Skip to main content

സലീം മൂന്നാമന്‍

ഉസ്മാനിയ ഖിലാഫത്തിന്റെ 28-ാമത്തെ സുല്‍ത്താന്‍ മുസ്തഫ മൂന്നാമന്റെ മകനും അബ്ദുല്‍ ഹമീദ് ഒന്നാമന്റെ പിന്‍ഗാമിയുമാണ് സലീം മൂന്നാമന്‍ ക്രി.1789-1807). 1761ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ജനനം. ഉന്നത വിദ്യാഭ്യാസം നേടി. കാലിഗ്രഫി, കവിതയെഴുത്ത് എന്നിവയില്‍ മികവ് കാട്ടി. രണ്ടിലധികം ഭാഷകളും വശമാക്കി.

ക്രി. 1789ല്‍ 27-ാം വയസ്സില്‍ ഇസ്തംബൂളിന്റെ സാരഥ്യമേറ്റു. പിതാവ് മുസ്തഫ മൂന്നാമനും പിതൃവ്യന്‍ അബ്ദുല്‍ ഹമീദ് ഒന്നാമനും തുടങ്ങിവെച്ച തുര്‍ക്കി ഖിലാഫത്തിന്റെ ആധുനികവല്‍ക്കരണം ശക്തമായി തുടരാന്‍ പ്രതിജ്ഞ ചെയ്തു.

റഷ്യന്‍ ആസ്ട്രിയന്‍ ആക്രമണങ്ങളില്‍ നിന്ന് സാമ്രാജ്യത്തെ രക്ഷിക്കാനും പുതിയ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും സൈന്യത്തെ നവീകരിക്കണമെന്ന് സലീം മൂന്നാമന്‍ ഉറച്ചു വിശ്വസിച്ചു. പിതാവ് ആ ശ്രമം തുടങ്ങിവച്ചതായിരുന്നു. ഇതിന് ജാനിസാരികളുടെ ഭാഗത്ത് നിന്നുണ്ടായ എതിര്‍പ്പിനെ് അവഗണിച്ചുകൊണ്ട് സലീം മൂന്നാമന്‍ ശ്രമം തുടര്‍ന്നു.

സൈനിക ഓഫീസര്‍മാരെ വിദേശ രാജ്യങ്ങളിലയച്ച് പരിശീലനം നല്‍കി. ആയുധങ്ങള്‍ ആധുനികവല്‍ക്കരിച്ചു. അങ്ങനെ 10,000 പേരടങ്ങിയ ഒരു ആധുനിക സൈനിക സംഘത്തെ ഉണ്ടാക്കിയെടുത്തു. പുതിയ സൈനിക വിദ്യാലയങ്ങളും തുറന്നു.

ഭരണക്രമവും പുനസ്സംഘടിപ്പിച്ചു. പ്രധാനമന്ത്രിക്കു പുറമെ പന്ത്രണ്ട് മന്ത്രിമാരടങ്ങുന്ന സെക്രട്ടറിയേറ്റ് രൂപീകരിച്ച് നയരൂപീകരണം ആസ്ട്രിയയിലും ജര്‍മനിയിലും എംബസികള്‍ തുറന്നു. രാജ്യതന്ത്രം പരിശീലിക്കാന്‍ തുര്‍ക്കി യുവാക്കളെ അവിടങ്ങളിലയച്ചു. കൂടുതല്‍ യുവാക്കള്‍ക്ക് ആധുനിക വിദ്യാഭ്യാസവും ലഭ്യമാക്കി.

ഇസ്തംബൂളില്‍ അച്ചടിശാലകള്‍ സ്ഥാപിച്ചു. അന്യഭാഷാ ഗ്രന്ഥങ്ങള്‍ തുര്‍ക്കിയിലേക്ക് ഭാഷാന്തരം നടത്തി പ്രസിദ്ധീകരിച്ചു. പ്രസിദ്ധമായ ഫ്രഞ്ച് വിപ്ലവം, നെപ്പോളിയന്റെ ഈജിപ്ത് ആക്രമണം എന്നിവ നടന്നത് ഇക്കാലത്താണ്.

സലീം മൂന്നാമന്റെ ആധുനീകരണ ശ്രമങ്ങളെ തുടക്കം മുതലേ എതിര്‍ത്തിരുന്ന ജാനിസാരികള്‍ സൂല്‍ത്താനെതിരെ വിപ്ലവം നയിച്ചു. ഗ്രാന്‍ഡ് മുഫ്തിയുടെ മതവിധി(ഫത്‌വ)യും സുല്‍ത്താനെതിരെ സമ്പാദിച്ചു. പ്രധാനമന്ത്രിയെയും അവര്‍ കൂട്ടുപിടിച്ചു. ക്രി. 1807) മെയ് 29ന് സലിം മൂന്നാമന്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു, ജയിലിലടക്കപ്പെടുകയും ചെയ്തു.

ക്രി. 1808 ജൂണ്‍ 28ന് (1223 ജുമാദല്‍ ഉഖ്‌റാ) തന്റെ 48 ാം വയസ്സില്‍ കൊട്ടാര തടങ്കലിലായിരുന്ന അദ്ദേഹം വധിക്കപ്പെടുകയായിരുന്നു. തുര്‍ക്കിയുടെ ആധുനികവല്‍ക്കരണത്തിന് വേഗത കൂടിയെങ്കിലും അത് പിന്നീട് സാമ്രാജ്യത്വത്തിന് വിനയാകുന്നതാണ് പിന്നീട് കണ്ടത്.

Feedback
  • Thursday Dec 18, 2025
  • Jumada ath-Thaniya 27 1447