Skip to main content

ഉമറുബ്‌നു അബ്ദില്‍ അസീസ്

സുലൈമാനുബ്‌നു അബ്ദില്‍ മലിക് നിര്യാതനായി. മയ്യിത്ത് ഖബറടക്കും മുമ്പുതന്നെ, സുലൈമാന്റെ വിശ്വസ്തനായ റജാഉബ്‌നു ഹൈവ മിമ്പറില്‍ കയറി. തന്റെ പിന്‍ഗാമി ആരാണെന്നെഴുതി സുലൈമാന്‍ ഏല്പിച്ച കത്തെടുത്തു പേരു വായിച്ചു: ''സഹോദരന്‍ അബ്ദുല്‍ അസീസിന്റെ മകന്‍ ഉമര്‍.''

പള്ളിയില്‍ കൂടി നില്ക്കുന്നവരില്‍ നിന്നൊരാള്‍ ഉച്ചത്തില്‍ പറഞ്ഞു. ''ഇന്നാലില്ലാഹ് വഇന്നാ ഇലൈഹി റാജിഊന്‍'' പിന്നീടയാള്‍ തളര്‍ന്നിരിക്കുകയും ചെയ്തു.

ആളുകള്‍ അദ്ദേഹത്തെ താങ്ങിയെടുത്ത് മിമ്പറില്‍ കയറ്റി. നിറകണ്ണുകളോടെ ഏതാനും വാക്കുകള്‍ സംസാരിച്ചു. ശേഷം അവിടെ കൂടിയവരെല്ലാം അദ്ദേഹത്തിന് ബൈഅത്തും ചെയ്തു.

ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അടുത്ത അമീറായിരുന്നു അദ്ദേഹം. അതേ, ഖലീഫമാര്‍ക്കുശേഷം മുസ്‌ലിം ലോകത്തിനു മുന്നില്‍ വെണ്‍ താരകമായി തിളങ്ങിയ ഉമറുബ്‌നു അബ്ദില്‍ അസീസ്(റ, 717-720).

നമസ്‌കാരം കഴിഞ്ഞ് പരിചാരകര്‍ ഉമറിനെ കൊട്ടാരത്തിലേക്ക് ആനയിച്ചു. എന്നാല്‍ അദ്ദേഹം പോയത് സ്വന്തം വീട്ടിലേക്ക്. അതും തന്റെ കോവര്‍ കഴുതയുടെ പുറത്തുകയറി.

ഹിജ്‌റ 61ല്‍ ഈജിപ്തിലെ ഹുല്‍വാനിലാണ് ജനനം. മര്‍വാന്റെ പുത്രനും ഈജിപ്ത് ഗവര്‍ണറുമായിരുന്ന അബ്ദുല്‍ അസീസ് ആണ് പിതാവ്. മാതാവ്, ഖലീഫ ഉമറിന്റെ കാലത്തെ പാല്‍ക്കാരി പെണ്‍കുട്ടിയുടെ മകള്‍ ലൈല എന്ന ഉമ്മു ആസ്വിം. ഖലീഫ ഉമറിന്റെ പൗത്രിയുടെ മകനാണ് ഉമറുബ്‌നു അബ്ദില്‍ അസീസ് എന്നര്‍ഥം.

ഖുര്‍ആന്‍ മനപ്പാഠത്തിനുശേഷം ഉപരിപഠനം മദീനയിലെ മസ്ജിദുന്നബവിയില്‍. ഗുരു സ്വാലിഹുബ്‌നു കൈസാന്‍. മാതൃക അമ്മാവനായ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ). ഈജിപ്ത് ഗവര്‍ണറായിരിക്കെ പിതാവ് കാഴ്ചവെച്ച ഭരണവും ഉമറിന് മാതൃകയായി. അക്കാലത്തെ പ്രമുഖ പണ്ഡിതനായും അറിയപ്പെട്ടു.

വലീദ്  അമീറായിരിക്കെ ഉമറിനെ മദീനയിലെ ഗവര്‍ണറാക്കി. മസ്ജിദുന്നബവിയുടെ വിപുലീകരണത്തിന് നേതൃത്വം നല്‍കിയതും ഇക്കാലത്തു തന്നെയാണ്. അമീറുമാരെ സന്ദര്‍ശിക്കുകയോ അവരില്‍നിന്ന്  സഹായങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാത്ത പ്രസിദ്ധ പണ്ഡിതന്‍ സഈദുബ്‌നു മുസ്വയ്യബ്. പക്ഷേ, ഇദ്ദേഹത്തെ സ്‌നേഹിക്കുകയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

മറ്റുപേജുകള്‍:

രണ്ടാം ഉമര്‍

 

Feedback
  • Tuesday Dec 16, 2025
  • Jumada ath-Thaniya 25 1447