Skip to main content

തസ്വവ്വുഫ്

അറേബ്യയില്‍ നിന്ന് തുടങ്ങി ലോകത്താകമാനം പരന്ന ഒരു ആത്മീയ സരണിയാണ് തസ്വവ്വുഫ് എന്നു പറയാം. ഏറെക്കുറെ, ഇന്ത്യയിലെ സംന്യാസം പോലെയുള്ള ഒരു പ്രസ്ഥാനം. ആരാധനകള്‍ വഴി ആത്മസംസ്‌കരണം പ്രാപിച്ച്, ദൈവത്തില്‍ അലിഞ്ഞു ചേരുന്നവരാണ് സ്വൂഫികള്‍ എന്നാണ് അവരുടെ വിശ്വാസം. ഭൗതിക വിരക്തിയാണ് ഈ സരണിയുടെ മുഖമുദ്ര. വിജ്ഞാന ദാഹമാണ് പ്രേരണ. ആരാധനകളാണ് ചര്യ. ദൈവിക സത്തയുമായി താദാതമ്യം പ്രാപിക്കല്‍ ലക്ഷ്യവും.

സ്വൂഫി എന്ന അറബി നാമം, അവരണിഞ്ഞിരുന്ന വിരക്തിയുടെ വേഷമായ രോമത്തുണിയില്‍ നിന്നു വന്നതാണെന്ന് പക്ഷമുണ്ട്. (അറബിയില്‍ സ്വൂഫ് എന്നാല്‍ രോമം എന്നാണര്‍ഥം). നബി(സ്വ)യുടെ കാലത്തെ  പള്ളിവാസികളായ 'അഹ്‌ലുസ്സുഫ്ഫ' യില്‍ നിന്ന് ഉത്ഭവിച്ചതാണെന്നും, വിശുദ്ധ ജീവിതം നയിക്കുന്ന 'സ്വാഫി' പിന്നീട് സ്വൂഫിയായതാണെന്നും, ജ്ഞാനമെന്നര്‍ത്ഥമുള്ള 'സോഫിയ' എന്ന ഗ്രീക്ക് പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാവാമെന്നിങ്ങനെ, വിവിധ രീതിയില്‍ ഭാഷാപണ്ഡിതര്‍ അനുമാനിക്കുന്നുണ്ട്. ഏതായാലും ഖുര്‍ആനിലോ ഹദീസിലോ നബി(സ്വ)യുടെ കാലത്തോ സ്വൂഫി, തസ്വവ്വുഫ് എന്നീ പദങ്ങള്‍ പ്രയോഗിക്കപ്പെട്ടിട്ടില്ലെന്ന് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വൂഫിസം എന്നത് പുതിയതാണ്. സൂഫിസത്തിന്റെ കാഴ്ചപ്പാടില്‍  മൂന്ന് അടിസ്ഥാന തലങ്ങളാണ് തസ്വവ്വുഫിനുള്ളത്. ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്. ശാരീരിക വിതാനങ്ങളെ നിയന്ത്രിക്കുന്ന തലമാണ് ശരീഅത്ത് അഥവാ മതനിയമങ്ങള്‍. നമസ്‌കാരം, നോമ്പ് ആദിയായവ  മുഖേന ദുര്‍ഗുണങ്ങളെ മാറ്റി നിര്‍ത്തി മനസ്സിനെ പവിത്രവും സംസ്‌കൃതവുമാക്കുന്ന തലം. ഈ മാനവികതലം, ആധ്യാത്മികതയുടെ ഉച്ചിയിലെത്തി ആത്മദൃഷ്ടിയിലൂടെ ഉള്‍ക്കാഴ്ച നേടലാണ് ഹഖീഖത്ത് അഥവാ ഇഹ്‌സാനിക തലം. ചുരുക്കത്തില്‍ ശരീഅത്ത് അടിത്തറയാണ്. ത്വരീഖത്ത് മാര്‍ഗവും, ഹഖീഖത്ത് ഫലവുമാണ്.

ശരീഅത്ത് ആര്‍ക്കും അനുഷ്ഠിക്കാം. എന്നാല്‍ ഹഖീഖത്തിലെത്താന്‍ ത്വരീഖത്ത് അനിവാര്യം. ശരീഅത്ത് വഴി ത്വരീഖത്തിലൂടെ ഹഖീഖത്തിലെത്താന്‍ വിശ്വാസിയെ സഹായിക്കുന്നവനാണ് സ്വൂഫി, അഥവാ ആത്മീയാചാര്യന്‍. ആത്മീയാചാര്യനായ ശൈഖും ശിഷ്യഗണങ്ങളായ മുരീദുമാരുമടങ്ങുന്നതാണ് ത്വരീഖത്ത്. ഇത് നബി(സ്വ)യും സ്വഹാബിമാരുമെന്നതുപോലെയാണ്. സ്വൂഫികളെ സംബന്ധിച്ചിടത്തോളം നബി(സ്വ)യില്‍ നിന്ന് അലി(റ)യും അലി(റ) യില്‍ നിന്ന് ഹസന്‍, ഹുസൈന്‍(റ) പരമ്പരയിലൂടെ ഹസന്‍ ബസ്വരിയും കൈപ്പറ്റിയ പാരമ്പര്യമാണ്.


 

Feedback
  • Wednesday Dec 17, 2025
  • Jumada ath-Thaniya 26 1447