Skip to main content

വക്കം അബ്ദുല്‍ ഖാദര്‍

മലയാള ഭാവുകത്വത്തെ നവീകരിക്കുന്നതില്‍ ധിഷണാപരമായ നേതൃത്വം നല്‍കിയ പണ്ഡിതനും എഴുത്തുകാരനും വിമര്‍ശകനും പത്രപ്രവര്‍ത്തകനുമാണ് വക്കം അബ്ദുല്‍ ഖാദര്‍. ആംഗലേയ എഴുത്തുകാരെ മലയാളികള്‍ക്കു പരിചയപ്പെടുത്തുന്നതില്‍ വക്കത്തെപ്പേലെ മറ്റൊരാളും പ്രവര്‍ത്തിച്ചിട്ടുണ്ടാവില്ല. കേരള നവോത്ഥാന ശില്‍പികളില്‍ പ്രമുഖനായ വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ നാലാമത്തെ പുത്രനായ വക്കം അബ്ദുല്‍ ഖാദര്‍ 1912 മെയ് രണ്ടിനാണ് ജനിച്ചത്. 

വക്കം മൗലവി 1905ല്‍ ആരംഭിച്ച 'സ്വദേശാഭമാനി' പത്രം തിരുവിതാംകൂര്‍ സര്‍ക്കാര്‍ കണ്ടുകെട്ടുകയും 1910ല്‍ നവംബര്‍ 26ന് പത്രാധിപരായ രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്ത ഒരു പ്രത്യേക ദശാസന്ധിയിലാണ് അദ്ദേഹത്തിന്റെ ജനനം. പഠനത്തില്‍ അബ്ദു പിന്നാക്കമായിരുന്നു. ഒമ്പതാമത്തെ വയസുവരെ മാതൃഗൃഹമായ അയിരൂരില്‍ താമസിച്ച് അറബി ഭാഷ പഠിച്ചു. ഒമ്പതാം വയസിലാണ് അദ്ദേഹം വക്കത്ത് താമസമാക്കുന്നത്. വക്കത്തെ ഭാഷാപണ്ഡിതനായ ഒരു ആശാനില്‍ നിന്ന് മലയാളം പഠിച്ചു. വീടിനടുത്തുണ്ടായിരുന്ന റൈട്ടര്‍വിളാകം സ്‌കൂളിലും അതിനു ശേഷം അഞ്ചുതെങ്ങ് മിഡില്‍ സ്‌കൂളിലും കോഴിക്കോട് മദ്രസത്തുല്‍ മുഹമ്മദിയ്യയിലും പഠിച്ചു. നെടുങ്ങണ്ടയില്‍ ശ്രീനാരായണ വിലാസം ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പഠിക്കുമ്പോഴാണ് 1932ല്‍ പിതാവ് മരിച്ചത്. ഉദരരോഗം ശല്യപ്പെടുത്തിയതിനാല്‍ അദ്ദേഹം സ്‌കൂള്‍ പഠനം ഉപേക്ഷിച്ചു.

