Skip to main content

വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനവും വ്യാഖ്യാനവും (2)

അന്തിമ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) മുഖേന ലോകവസാനം വരെയുള്ള മനുഷ്യര്‍ക്കായി അല്ലാഹു അവതരിപ്പിച്ച അന്തിമ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഈ ദൈവീക ഗ്രന്ഥം ശുദ്ധമായ അറബി ഭാഷയിലാണ്. ലോകത്തുള്ള മനുഷ്യര്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരാണ്. ലോകത്ത് മൂവായിത്തോളം ഭാഷകളുണ്ട്. എന്നാല്‍ ഏതു ഭാഷക്കാരനായാലും ദൈവീക സന്ദേശം വായിച്ചു ഗ്രഹിക്കല്‍ അനിവാര്യമാണ്. അതിനു രണ്ടു മാര്‍ഗങ്ങളേയുള്ളൂ. 1. ലോകത്തുള്ളവരെല്ലാം അറബി പഠിക്കുക. 2. ഇതര ഭാഷക്കാര്‍ക്കു വേണ്ടി വിശുദ്ധ ഖുര്‍ആന്‍ അവരുടെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുക. ഒന്നാമത്തേത് അസാധ്യം ആയതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. 

ഭാഷാന്തരണം  ചെയ്യുക എന്നത് വിശുദ്ധ ഖുര്‍ആനിന്റെ ആശയ വിവര്‍ത്തനം മാത്രമാണ്. എന്നാല്‍ അതിനേക്കാള്‍ വിപുലമായ ഒരു സംഗതിയാണ് ഖുര്‍ആന്‍ വ്യാഖ്യാനം. പരിഭാഷയ്ക്കപ്പുറം വ്യാഖ്യാനം എന്തിനാണെന്ന് സംശയിച്ചേക്കാം. വിശുദ്ധ ഖുര്‍ആനിന്റെ വചനങ്ങളും അധ്യായങ്ങളും വിശദീകരിച്ചു കൊണ്ട് നബി(സ്വ) പറഞ്ഞ ഹദീസുകള്‍, ഖുര്‍ആന്‍ വചനങ്ങള്‍ ഇറങ്ങിയ പശ്ചാത്തലം, പദാര്‍ഥങ്ങള്‍ക്കുപരി സാങ്കേതിക ശബ്ദങ്ങളുടെ വിശദാംശങ്ങള്‍, വ്യാകരണ നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ചേര്‍ത്തു വെച്ചു കൊണ്ടുള്ള വിശദീകരണങ്ങള്‍ക്കാണ് തഫ്‌സീര്‍ അഥവാ വ്യാഖ്യാനങ്ങള്‍ എന്നു പറഞ്ഞു വരുന്നത്. അതോടൊപ്പം വ്യാഖ്യാനം തയ്യാറാക്കുന്ന കാലഘട്ടത്തിലെ സമകാലിക വിജ്ഞാനങ്ങള്‍ വ്യാഖ്യാതാക്കളെ സ്വാധീനിച്ചു എന്നും വരാം. അതു കൊണ്ടു തന്നെ വ്യാഖ്യാതാക്കള്‍(മുഫസ്സിറുകള്‍)ക്കനുസരിച്ചും കാലഘട്ടത്തിനനുസരിച്ചും വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ വിശദാംശങ്ങളില്‍ വീക്ഷണ വ്യത്യാസം ഉണ്ടായേക്കാം. ഖുര്‍ആനിലെ ആശയങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ വേണ്ടി  തഫ്‌സീറുകള്‍ ഉപയോഗപ്പെടുത്താം എന്നതല്ലാതെ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ക്ക് ഖുര്‍ആനിന്റെ അപ്രമാദിത്വം കല്പിക്കാവതല്ല. കാരണം അവ മനുഷ്യരചനകളാണ്. 

ഖുര്‍ആന്‍ വചനങ്ങളുടെ വ്യാഖ്യാനങ്ങളെ നാലായി തരം തിരിക്കാം. ഒന്ന്, അറബി ഭാഷ അറിയുന്നവര്‍ക്ക് ഗ്രഹിക്കാവുന്നവ. രണ്ട്, സാധാരണക്കാര്‍ക്ക് പോലും മനസ്സിലാകുന്നവ. മൂന്ന്, പണ്ഡിതന്മാര്‍ക്ക് മനസ്സിലാകുന്നവ. നാല്, അല്ലാഹുവിന് മാത്രം അറിയുന്നവ. ഇവയെക്കുറിച്ചുള്ള പഠനഫലമായി അറബി ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിന് അറബിയിലും ഇതര ഭാഷകളിലുമായി നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങള്‍ (തഫ്‌സീര്‍) രചിക്കപ്പെട്ടിട്ടുണ്ട്. കാലം പുരോഗമിക്കുന്നതിനനുസരിച്ച് ലോകത്ത് വൈജ്ഞാനിക മുന്നേറ്റങ്ങളുമുണ്ടായിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളില്‍ നടന്ന തഫ്‌സീര്‍ രചനകളില്‍ അതതു കാലത്തെ പുതുവിജ്ഞാനങ്ങള്‍ സ്വാഭാവിക സ്വാധീനം ചെലുത്തിയതായി കാണാം. ഇത് സൃഷ്ടിക്കുന്ന വ്യാഖ്യാന വൈവിധ്യം ഖുര്‍ആനികാശയങ്ങളുടെ ആഴങ്ങളിലേക്കിറ ങ്ങിച്ചെല്ലാനും ഖുര്‍ആനിന്റെ മഹത്വം തിരിച്ചറിയുവാനും വായനക്കാരന് അവസരം സൃഷ്ടിക്കുന്നു. 

ഖുര്‍ആന്‍ വിവര്‍ത്തനങ്ങളില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുവാന്‍ വേണ്ടി ഇതര ഗ്രന്ഥങ്ങളുടെ വിവര്‍ത്തനം പോലെ ആശയവിവര്‍ത്തനം ചെയ്യാന്‍ വിവര്‍ത്തകന് സ്വാതന്ത്ര്യമുണ്ടാവില്ല. അറബി ഭാഷയില്‍ നിരവധി വ്യഖ്യാന ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇതര ഭാഷകളില്‍ കേവല പരിഭാഷകളുണ്ട്, വ്യാഖ്യാനങ്ങളുണ്ട്. അറബി ഭാഷയിലെ ചില വ്യഖ്യാന ഗ്രന്ഥങ്ങളുടെ വിവര്‍ത്തനം പുറത്തിറക്കിയവരുണ്ട്. ഇസ്‌ലാമിക വിജ്ഞാന രംഗത്ത് സമ്പുഷ്ടമായ ഒരു വിജ്ഞാന ശാഖയാണ് ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍.

 

Feedback