Skip to main content

സ്ത്രീ: ഹിന്ദു മതത്തില്‍

സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ളതാണ് ഭാരതീയ സംസ്‌കൃതി. ഹൈന്ദവതയാണ് അതിന്റെ അടിത്തറ. പുരാണങ്ങളും ഇതിഹാസങ്ങളും വേദങ്ങളും സ്മൃതികളുമെല്ലാം ഉണ്ടെങ്കിലും വൈയക്തികമോ സാമൂഹികമോ ആയ ജീവിതത്തിന്റെ ദിശ നിര്‍ണയിക്കുന്ന പ്രമാണങ്ങളായി അവ കല്പിക്കപ്പെടാറില്ല. ഹൈന്ദവത ഒരു മതമാണെന്ന് പറയപ്പെടാറില്ല. അതൊരു ധര്‍മമോ സംസ്‌കാരമോ ആയാണ് വ്യവഹരിക്കപ്പെടാറുള്ളത്. ഏതായിരുന്നാലും പാരമ്പര്യങ്ങളും നാട്ടുനടപ്പുകളുമാണ് പ്രായോഗിക തലത്തില്‍ ഹൈന്ദവ സമൂഹത്തില്‍ പ്രചാരത്തിലുള്ളത്.

വേദകാലത്ത് ഹൈന്ദവ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പുരുഷനോളം തന്നെ പ്രാധാന്യമുണ്ടായിരുന്നു. പൂണൂല്‍ ധരിക്കുന്നതിനോ വേദം അഭ്യസിക്കുന്നതിനോ അവര്‍ക്ക് തടസ്സമുണ്ടായിരുന്നില്ല. പാണിനി ആചാര്യണികളെന്നും ഉപധ്യായകളെന്നും സ്ത്രീകളെ അക്കാലഘട്ടത്തില്‍ വിശേഷിപ്പിച്ചിരുന്നത് അതുകൊണ്ടാണ്. തപസ്സനുഷ്ഠിക്കുവാനും ജപമന്ത്രങ്ങളുരുവിടുവാനും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്ത്രീകള്‍ യുദ്ധങ്ങള്‍ക്കു പോലും നേതൃത്വം നല്കിയതായും ഋഗ്വേദത്തില്‍ പറയുന്നുണ്ട്.

വേദകാലഘട്ടത്തിനു ശേഷം സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യം നല്കിയിരുന്ന സാമൂഹികാവസ്ഥയ്ക്ക് മാറ്റം വരാന്‍ തുടങ്ങി. സ്ത്രീ പാപയോനിയില്‍ ജനിച്ച അശുദ്ധയാണെന്ന ചിന്ത ആചാര്യന്മാരെപ്പോലും സ്വാധീനിച്ചു. സ്ത്രീകള്‍ സമ്പാദനത്തില്‍ നിന്നും അനന്തരാവകാശങ്ങളില്‍ നിന്നും തടയപ്പെടാനും ആര്‍ത്തവ സമയത്ത് അകറ്റി നിര്‍ത്തപ്പെടാനും ഇതു കാരണമായി. 

ജാതീയതയും ജാതികള്‍ തമ്മിലുള്ള ഉച്ചനീചത്വ സങ്കല്പങ്ങളും തത്ഫലമായുണ്ടാകുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊന്നും പ്രമാണബദ്ധമായ തത്ത്വങ്ങളല്ല. നൂറ്റാണ്ടുകള്‍ നീണ്ട പൗരോഹിത്യത്തിന്റെ സൃഷ്ടികളും ചൂഷണോപാധികളുമാണ്. ഒട്ടേറെ അന്ധവിശ്വാസങ്ങളും ബ്രാഹ്‌മണന്റെ എച്ചിലിലയില്‍ താഴ്ന്നവര്‍ കിടന്നുരുളുന്നതു പോലുള്ള അനാചാരങ്ങളും നിരപരാധിയും നിരാലംബയുമായ വിധവ, ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കണമെന്ന സതി പോലുള്ള അത്യാചാരങ്ങളും ഹൈന്ദവതയുടെ പേരില്‍ ഉയര്‍ന്നു വന്നു. അവയില്‍ പലതും ഹൈന്ദവരില്‍ നിന്നുതന്നെയുള്ള ഉത്പതിഷ്ണുക്കള്‍ രംഗത്തു വന്ന് ഇല്ലായ്മ ചെയ്തു. ചിലത് നിയമം മൂലം നിരോധിച്ചു.

ബ്രാഹ്‌മണ്യവും ജാതീയതയും നിലനിന്നിരുന്ന ഹൈന്ദവ സമൂഹങ്ങളില്‍ സ്ത്രീകള്‍ക്ക് പരിഗണന ലഭിച്ചിരുന്നില്ല എന്നു മാത്രമല്ല സാമൂഹിക ജീര്‍ണതകളില്‍ മിക്കതിന്റെയും ഇരകള്‍ സ്ത്രീകളായിരുന്നു. 'ഉയര്‍ന്ന ജാതി'യില്‍പ്പെട്ട സ്ത്രീകള്‍ അന്തഃപുരങ്ങളിലും പുറത്തിറങ്ങിയാല്‍ മറയ്ക്കു പിന്നിലും കഴിയേണ്ടി വന്നു. 'താഴ്ന്ന ജാതി'ക്കാരായ സ്ത്രീകള്‍ക്കാവട്ടെ തങ്ങളുടെ മാറു മറയ്ക്കാന്‍ പോലും സ്വാതന്ത്ര്യമില്ലായിരുന്നു. സ്ത്രീകളുടെ ഈ ദുരവസ്ഥയ്‌ക്കെതിരെ മലയാളക്കരയില്‍ രംഗത്തു വന്ന പരിഷ്‌കര്‍ത്താക്കളാണ് ശ്രീനാരായണ ഗുരുവും അയ്യങ്കാളിയുമൊക്കെ. സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിക്കുന്നതില്‍ വി.ടി. ഭട്ടതിരിപ്പാടിന്റെ  സാമൂഹിക സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. മലയാളത്തിലെ ലക്ഷണമൊത്ത പ്രഥമ നോവല്‍ 'ഇന്ദുലേഖ'യുടെ ഇതിവൃത്തവും സന്ദേശവും ഹൈന്ദവ സമൂഹത്തിലെ പീഡിതരായ സ്ത്രീകളുടെ മോചന മുദ്രാവാക്യമായിരുന്നു. ദായക്രമത്തില്‍ ഹൈന്ദവസ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചത് അടുത്ത കാലത്തെ നിയമനിര്‍മാണത്തിലൂടെയാണ്.

ഹിന്ദു ധര്‍മത്തില്‍ സ്ത്രീ ഉന്നതസ്ഥാനീയയാണെങ്കിലും സമൂഹത്തില്‍ പ്രായോഗിക ജീവിതത്തില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ തുടങ്ങിയത് ഈയടുത്ത കാലത്താണ്.

Feedback
  • Thursday Dec 18, 2025
  • Jumada ath-Thaniya 27 1447