ഔദ്യോഗിക പഠനം തുടരാന്‍ കഴിയാത്തതിലുള്ള ദുഃഖം ഒരു വാശിയായെടുത്ത അബ്ദുല്‍ ഖാദര്‍ പിന്നീട് ഇംഗ്ലീഷ്, ജര്‍മന്‍, അറബി, ഉര്‍ദ്, തമിഴ്, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകള്‍ സ്വായത്തമാക്കി. കിട്ടുന്നതെന്തും വായിക്കുക, പഠിക്കുക അതിനെ കുറിച്ച് എഴുതുക എന്നതായിരുന്നു രീതി. അടുത്ത സുഹൃത്തായിരുന്ന വി.വി. മേനോന്‍ എഴുതുന്നു: 'അദ്ദേഹം ഇന്ന് മെസ്മറിസത്തെക്കുറിച്ച് ആ വിഷയത്തില്‍ ഏറ്റവും പ്രാവീണ്യം സിദ്ധിച്ചിട്ടുള്ള ഗ്രന്ഥകാരന്‍ എഴുതിയ പുസ്തകം വായിക്കുന്നത് കാണാം. നാളെ റോബര്‍ട്ട് ലിന്‍ഡോ, ഡസ്മണ്ട് മക്കാത്തിയോ എഴുതിയിട്ടുള്ള ഒന്നാ തരം വിമര്‍ശനമായിരിക്കും വായിക്കുന്നത്. മറ്റെന്നാള്‍ പേരുകേട്ട കവിതകള്‍ മനോഹരമായി ഉരുവിടുകയായിരിക്കും ജോലി. അതിന്റെ പിറ്റേ ദിവസമാകട്ടെ മനുസ്മൃതിയെ കുറിച്ചുള്ള ഒരു പുസ്തകമോ ഹസ്തരേഖാ ശാസ്ത്രത്തെ കുറിച്ചുള്ള വല്ല ഗ്രന്ഥമോ ജീവചരിത്രകഥകളോ കവിതയോ മനഃശാസ്ത്ര പുസ്തകങ്ങളോ ആര്‍ത്തിയോട് കൂടി ഇരുന്ന് വായിക്കുന്നത് കാണാം. വിഷയത്തിന്റെ വൈവിധ്യത്തില്‍ ഇങ്ങനെ ശാസ്ത്രീയമായി ഒരു ശ്രദ്ധ കാണിക്കുന്ന വായനക്കാര്‍ അധികമുണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം'' (മാരാരും കൂട്ടരും പുറം 122, 123).

പത്രപ്രവര്‍ത്തനം,സാഹിത്യം,സമുദായ സേവനം
 
പിതാവിനെപ്പോലെ പത്രപ്രവര്‍ത്തനം മുഖേന സാഹിതീ സേവനവും സമുദായ സേവനവും നിര്‍വഹിക്കാമെന്നതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. 1934ല്‍ അദ്ദേഹം സഹോദരന്‍ അബ്ദുസ്സലാമിനൊപ്പം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് സ്ഥാപിച്ച അല്‍ അമീന്‍ പത്രാധിപ സമിതി അംഗമായി. അദ്ദേഹത്തിന്റെ ആദ്യത്തെ സാഹിത്യ സൃഷ്ടിയായിരുന്ന 'കാരുണ്യക്കാതലേ നീ പൊറുക്ക്' എന്ന കവിത ആ വര്‍ഷത്തെ അല്‍ അമീന്‍ നബിദിനപ്പതിപ്പില്‍ ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. ആ കാലത്ത് അദ്ദേഹം മാപ്പിളപ്പാട്ട് പഠനത്തില്‍ താത്പര്യം കാണിക്കുകയും കൂട്ടായി നൈനാന്‍ കുട്ടി മാസ്റ്ററുടെ സഹായത്തോടെ പാട്ട് വൃത്തങ്ങളെയും ഇശലുകളെയും കുറിച്ച് പഠനം നടത്തുകയും ചെയ്തു. തുടര്‍ന്ന് 1935ല്‍ മാപ്പിളപ്പാട്ടുകള്‍ എന്ന തലക്കെട്ടില്‍ അല്‍ അമീനില്‍ ഒരു ലേഖന പരമ്പര എഴുതി. ടി. ഉബൈദ് സാഹിബിനും പുന്നയൂര്‍ക്കുളം ബാപ്പു സാഹബിനും മറ്റും മാപ്പിളപ്പാട്ട് പഠന രംഗത്തുള്ള പ്രചോദനം ഈ പരമ്പരയായിരുന്നു.

