Skip to main content

ജന സമ്പര്‍ക്കം

സാമൂഹ്യ ജീവിയായ മനുഷ്യന്‍ പ്രകൃത്യാ പരസ്പരം ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുന്നവനാണ്. സഹകരണത്തിലൂടെ സഹജീവിതം സാധ്യമാക്കുന്നതിന് സമൂഹത്തിലെ ഓരോ അംഗവുമായും ആരോഗ്യകരമായ ബന്ധം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്നതും ബന്ധങ്ങള്‍ ചേര്‍ക്കാതിരിക്കുന്നതും സമൂഹ ജീവിതത്തില്‍  സമാധാനന്തരീക്ഷം ഇല്ലാതെയാക്കുന്നു. വ്യക്തി എന്ന നിലയ്ക്ക് കുടംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കാതിരുന്നാല്‍ അത് മുസ്‌ലിമിന്റെ ഇഹപര വിജയത്തിന് വിഘാതമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ബന്ധങ്ങളെ ഏറെ പവിത്രമായി കാണുന്ന ഇസ്‌ലാം ജനങ്ങളോട് ഇടപഴകുന്നത് പ്രാധാന്യ പൂര്‍വം പരിഗണിച്ച് അതിന് നിയമങ്ങളും മര്യാദകളും ശീലിപ്പിക്കുക കൂടി ചെയ്യുന്നു. ഇസ്‌ലാമിലെ നിര്‍ബന്ധ അനുഷ്ഠാനങ്ങള്‍ തന്നെ സംഘടിത സ്വഭാവത്തില്‍ നിര്‍വഹിച്ച് വ്യക്തി സംസ്‌കരണം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഓരോ വിശ്വാസിയും സമൂഹത്തോട് ഇണങ്ങിച്ചേര്‍ന്ന് ആരോഗ്യകരമായ ബന്ധങ്ങള്‍ സ്ഥാപിച്ചും ആവശ്യകാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തിയും നിര്‍വഹിക്കേണ്ട നിര്‍ബന്ധ ബാധ്യതയാണ് പ്രബോധനം. ആരാധനാലയങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന ഏകാന്ത ജീവിതത്തിലൂടെ ഭക്തികൈവരുമെന്ന വിശ്വാസം ഇസ്‌ലാം പഠിപ്പിക്കുന്നില്ല. നന്മ തിന്മകള്‍ കൂടിക്കലര്‍ന്ന ജീവിത സാഹചര്യത്തില്‍ നന്മകളെ സ്വാംശീകരിച്ചും തിന്മകളെ തിരസ്‌കരിച്ചും കരുതലോടെ ജീവിക്കാനുള്ള ഉള്‍ക്കരുത്ത് നേടേണ്ടവനാണ് വിശ്വാസി. സ്രഷ്ടാവിനോടെന്ന പോലെ സൃഷ്ടികളോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കാന്‍ അവന്‍ ബാധ്യസ്ഥനാക്കിമാറ്റുന്നു. അല്ലാഹു പറയുന്നു: ''നിങ്ങള്‍  പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിക്കുക. പാപത്തിലും ശത്രുതയിലും സഹകരിക്കരുത്''(5:2). 


മനുഷ്യരുടെ പ്രകൃതം, ജീവിത സാഹചര്യങ്ങള്‍ എന്നിവ വ്യത്യസ്തമാണ്. ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ചിലപ്പോള്‍ സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്കും സാധ്യതയുണ്ട്. ഇണങ്ങിച്ചേരുന്നതു പോലെ പിണങ്ങിപ്പിരിയാനും സ്‌നേഹിക്കുന്നത് പോലെ വെറുക്കാനും മനുഷ്യന് സാധിക്കും. എന്നാല്‍ ബന്ധങ്ങള്‍ സ്ഥാപിക്കാനും ഇണങ്ങി ജീവിക്കാനും വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട് എന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നു. അതുകൊണ്ടാണ് സദ്‌സ്വാഭാവിയായി ജീവിക്കേണ്ട വിശ്വാസിയുടെ മഹിത ഗുണങ്ങളായി ക്ഷമ, വിട്ടുവീഴ്ച, ഗുണകാംഷ, സത്യസന്ധത, വിനയം, എന്നിവ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങളുമായി ഇടപെഴകി ജീവിക്കുന്ന വിശ്വാസിയുടെ സ്വഭാവത്തെക്കുറിച്ച് റസൂല്‍ പറയുന്നു: 


