Skip to main content

അഹ്‌ലുസ്സുന്നത്തിലെ ചിന്താസരണികള്‍

ഇസ്‌ലാമിന്റെ അടിസ്ഥാനാദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെത്തന്നെ ചില ചിന്താസരണികള്‍ അഹ്‌ലുസ്സുന്നയുടെ ഇടയിലും ജന്മം കൊണ്ടിട്ടുണ്ട്. ക്രി.വ.936ല്‍ (ഹിജ്‌റ 324) നിര്യാതനായ അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഇസ്മാഈല്‍ അല്‍ അശ്അരിയുടെ അശ്അരിയ്യ സരണിയാണ് ഇതിലാദ്യത്തേത്. ഇവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ എന്ന സംജ്ഞ ആദ്യമായി പ്രയോഗിച്ചതെന്നും പറയപ്പെടുന്നു.

ക്രി.വ 944ല്‍ നിര്യാതനായ അബൂമന്‍സൂര്‍ മുഹമ്മദുബ്‌നു മുഹമ്മദ് അല്‍മാതുരീദിയുടെ പേരിലേക്ക് ചേര്‍ത്തിപ്പറയുന്ന മാതുരീദിയ്യയാണ് മറ്റൊരു ചിന്താസരണി. അശ്അരിയുടെ സമകാലികനാണ് മാതുരീദി.

വിശ്വാസപരമായി നേരിയ വ്യത്യാസങ്ങളുള്ള ഈ സരണികള്‍ക്ക് പുറമെ കര്‍മപരമായ വ്യത്യസ്ത വീക്ഷണങ്ങളിലുടലെടുത്ത സരണികളുമുണ്ടായി. അവയാണ് ശാഫിഈ, ഹമ്പലി, മാലിക്കീ, ഹനഫീ മുതലായ മദ്ഹബുകള്‍. ഇവയ്ക്കു പുറമെ അഹ്‌ലുല്‍ ഹദീസും, ഇബ്‌നു അബീലൈലായുടെ  ചിന്താസരണിയും അഹ്‌ലുസ്സുന്നത്തിന്റെ അകത്തു വരുന്നവയാണ്.

ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, സുനനുന്നസാഈ, സുനനു അബീദാവൂദ്, ജാമിഉത്തിര്‍മിദി, സുനനു ഇബ്‌നിമാജ എന്നിവയും അഹ്മദുബ്‌നു ഹമ്പലിന്റെ മുസ്‌നദ്, ഇമാം മാലികിന്റെ അല്‍മുവത്ത്വഅ്, സ്വഹീഹ് ഇബ്‌നു ഹിബ്ബാന്‍ തുടങ്ങിയവയെയും അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ ആദരവോടെ കാണുന്നു.

ത്വഹാവിയുടെ അല്‍അഖീദത്തുത്വഹാവിയ്യ, നസഫിയുടെ അല്‍അഖാഇദുന്നസഫിയ്യ, അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ ഗുന്‍യത്തുത്വാലിബീന്‍, ഇബ്‌നുത്തൈമിയയുടെ ദര്‍ഉ തആരുദില്‍ അഖ്‌ലി വന്നഖ്‌ലി എന്നിവയും മറ്റനവധി ഗ്രന്ഥങ്ങളും അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസരീതികള്‍ വിശകലനം ചെയ്യുന്നുണ്ട്.

വിശ്വാസ-കര്‍മ രംഗങ്ങളില്‍ അഭിപ്രായ ഭിന്നതകളും വീക്ഷണ വ്യത്യാസങ്ങളും പ്രകടിപ്പിച്ചപ്പോഴും അവ പ്രചരിപ്പിക്കാന്‍ ജീവിതം സമര്‍പ്പിച്ചപ്പോഴും ഈ മഹാപണ്ഡിതന്മാര്‍നബി(സ്വ)യുടെ ചര്യയും സ്വഹാബത്തിന്റെ മാര്‍ഗവും മുറുകെ പിടിച്ചു. വീക്ഷണ വ്യത്യാസം പ്രകടിപ്പിച്ച ഇതര പണ്ഡിതരെയോ, അവരുടെ അനുഭാവികളെയോ പിഴച്ചവരും നരകാവകാശികളുമായി കണ്ടില്ല. മറിച്ച്, അവരെ ആദരിക്കുകയാണ് ചെയ്തിരുന്നത്. എന്റേത് മാത്രമാണ് ശരി എന്ന നയം ആരും പുലര്‍ത്തിയതുമില്ല. എന്തെന്നാല്‍ അത് അഹ്‌ലുസ്സുന്നത്തിന്റെ ഉന്നത സംസ്‌കാരത്തിന് എതിരാണ്.


 

Feedback