Skip to main content

പ്രപഞ്ചത്തിന്റെ പ്രായം

ആറു ദിവസം കൊണ്ടാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് ക്രിസ്തുമതാനുയായികള്‍ വിശ്വസിക്കുന്നു. ഏഴാം ദിവസം കര്‍ത്താവ് വിശ്രമിച്ചു എന്ന് ബൈബിള്‍ പറയുമ്പാള്‍, ആറ് ഭൗമ ദിനങ്ങളാണ് ഉദ്ദേശിച്ചതെന്നു വ്യക്തം. ആഴ്ച എന്ന സങ്കല്പത്തില്‍ നിന്നാണ് ഏഴാം ദിവസത്തെ വിശ്രമത്തിലൂടെ അതു പൂര്‍ത്തിയാക്കുന്നത്. 

ഉറക്കമോ മയക്കമോ ക്ഷീണമോ വിശ്രമമോ ഇല്ലാത്ത സര്‍വേശ്വരനെയാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആറു ദിവസം കൊണ്ടു തന്നെയാണ് പ്രപഞ്ചസൃഷ്ടി നടന്നതെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ ഏഴാം ദിവസത്തെ ദൈവത്തിന്റെ വിശ്രമത്തെ അതു തള്ളിക്കളയുന്നു. ആറു ദിവസത്തിലാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് ബൈബിളിലും ഖുര്‍ആനിലും ഒരുപോലെ കാണുന്നത്, അല്ലാഹുവില്‍ നിന്നാണ് രണ്ടും അവതരിക്കപ്പെട്ടതെന്നതിന് തെളിവാണ്. തുടര്‍ന്നു പറഞ്ഞ ബൈബിളിലെ അബദ്ധം തിരുത്താന്‍ ഖുര്‍ആന് കഴിയുന്നത് അതിന്റെ അമാനുഷഭാവം എക്കാലത്തും സംരക്ഷിക്കപ്പെടുന്നതു കൊണ്ടുമാണ്.

ഖുര്‍ആന്‍ പറയുന്നു: ''നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി വാനലോകങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ അര്‍ശിന്മേല്‍ നിലകൊണ്ടു'' (7:54).

അര്‍ശ് എന്നാല്‍ ഭാഷാപരമായി സിംഹാസനം, അധികാരകേന്ദ്രം എന്നൊക്കെയാണ് അര്‍ഥം. ഇസ്തവാ എന്ന പദത്തിന് ആലങ്കാരികമായി ഉപവിഷ്ടനായി, ഇരുന്നു എന്നെല്ലാം അര്‍ഥം നല്‍കാറുണ്ട്. പുക പടലമായിരുന്ന ആകാശത്തിനു നേര്‍ക്ക് കല്പനയിറക്കി, തിരിഞ്ഞു (41:11) എന്നു പറയുമ്പോഴും ഇസ്തവാ എന്നുതന്നെയാണ് ഖുര്‍ആന്‍ അര്‍ഥഗര്‍ഭമായി പ്രയോഗിച്ചത്. അവിടെ, 'പുകപടലത്തില്‍ ഉപവിഷ്ടനായി' എന്ന സങ്കല്പം ഒരിക്കലും ചേരില്ല. അപ്പോള്‍ അര്‍ശ് എന്നത് കൂടുതല്‍ വിശാലമായ അര്‍ഥം നല്കപ്പെടേണ്ട സംജ്ഞയായിട്ടാണ് ഖുര്‍ആന്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നത്.


പ്രപഞ്ചത്തിന്റെ പ്രായം ആറു ദിവസമാണെന്നു പറയുന്ന ഖുര്‍ആന്‍, ആ പ്രായമളക്കുന്ന പ്രമാണ (Frame of reference)മായി 'സിംഹാസന'ത്തെ സ്വീകരിക്കുന്നതു കാണാം. ഇതേ സിംഹാസനത്തെ പ്രമാണമാക്കി ഭൂമിയുടെ പ്രായത്തിലേക്കും ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നുണ്ട്. 'സിംഹാസന'മെന്ന മനുഷ്യര്‍ക്ക് അജ്ഞേയമായ പ്രമാണത്തിനു സാപേക്ഷമായി പ്രപഞ്ചത്തിനു പ്രായം ആറു ദിവസമാണെങ്കില്‍, ഭൂമിയുടെ പ്രായം അതേ പ്രമാണത്തില്‍ വെച്ച് അളക്കുമ്പോള്‍ രണ്ടു ദിവസം മാത്രമാണെന്നും ഖുര്‍ആന്‍ നമ്മെ അറിയിക്കുന്നു: ''നീ പറയുക: രണ്ടു ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന് നിങ്ങള്‍ സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്?'' (41:9).


