Skip to main content

നൂഹ് നബി(അ)യുടെ കപ്പല്‍

''നമ്മുടെ മേല്‍നോട്ടത്തിലും നിര്‍ദേശപ്രകാരവും നീ കപ്പലുണ്ടാക്കുക. അക്രമികളുടെ കാര്യത്തില്‍ നീ നമ്മോട് സംസാരിക്കരുത്. അവര്‍ മുക്കി മശിപ്പിക്കപ്പെടാനിരിക്കുകയാണ്'' (11:37).

രാപകല്‍ വ്യത്യാസമന്യേ ഏകദൈവാരാധനയിലേക്ക് സമൂഹത്തെ ക്ഷണിച്ചുകൊണ്ട് ഒമ്പതര നൂറ്റാണ്ടുകാലം നൂഹ് നബി(അ) തന്റെ ദൗത്യനിര്‍വഹണത്തിലായിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ആ ക്ഷണം സ്വീകരിക്കാന്‍ മനസ്സു കാണിച്ചുള്ളൂ. തന്റെ നിസ്സഹായതയും ദൗര്‍ബല്യവും ദൈവത്തിനു മുന്നില്‍ അവതരിപ്പിച്ച പ്രവാചകനോട് അല്ലാഹു കല്പിച്ചു. 'ഒരു കപ്പല്‍ നിര്‍മിക്കുക. ഭൂമിയെ മുച്ചൂടും മൂടുന്ന പ്രളയം ശിക്ഷയായി അവരെ കാത്തിരിക്കുന്നു'.

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള ബാബിലോണിയയിലെ ജനസമൂഹത്തിന് കപ്പല്‍ പരിചയമില്ലല്ലോ. അതിനാല്‍ അതിന്റെ ആകൃതി, നിര്‍മാണ രീതി, സംവിധാനങ്ങള്‍ എന്നിവയെല്ലാം അല്ലാഹു നിര്‍ണയിച്ചു നല്കി.

പലകകള്‍, ആണികള്‍ എന്നിവയെല്ലാം ഉപയോഗിച്ച് (11:40) നൂഹ് നബി(അ) കപ്പല്‍ നിര്‍മാണം തുടങ്ങി. തങ്ങള്‍ക്ക് അപരിചിതമായ വസ്തു നിര്‍മാണത്തിലേര്‍പ്പെട്ട നൂഹി(അ)നെ നിഷേധികള്‍ പരിഹസിച്ചുകൊണ്ടിരുന്നു. അങ്ങനെ എല്ലാ ജീവിവര്‍ഗത്തില്‍ നിന്നുമുള്ള ഇണകളെ വഹിക്കാന്‍ ശേഷിയുള്ള സാമാന്യം വലിയ(71:40) കപ്പലൊരുങ്ങി. മൂന്നൂറ് മുഴം നീളവും അമ്പത് മുഴം വീതിയും രണ്ട് നിലകളുമുള്ളതായിരുന്നു നോഹയുടെ പെട്ടകമെന്ന് ബൈബിള്‍ പറയുന്നുണ്ട് (ഉല്പത്തി 6:14-16).

കപ്പല്‍ നിര്‍മാണം പൂര്‍ത്തിയായി. വൈകാതെ അല്ലാഹുവിന്റെ കല്പനയും വന്നു. ആകാശത്തു നിന്ന് മഴ കുത്തിച്ചൊരിഞ്ഞു. ഭൂമിയില്‍ നിന്ന് ഉറവയെടുത്തു. തീയെരിയേണ്ട അടുപ്പുകള്‍പോലും ഉറവ പൊടിച്ചു. പ്രളയം തുടങ്ങിയപ്പോള്‍, എല്ലാ ജീവിവര്‍ഗങ്ങളില്‍ നിന്നുമുള്ള ഇണകളെ കപ്പലില്‍ കയറ്റി രക്ഷപ്പെടാനും നൂഹിനോട് അല്ലാഹു കല്പിച്ചു (11:40).

സര്‍വനാശത്തിനൊടുവില്‍ പ്രളയം ശമിക്കാന്‍ തുടങ്ങി. ആകാശം ജലപാതം നിര്‍ത്തി. ഭൂമി വെള്ളത്തെ വിഴുങ്ങി. ധിക്കാരികളായ സമൂഹം നാശമടഞ്ഞു. കപ്പല്‍ 'ജൂദി' മലയില്‍ അണഞ്ഞു. ദിവ്യസംരക്ഷണയില്‍ കഴിഞ്ഞ ഇണജീവികള്‍ കപ്പലില്‍ നിന്ന് ജീവിതത്തിലേക്കിറങ്ങി (11:44, 29:15).

വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ വിശദമായി പ്രതിപാദിച്ച 'നൂഹിന്റെ കപ്പല്‍' ചരിത്ര വിസ്മയമായി, അതിന്റെ അടയാളങ്ങള്‍ ബാക്കിവെച്ചിരിക്കുന്നു. മെസപ്പൊട്ടോമിയയിലോ മൂസലിലോ ആണ് ജൂദി മലയെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിരുന്നത്. കാലാന്തരത്തിലെ അതിര്‍ത്തി മാറ്റങ്ങള്‍ പരിഗണിച്ചാല്‍ ഇത് രണ്ടും ശരിയാണ്.

അര്‍മീനിയയിലെ അറാറത്ത് മലനിരകളില്‍പെട്ട ഒരു മലയാണ് ജൂദി. വര്‍ഷങ്ങള്‍ക്കുമുമ്പ് ജൂദിയില്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും അമേരിക്കന്‍ പുരാവസ്തു ഗവേഷകര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.
 

Feedback
  • Thursday Sep 18, 2025
  • Rabia al-Awwal 25 1447