Skip to main content

അല്‍ ബിത്‌റൂജി

ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന ധാരണയ്ക്കും ടോളമിയുടെ നിഗമനങ്ങള്‍ക്കും ശക്തമായ പ്രഹരമേല്പിച്ചുകൊണ്ട് വാന, ഗണിത, ഭൂമി ശാസ്ത്രമേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച സ്പാനിഷ് മുസ്‌ലിം ശാസ്ത്രജ്ഞനാണ് നൂറുദ്ദീന്‍ അബൂ ഇസ്ഹാഖ് അല്‍ ബിത്‌റൂജി. ഇസ്‌ലാമിക പണ്ഡിതന്‍ കൂടിയായിരുന്ന അല്‍ ബിത്‌റൂജി 12ാം നൂറ്റാണ്ടില്‍ മൊറോക്കോയിലാണ് ജനിച്ചത്.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വാനശാസ്ത്രത്തിലും ഉല്‍ക്കാശാസ്ത്രത്തിലും ഫിസിക്‌സിലുമെല്ലാം ഇദ്ദേഹത്തിന്റെ ഒട്ടനവധി ഗ്രന്ഥങ്ങള്‍ പുറത്തുവന്നു. അരിസ്റ്റോട്ടില്‍ രചനകള്‍ക്ക് ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ നല്കിയ ധിഷണാശാലി കൂടിയായിരുന്നു അല്‍ ബിത്‌റൂജി. അദ്ദേഹത്തിന്റെ ഗ്രന്ഥമായ 'കിത്താബുല്‍ ഹയാ' പതിമൂന്നാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയില്‍ ശാസ്ത്രലോകത്ത് സ്വീകാര്യത നേടിയിരുന്നു. 1217 ല്‍ മൈക്ക്ള്‍ സ്‌കോട് ഈ ഗ്രന്ഥം ലാറ്റിന്‍ ഭാഷയിലേക്കും 1259 ല്‍ മൂസ ഇബ്‌നു തിബന്‍ ഹിബ്രുവിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

'അല്‍ പെട്രോജിയസ്' എന്ന് ചാന്ദ്രഗര്‍ത്തങ്ങളിലൊന്നിന് പേരിട്ടത് അല്‍ബിത്‌റൂജിയോടുള്ള ആദരസൂചകമായാണ്. ഇബ്‌നു തുഫൈലിന്റെ ശിഷ്യനും അവര്‍റോസിന്റെ സമകാലികനുമായിരുന്നു. 1204ല്‍ സ്‌പെയിനില്‍ മരിച്ചു. 
     

Feedback
  • Wednesday Sep 17, 2025
  • Rabia al-Awwal 24 1447