Skip to main content

സ്ത്രീകളുടെ നമസ്‌കാരം

ജനാസ നമസ്‌കാരത്തില്‍ പുരുഷന്മാരെപ്പോലെ സ്ത്രീകളും പങ്കെടുക്കേണ്ടതാണ്; ബന്ധുക്കളുടെ ജനാസയില്‍ പ്രത്യേകിച്ചും. സ്വഹാബി വനിതകള്‍ അന്യ ജനാസക്കും നമസ്‌കരിക്കാറുണ്ടായിരുന്നു. നബി(സ്വ)യുടെ ഭാര്യമാര്‍ക്ക് നമസ്‌കരിക്കാനായി സഅ്ദുബ്‌നു അബീവഖാസിന്റെ മയ്യിത്ത് പള്ളിയില്‍ വരുത്തിയ സംഭവം പ്രസിദ്ധമാണ്.

നബി(സ്വ) നിര്യാതനായപ്പോള്‍ ആദ്യം പുരുഷന്മാരും പിന്നീട് സ്ത്രീകളും ശേഷം കുട്ടികളും നമസ്‌കരിച്ചുവെന്നത് സുവിദിതമാണല്ലോ. എന്നാല്‍ ആവശ്യമാണെങ്കില്‍ പുരുഷന്മാര്‍ മയ്യിത്ത് നമസ്‌കരിക്കുന്നതിന് മുമ്പ് സ്ത്രീകള്‍ക്ക് നമസ്‌കരിക്കാവുന്നതാണ്. സഅദ്ബ്‌നു അബീവഖാസ് (റ)ന്റെ മയ്യിത്ത് നമസ്‌കാരവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രവാചകന്റെ ഭാര്യമാര്‍ മയ്യിത്ത് നമസ്‌കരിച്ചതിനു ശേഷമാണ് സഅദ്(റ) ന്റെ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടു പോയതും പുരുഷന്മാര്‍ നമസ്‌കരിച്ചതും. (മുസ്‌ലിം). കൂടാതെ മയ്യിത്ത് നമസ്‌കാരം നടക്കുമ്പോള്‍ സ്ത്രീകള്‍ക്കും ആ ജമാഅത്തില്‍ പങ്കെടുക്കാം. (മുസ്‌ലിം) അബൂത്വല്‍ഹയുടെ കുട്ടിക്ക്‌വേണ്ടി നബി(സ്വ) നമസ്‌കരിച്ചപ്പോള്‍ നബി(സ്വ)യുടെ പിന്നില്‍ അബൂത്വല്‍ഹയും അദ്ദേഹത്തിന്റെ പിറകില്‍ ഉമ്മുസുലൈമും പങ്കെടുത്തു.

സ്ത്രീകള്‍ ജമാഅത്തായി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്നതാണ് സലഫുകളുടെ മാതൃക. ഇമാം നവവി പറയുന്നു: ''മറ്റു നമസ്‌കാരങ്ങളിലെപ്പോലെ സ്ത്രീകള്‍ക്ക് ജമാഅത്ത് സുന്നത്താണ്. ഹസനുബ്‌നു സ്വാലിഹ്, സുഫ്‌യാനുസ്സൗരി, അഹ്മദ്, ഹനഫികള്‍ തുടങ്ങിയ സലഫുകള്‍ ഈ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്'' (ശറഹുല്‍മുഹദ്ദബ് 5:215).

Feedback