1937ല്‍ അല്‍അമീനില്‍ നിന്നു വിട്ടു. 1940 മുതല്‍ 'മാപ്പിള റിവ്യൂ' മാസികയുടെ പത്രാധിപരമായി രണ്ടു വര്‍ഷത്തോളം കോഴിക്കോട് താമസിച്ചു. പിന്നീട് ഇരുണിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ദക്ഷിണ ഭാരതി', തിരുവല്ലയിലെ 'ഭാരത ചന്ദ്രിക' എന്നിവയുടെ പത്രാധിപ സമിതിയംഗമായി. മിസ്റ്റര്‍ കമാല്‍പാഷ തയ്യിലുമായി സഹകരിച്ച് കൊച്ചിയില്‍ നിന്ന് 'പ്രകാശം' എന്ന വാരിക പ്രസിദ്ധീകരിച്ചു. ഇഖ്ബാല്‍ സാഹിത്യത്തെ കുറിച്ച് ധാരാളം ലേഖനങ്ങള്‍ പ്രകാശത്തില്‍ എഴുതിക്കൊണ്ടിരുന്നു. വൈക്കം മുഹമ്മദ് ബഷീറും സൈനുദ്ദീന്‍ നൈനയും (ജമാല്‍ കൊച്ചങ്ങാടിയുടെ പിതാവ്) 'ഉജ്ജീവനം' വാരിക പ്രസിദ്ധീകരിച്ചിരുന്നതും ഇക്കാലത്തു തന്നെയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറും വക്കം അബ്ദുല്‍ ഖാറും അടുത്ത സുഹൃത്തുക്കളും സമകാലികരുമായിരുന്നു. കൊച്ചിയില്‍ താമസിക്കുന്ന കാലത്താണ് മട്ടാഞ്ചേരി ഇഖ്ബാല്‍ ലൈബ്രറിക്കു വേണ്ടി അല്ലാമാ ഇഖ്ബാലിന്റെ 'അസ്‌റാറെ ഖുദി' 'ആത്മരഹസ്യങ്ങള്‍' എന്ന പേരിലും, 'ശിക്‌വ ഔര്‍ ജവാബെ ശിക്‌വ' 'ആത്മ നിവേദനങ്ങള്‍' എന്ന നാമത്തിലും വിവര്‍ത്തനം ചെയ്തത്. ആത്മ രഹസ്യങ്ങള്‍ ഗദ്യത്തിലും ആത്മ നിവേദനങ്ങള്‍ പദ്യത്തിലുമാണ്. ആത്മ രഹസ്യങ്ങള്‍ക്ക് അവതാരിക എഴുതിയത് മഹാകവി ജി. ശങ്കരകുറുപ്പായിരുന്നു. ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം പേര്‍ഷ്യന്‍ ഭാഷ നേരിട്ട് പഠിച്ച് വിവര്‍ത്തനങ്ങള്‍ ഒത്തുനോക്കിയപ്പോള്‍ അദ്ദേഹത്തിന് ധാരാളം അബദ്ധങ്ങള്‍ സംഭവിച്ചതായി മനസ്സിലായി. അനന്തരം വിവര്‍ത്തനം മാറ്റി നിര്‍വഹിച്ചു.

കൃതികള്‍: മലയാള ശാസ്ത്രാന്വേഷണ ത്വരതയെ പ്രചോദിപ്പിച്ച ഗ്രന്ഥമാണ്''വിചാരവേദി'. 'പ്രതിഭാശാലികള്‍, തേജസ്വികള്‍, മഹാമനീഷികള്‍' എന്ന കൃതികളില്‍ സാഹിത്യത്തിലെയും ശാസ്ത്രത്തിലെയും രാഷ്ട്രമീമാംസയിലേയും പ്രതിഭാശാലികളായ കുറേപ്പേരെ പഠനവിധേയമാക്കിയിരിക്കുന്നു. ബര്‍ണാഡ് ഷാ, ചാള്‍സ് ഡാര്‍വിന്‍, എച്ച്. ജി. വെല്‍സ്, എമിലി സോള, സിഗ്മണ്ട് ഫ്രോയിഡ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്ട്രിന്‍ബര്‍ഗ്, സോമര്‍സെറ്റ് മോം, ലിയോ ടോള്‍സ്‌റ്റോയ്, ബര്‍ട്രന്‍ റസ്സല്‍, ആന്റണ്‍ ചെക്കോവ്, ജെ.ബി.എല്‍. ഹാള്‍ഡെയിന്‍, കാള്‍ മാക്‌സ്, ജൂലിയന്‍ ഹക്‌സിലി, ഫ്രഡറിക് നീഷേ, ഏണസ്റ്റ് ഹെമിംഗ് വെ, ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍, ബെഞ്ചമിന്‍ ഡിസ്രേലി, ഏണസ്റ്റ് വൂതര്‍ ഫോര്‍ഡ്, ജോണ്‍സ്റ്റുവര്‍ട്ട് മില്‍, എഡ്വേര്‍ഡ് റിബ്ബണ്‍, എ. ബാലകൃഷ്ണപിള്ള, അരവിന്ദന്‍, ഇമ്മാനുവല്‍ കാന്റ് എന്നീ മഹാപ്രതിഭകളെ നാല്‍പതുകളിലും അമ്പതുകളിലുമായി സാമാന്യം വിശദമായി മലയാളികള്‍ക്ക് പരിയചപ്പെടുത്തി അദ്ദേഹം. ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍, ഇക്ബാല്‍ ഇവരുടെ ജീവചരിത്രം പഠനങ്ങള്‍ ആ പേരുകളില്‍ പ്രകടമായും രചിച്ചിട്ടുണ്ട്. 

