപോലെ അതിനെ വേണ്ടവിധം തിരുത്താനുള്ള സൗമനസ്യം പ്രകടിപ്പിക്കാനും നന്മ ഉപദേശിക്കാനും വിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്. ഗുണകാംക്ഷാ നിര്‍ഭരമായ മനസ്സ് കാത്തു സൂക്ഷിക്കേണ്ടുന്ന വിശ്വാസിയില്‍ നിന്ന്, അന്യനെ ദുഷിച്ച് പറയുന്ന-വിശേഷിച്ചും അയാളുടെ അസാനിധ്യത്തില്‍- ദുസ്വഭാവം ഉണ്ടാവാന്‍ ഒട്ടും പാടില്ലാത്തതാണ്. പരദൂഷണം (ഗീബത്ത്) എന്ന ദുര്‍ഗുണം വളരെ മ്ലേഛമായി അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു. 'നിങ്ങളില്‍ ചിലര്‍ ചിലരെ ദൂഷണം പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചിട്ട് അവന്റെ മാംസം തിന്നുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ നിങ്ങള്‍ അത് വെറുക്കുന്നു (49:12).

അഭിമാനത്തിന് വിലകല്പിക്കാത്തവരായി ആരുമുണ്ടാവില്ല. മറ്റൊരാളുടെ സമ്പത്തും രക്തവും എത്ര പവിത്രമാണോ അതിനു സമാനമായി കാണേണ്ടതാണ് ആ വ്യക്തിയുടെ അഭിമാനവും. ഒരാളിലുളള തിന്മയെ നമുക്ക് തിരുത്താനുള്ള ഏറ്റവും നല്ല വഴി അയാളോട് നേരിട്ട് കാര്യമുണര്‍ത്തലാണ്. അങ്ങനെ തിരുത്തുമ്പോള്‍ ആ വ്യക്തിയുടെ വ്യക്തിത്വത്തിനും അഭിമാനത്തിനും ഒരു പോറലുമേല്ക്കുന്നില്ല. എന്നാല്‍ മറ്റൊരാളിലുള്ള ദോഷങ്ങള്‍ അയാളുടെ അസാന്നിധ്യത്തില്‍ പറയുമ്പോള്‍ കേട്ട വ്യക്തി വസ്തുതകള്‍ അറിയാതെ പൊലിപ്പിച്ചും പെരുപ്പിച്ചും മറ്റുള്ളവരോട് അത് പങ്കു വെക്കുന്നു.  കേട്ടതെല്ലാം പറയുക എന്നത് കളവ് പറയലാണ് എന്ന് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്. സ്വന്തം സഹോദരന്റെ അസാന്നിധ്യത്തിലുള്ള ദൂഷണം (ഗീബത്ത്) പറയുക വഴി നുണ പ്രചാരണത്തില്‍ കണ്ണികള്‍ തീര്‍ക്കുകയാണ് ആദ്യം പറഞ്ഞ വ്യക്തി ചെയ്യുന്നത്. നബി(സ്വ) പറഞ്ഞു. പരദൂഷണം എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ പറഞ്ഞു: അല്ലാഹുവിനും അവന്റെ ദുതനുമാണ് കൂടുതല്‍ അറിവുള്ളത്. അപ്പോള്‍ നബി(സ്വ) പറഞ്ഞു. നിന്റെ സ്‌നേഹിതന്‍ വെറുക്കുന്ന സംഗതി നീ അവനെ സംബന്ധിച്ച് പറയലാണത്. ഞാന്‍ പറയുന്നത് അവനില്‍ ഉള്ളതാണെങ്കിലോ പ്രവാചകരേ? ഒരാള്‍ അവിടുത്തോട് ചോദിച്ചു. നബി(സ്വ) പ്രത്യുത്തരം നല്‍കി. നീ പറയുന്നത് അവനില്‍ ഉണ്ടെങ്കില്‍ അവനെ സംബന്ധിച്ച് നീ പരദൂഷണം പറഞ്ഞു. ഇല്ലാത്തതാണെങ്കില്‍ നീ കളവ് പറഞ്ഞു (മുസ്‌ലിം),

