Skip to main content

സല്‍മാന്‍ ഔദ

ഇസ്‌ലാമിക വിഷയങ്ങളിലുള്ള ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ നിത്യ സാന്നിദ്ധ്യമാണ് സല്‍മാന്‍ ഔദ. ഇസ്‌ലാമിക പണ്ഡിതനും പ്രസംഗകനുമായ സല്‍മാന്‍ ബിന്‍ ഫഹദ് ബിന്‍ അബ്ദുല്ലാ അല്‍ ഔദ സുഊദി അറേബ്യയിലെ ഏറ്റവും പ്രശസ്തനായ ഇസ്‌ലാമിക വാഗ്മിയാണ്.

സുഊദി അറേബ്യയിലെ അല്‍ ഖസീമിലുള്ള ബുറയ്ദ നഗരത്തിനടുത്തുള്ള അല്‍ ബസര്‍ എന്ന സ്ഥലത്ത് 1955ലാണ് ജനിച്ചത്. ബുറയ്ദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രാദേശികമായ ഷെയ്ഖുമാരില്‍ നിന്നാണ്  അദ്ദേഹം അറബിക് വ്യാകരണം, ഹന്‍ബലി നിയമശാസ്ത്രം, ഹദീസ് എന്നിവ സ്വായത്തമാക്കുന്നത്. തുടര്‍ന്ന് ഇമാം മുഹമ്മദ് ബിന്‍ സുഊദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി എ ബിരുദവും ഇസ്‌ലാമിക നിയമശാസ്ത്രത്തില്‍ എം എയും പി എച്ച് ഡിയും നേടി. 

സുഊദി സര്‍ക്കാറിനെതിരെ പ്രവര്‍ത്തിച്ച കുറ്റത്തിന് അഞ്ച് വര്‍ഷം തടവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ജയിലില്‍ നിന്ന് മോചനം നേടിയ ശേഷം സല്‍മാന്‍ സുഊദിയിലെ ഏറ്റവും പ്രഗത്ഭനായ വാഗ്മിയായി തിരിച്ചുവരവുനടത്തി.  1990-1991 കാലഘട്ടത്തില്‍ ഉണ്ടായ ഗള്‍ഫ് സാമ്പത്തിക മാന്ദ്യവും അമേരിക്കന്‍ സഹായത്തോടെ സദ്ദാം ഹുസൈനെതിരെ നടന്ന ഗള്‍ഫ് യുദ്ധവുമാണ് ഔദയെ സുഊദി സര്‍ക്കാറുമായി പിണക്കിയത്. അമേരിക്കന്‍ സൈന്യത്തിന് സുഊദിയില്‍ ഇടം നല്‍കുന്നതിനെ ചോദ്യം ചെയ്ത ഔദ സുഊദി സൈന്യത്തിന്റെ ശക്തിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് അദ്ദേഹം രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ടത്.

അബ്ദുല്‍ അസീസ് ഇബ്‌നു അബ്ദില്ലാ ഇബ്‌ന് ബാസ്, മുഹമ്മദ് ഇബ്‌നുല്‍ ഉസയ്മീന്‍, അബ്ദുല്ല അബ്ദുല്‍ റഹ്മാന്‍ ജിബ്രീന്‍, ശെയ്ഖ് സാലിഹ് അല്‍ ബ്‌ലീഹി തുടങ്ങിയ പണ്ഡിതന്‍മാരാണ് ഗുരുക്കന്‍മാര്‍. 'അറബിക്' എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

Feedback
  • Saturday Nov 1, 2025
  • Jumada al-Ula 10 1447