തൂലിക ചിത്രങ്ങള്‍ ഒരു പ്രസ്ഥാനമായി വളര്‍ത്തിയതില്‍ അദ്ദേഹത്തിന് പ്രത്യേക പങ്കുണ്ട്. 'തൂലികാ ചിത്രങ്ങള്‍', ചിത്രദര്‍ശിനി, ചിത്രമണ്ഡപം എന്നീ കൃതികളില്‍ കേരളത്തിലെ പ്രസിദ്ധരായ മിക്ക എഴുത്തുകാരെയും അവതരിപ്പിച്ചിട്ടുണ്ട്. 'ഇസ്‌ലാമിലെ ചിന്താ പ്രസ്ഥാനങ്ങള്‍' എന്ന കൃതി ഇസ്‌ലാമിലെ ചിന്താ ലോകത്തെ വിശകലനം ചെയ്യുന്നു. 'ഇഖ്ബാലിന്റെ ആത്മനിവേദനങ്ങള്‍, ആത്മരഹസ്യങ്ങള്‍', ചെഹോവിന്റെ മൂന്ന് സഹോദരിമാര്‍, ചെറിമരത്തോപ്പ്, ഐവാനോബ് മോന്‍സിലിന്റെ പാരവശ്യം, ടോള്‍സ്‌റ്റോയിുടെ കഥകള്‍, ആന്‍ഡര്‍സന്‍ കഥകള്‍ എന്നിവ പരിഭാഷകളാണ്. സാഹിത്യ വിമര്‍ശനത്തിലാണ് കൂടുതല്‍ കൃതികള്‍ രചിച്ചിട്ടുള്ളത്. 'വിമര്‍ശവും വിമര്‍ശകന്‍മാരും', 'ജിയും ഭാഷാ കവികളും' 'സാഹിത്യ രൂപങ്ങള്‍', 'പുരോഗതിയും സാഹിത്യ കലകളും', 'വിചാര വീഥി' എന്നിവ സാഹിത്യ വിമര്‍ശന സംബന്ധിയായുള്ളതാണ്. 'ആരു ജീവിക്കുന്നു', 'സ്വദേശാഭിമാനി' എന്നീ രണ്ട് നാടകങ്ങളും അദ്ദേഹത്തിൻറെതായിട്ടുണ്ട്.

വക്കം അബ്ദുല്‍ ഖാദറിനെക്കുറിച്ച് ഡോ. സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍: ''ഞങ്ങളുടെ തലമുറ സാഹിത്യവും കലയും തത്വശാസ്ത്രവും രാഷ്ട്രമീമാംസയും നൂതന ചിന്തകളും മനസിലാക്കിയത് വക്കം അബ്ദുല്‍ ഖാദറില്‍ നിന്നാണ്. മലയാളത്തില്‍ ചിന്താ പ്രസ്ഥാനങ്ങള്‍ അവതരിപ്പിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് അദ്ദേഹമാണ്.'' 

മരണം: 1976 ആഗസ്ത് 23.
 

Feedback