'ജനങ്ങളുമായി കൂടിക്കലരുകയും അവരുടെ ഉപദ്രവങ്ങള്‍ സഹിക്കുകയും ചെയ്യുന്ന മനുഷ്യനാണ് അവരുമായി കൂടികലരാതിരിക്കുന്നവനേക്കാള്‍ കൂടുതല്‍ പ്രതിഫലത്തിന് അവകാശപ്പെട്ടവന്‍' (ഇബ്‌നു മാജ).


ജനങ്ങളുമായി ഇടപഴകുമ്പോള്‍ വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴാതിരിക്കാന്‍ പരസ്പരം പാലിക്കേണ്ട ചില മര്യാദകളും നിയമങ്ങളും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ജന സമ്പര്‍ക്കത്തിലൂടെ ഉദാത്ത സംസ്‌കാരവും സമാധാന പൂര്‍ണമായ സാമൂഹിക ജീവിതവും നിലനില്‍ക്കണമെന്നാണ് ഇതുകൊണ്ട് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. 


പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)ക്ക് ആദ്യമായി ഹിറാഗുഹയില്‍ വെച്ച് ദിവ്യവെളിപാട് ഉണ്ടായപ്പോള്‍ നബി(സ്വ) പരിഭ്രമ ചിത്തനായി ഭാര്യ ഖദീജ(റ) യെ സമീപിക്കുന്നു. സമാശ്വാസത്തിന്റെ വാക്കുകള്‍ ഖദീജ(റ) നബിയോട് പറയുന്നു. ഇല്ല, അല്ലാഹു താങ്കളെ ഒരിക്കലും അപമാനിക്കുകയില്ല. താങ്കള്‍ കുടംബ ബന്ധം ചേര്‍ക്കുന്നു. പ്രായാസപ്പെട്ടവന്റെ ഭാരം ഏറ്റെടുക്കുന്നു അതിഥിയെ സല്‍കരിക്കുന്നു പരാധീനത കൊണ്ട് പൊറുതിമുട്ടുന്നവന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നു, നബി(സ്വ) നയിച്ച ജന സമ്പര്‍ക്കത്തിലൂന്നിയ മാതൃകാ ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്ന വാക്യങ്ങളാണ് ഖദീജ(റ) ഇവിടെ പറഞ്ഞിട്ടുള്ളത്. പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ തന്റെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി ദിവ്യസന്ദേശം കേള്‍പ്പിക്കാനാണ് പ്രവാചകന്‍(സ്വ) ശ്രമിക്കുന്നത്. അതാണ് പ്രവാചക ദൗത്യം. ഏകാന്തപഥികനായി ആരാധനയില്‍ നിമഗ്‌നനായി ദൈവ സാമീപ്യം സാധിക്കുകയും അതില്‍ സായൂജ്യമടയുകയും ചെയ്യുന്ന ജീവിത രീതിയല്ല നബി(സ്വ) പഠിപ്പിക്കുന്നത്. നീ നിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്ന ദൈവിക കല്പന അനുസരിച്ചു കൊണ്ട് തന്റെ അടുത്ത ബന്ധുക്കളോട് പ്രഥമ ഘട്ടത്തില്‍ തന്നെ പ്രബോധനം നിര്‍വഹിക്കുന്നു. രഹസ്യ പ്രബോധനത്തിന് ശേഷം പരസ്യ പ്രബോധനവും നിര്‍വ്വഹിച്ചു കൊണ്ട് സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളോടും സമ്പര്‍ക്കവും നല്ല ബന്ധവും നിലനിര്‍ത്തിപ്പോരാന്‍ ശ്രദ്ധിക്കുന്ന ഉത്തമ മാതൃകയാണ് നബി(സ്വ) കാണിച്ചു തന്നത്.

Feedback
  • Friday May 3, 2024
  • Shawwal 24 1445