Skip to main content

ദൈവസ്മരണ

പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ ഏകനാഥനിലുള്ള ദൃഢമായ വിശ്വാസമാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്.  അവനുമായി ബന്ധം സ്ഥാപിക്കുവാനും അവനെക്കുറിച്ചുള്ള സ്മരണ നിലനിറുത്തുവാനും മുസ്‌ലിമിനോട് ആ വിശ്വാസം ആവശ്യപ്പെടുന്നു. അതാണ് നമസ്‌കാരം നിശ്ചയിച്ചതിലുള്ള തത്വങ്ങളില്‍ ഒന്ന്. അല്ലാഹു പറയുന്നു:  ''എന്നെക്കുറിച്ചുള്ള സ്മരണ നിലനിറുത്തേണ്ടതിന്നായി നമസ്‌കാരം മുറ പ്രകാരം നിര്‍വഹിക്കുക'' (20:14). 

നബി(സ്വ) പറയുന്നു: ''നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടതും  ഹജ്ജ് ചെയ്യാന്‍ കല്പിക്കപ്പെട്ടതും ഹജ്ജിന്റെ ചടങ്ങുകള്‍ മതചിഹ്നങ്ങളാക്കപ്പെട്ടതും അല്ലാഹുവിനെപ്പറ്റിയുള്ള സ്മരണ നിലനിറുത്താന്‍ വേണ്ടിയാണ്'' (അബൂദാവൂദ്). ദൈവസ്മരണ വിശ്വാസിയുടെ മനസ്സില്‍ എപ്പോഴും ജ്വലിച്ചു നില്‍ക്കണമെന്നാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. അതിനാല്‍, അതിന്നനുസൃതമായിട്ടാണ് നമസ്‌കാരം രൂപപ്പെടുത്തിയിട്ടുള്ളത്. ദൈവസ്മരണയെ ഉദ്ദീപിപ്പിക്കാന്‍ പര്യാപ്തമായ വചനങ്ങളും പ്രാര്‍ഥനകളുമാണ് അതില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പുറമെ, വെള്ളിയാഴ്ച ദിനത്തിലെ സംഘടിത നമസ്‌കാരത്തിനു(ജുമുഅ) മുമ്പ് നടത്തപ്പെടുന്ന ഉദ്‌ബോധനവും ദൈവസ്മരണ ഉണര്‍ത്തുന്ന വിധത്തിലാകണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു.

അല്ലാഹു പറയുന്നു:  ''സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍'' (62:9).

ഓരോ ദിനവും അഞ്ചുനേരത്തെ നമസ്‌കാരങ്ങള്‍ക്ക് പുറമെ രാത്രിയുടെ വിജനതയില്‍ 'തഹജ്ജുദ്' നമസ്‌കരിക്കുകയും തന്റെ നാഥനുമായി സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്യുന്ന വിശ്വാസി, അത്യധികം അല്ലാഹുവിനെ സ്മരിക്കുന്നത് സ്വാഭാവികമാണല്ലോ. അല്ലാഹു പറയുന്നു: ''നിങ്ങള്‍ എന്നെ സ്മരിക്കുവീന്‍. ഞാന്‍ നിങ്ങളെയും സ്മരിക്കും'' (2: 152). 

അല്ലാഹുവിനെ  ഓര്‍ക്കാതെ  ഒരു ചടങ്ങെന്നോണം നമസ്‌കരിക്കുന്നവരെ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നത് ഇപ്രകാരമാണ്:  ''തങ്ങളുടെ നമസ്‌കാരത്തെ കുറിച്ച് അശ്രദ്ധരും ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാരവസ്തുക്കള്‍ തടയുന്നവരുമായ നമസ്‌കാരക്കാര്‍ക്കാണ് നാശം'' (107:4-7).

മനുഷ്യ ജീവിതത്തില്‍ ശാന്തിയും സമാധാനവും നേടിക്കൊടുക്കുന്നതിലും ദൈവകാരുണ്യത്തിനും  സ്‌നേഹത്തിനുമുള്ള അര്‍ഹത കൈവരിക്കുന്നതിലും ദൈവസ്മരണയോടെയുള്ള നമസ്‌കാരം നിസ്തുല പങ്ക് നിര്‍വഹിക്കുന്നു. അല്ലാഹു പറയുന്നു: ''അല്ലാഹുവിനെ അധികം സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും, അവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും സജ്ജമാക്കി വെച്ചിരിക്കുന്നു'' (33:35).
 

Feedback