എന്നാല്‍ ഒരാളിലുള്ള തിന്മയെ ഇല്ലാതാക്കാനും അയാളില്‍ നന്മ വളര്‍ത്താനും വേണ്ടി ആവശ്യമായ ഉപദേശമോ, ഉണര്‍ത്തലോ വേണ്ടി വന്നേക്കാം. അതിന്റെ ഭാഗമായി തിന്മ ചെയ്യുന്ന വ്യക്തിയുടെ അഭിമാനത്തിന് മുറിവേല്‍പ്പിക്കാത്ത വിധം മറ്റൊരാളോട് അയാളുടെ ന്യൂനത പറയേണ്ടി വന്നേക്കാം. അത് ഇസ്‌ലാം അനുവദിക്കുന്നു. ആഇശ(റ) പറയുന്നു: അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് നബി(സ്വ)യോട് പറഞ്ഞു. അബുസുഫ്‌യാന്‍ പിശുക്കനായ ഒരു മനുഷ്യനാണ്. എനിക്കും എന്റെ കുട്ടിക്കും ആവശ്യമായ ചെലവ് അദ്ദേഹം തരുന്നില്ല. ഞാന്‍ അദ്ദേഹം അറിയാതെ വല്ലതും എടുത്താല്‍ (അതു കളവാകുമോ?) നബി(സ്വ) പറഞ്ഞു. 'മാന്യമായ നിലക്ക് നിനക്കും നിന്റെ കുട്ടിക്കും ആവശ്യമുള്ളത് എടുത്തുകൊള്ളുക' (ബുഖാരി, മുസ്്‌ലിം). നബി(സ്വ)യുടെ മുമ്പില്‍ സ്വന്തം ഭര്‍ത്താവില്‍ നിന്ന് നീതി നിഷേധിക്കപ്പെടുമ്പോള്‍ അയാളുടെ ന്യൂനത എടുത്തു പറയുന്നത് പരദൂഷണമായി കാണാന്‍ കഴിയില്ല. റസൂല്‍(സ്വ) അത് വിരോധിച്ചതുമില്ല.

ന്യൂനതകള്‍ മനുഷ്യര്‍ക്ക് കൂടപ്പിറപ്പുകളാണ്. പൂര്‍ണരായി ആരും ഇല്ല. സ്വന്തം തിന്മകളെയും ന്യൂനതകളെയും നിസ്സാരവല്‍ക്കരിക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. മറ്റുള്ളവരുടെ തിന്മയെ പരസ്യപ്പെടുത്തുകയും പര്‍വതീകരിക്കുകയും ചെയ്യുന്നത് വലിയ അപരാധമാണ്. മറ്റുള്ളവരുടെ ന്യൂനതകളെ പരസ്യപ്പെടുത്തുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍ സ്വന്തം തെറ്റു കുറ്റങ്ങളെ മറക്കുകയാണ്. തന്നിലേക്ക് തിരിഞ്ഞ് ന്യൂനതകളെ ഉള്‍ക്കൊണ്ട് തിരുത്തുകയാണ് സംസകരണത്തിന്റെ പ്രഥമപടി. എന്നാല്‍ മറ്റാരാളുടെ ന്യൂനതകളെ കാണുന്നവര്‍ സ്വയം സംസ്‌കരിക്കപ്പെടുകയോ സ്വജീവിതത്തിലുള്ള ഗൗരവമര്‍ഹിക്കുന്ന പോരായ്മകളില്‍ നിന്ന് മുക്തനാവുകയോ ചെയ്യുന്നില്ല. നബി(സ്വ) പറഞ്ഞു: 'സ്വന്തം ന്യൂനതകള്‍ മറ്റുള്ളവരുടെ ന്യൂനതയെ സംബന്ധിച്ച് അശ്രദ്ധയിലാക്കിയ ഒരുവന് എന്റെ അശീര്‍വാദം (ബസ്സാര്‍). പരദൂഷണം പറയുന്ന സദസ്സില്‍ നിന്ന് വിട്ട് നില്‍ക്കുക എന്ന സമീപനമായിരിക്കണം വിശ്വാസി സ്വീകരിക്കേണ്ടത്.

Feedback