സമയം സാപേക്ഷികമാണ്. അനന്തമായ ഭൂതത്തില്‍ നിന്ന് അറ്റമില്ലാത്ത ഭാവിയിലേക്ക് ഒരേ താളത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന കാല പ്രവാഹം എന്ന സങ്കല്പം നിരര്‍ഥകമാണ്. അളക്കുന്ന പ്രമാണത്തിന്റെ വേഗവും ഗുരുത്വവും ആശ്രയിച്ച് സമയം മാറിക്കൊണ്ടിരിക്കും. അപരിമേയമായ പിണ്ഡമുള്ള പ്രമാണത്തില്‍ സമയം പതുക്കെ മാത്രമേ നീങ്ങുകയുള്ളൂവെന്ന് ഐന്‍സ്റ്റൈന്റെ സാമാന്യ സാപേക്ഷതാ വാദം വെളിപ്പെടുത്തുന്നു. മഹാപിണ്ഡമുള്ള, ഗുരുത്വശക്തിയുടെ ഈറ്റില്ലമായ തമോദ്വാരങ്ങളുടെയും ക്വാസാറുകളുടെയും പരിസരങ്ങളില്‍ നിന്ന് പ്രപഞ്ചത്തിന്റെ പ്രായമളന്നാല്‍ പ്രപഞ്ചം പിറന്നിട്ട് വിരലിലെണ്ണാവുന്ന വര്‍ഷങ്ങളേ ആയിട്ടുള്ളൂവെന്ന് തോന്നും. 


പപഞ്ചത്തിന്റെ പ്രായം 1370 കോടി വര്‍ഷമാണെന്ന് ശാസ്ത്രം കണക്കാക്കുന്നത് ഭൂമിയെന്ന ചെറിയ ഗുരുത്വബലമുള്ള പ്രമാണത്തില്‍ വെച്ചാണ്. ഭൂമിയുടെ പ്രായം 456.7 കോടി വര്‍ഷമായി തിട്ടപ്പെടുത്തുന്നതും ഭൂമിയില്‍ വെച്ചുതന്നെ. ഉദാഹരണത്തിന്, ഭൂമിയേക്കാള്‍ വളരെയധികം ഗുരുത്വബലം അനുഭവപ്പെടുന്ന ഒരു പ്രമാണത്തില്‍വെച്ച് പ്രപഞ്ചത്തിന്റെ പ്രായം അളന്നപ്പോള്‍ പതിനഞ്ചു വര്‍ഷം എന്ന ഉത്തരമാണ് കിട്ടിയതെന്നിരിക്കട്ടെ. അതേ പ്രമാണത്തില്‍ വെച്ച് ഭൂമിയുടെ പ്രായമളന്നാലോ? സാപേക്ഷ സമയ പ്രകാരം അഞ്ചുവര്‍ഷം എന്ന ഒഴിച്ചുകൂടാനാവാത്ത ഉത്തരത്തിലായിരിക്കും ചെന്നെത്തുക. പ്രപഞ്ചത്തിന്റെ പ്രായത്തിന്റെ മൂന്നിലൊന്നാണ് ഭൂമിയുടെ ഇപ്പോഴത്തെ പ്രായം എന്ന അനുപാതം ഏതു പ്രമാണത്തില്‍ വെച്ച് അളന്നാലും കാത്തു സൂക്ഷിക്കപ്പെടുന്നതു കാണാം. പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും പ്രായം തമ്മിലുള്ള അനുപാതത്തിനാണ് ഖുര്‍ആന്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്നു വ്യക്തം. പ്രമാണം നിര്‍വചിക്കാതെ പ്രായം പറയുന്നത് നിരര്‍ഥകമാണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. 'സിംഹാസന'മെന്ന നമുക്കറിയാത്ത പ്രമാണത്തെയാണ് ഖുര്‍ആന്‍ അടിസ്ഥാനമാക്കുന്നത്. ഈ പ്രമാണത്തിനു സാപേക്ഷമായി പ്രപഞ്ചത്തിന്റെ പ്രായം ആറു ദിവസമാണെന്നു പറയുന്ന ഖുര്‍ആന്‍, ഭൂമിയുടെ പ്രായം ഇതേ പ്രമാണത്തില്‍വെച്ച് അളക്കുമ്പോള്‍ രണ്ടു ദിവസമാണെന്നു വ്യക്തമാക്കുന്നത് വലിയ യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. പ്രപഞ്ചത്തിന്റെ പ്രായവും (6) ഭൂമിയുടെ പ്രായവും (2) തമ്മിലുള്ള അനുപാതം 2/6 = 1/3 ആണെന്നു കിട്ടുന്നു.  
ശാസ്ത്രം പറയുന്നതും ഇതു തന്നെയാണ്. ഭൂമിയെ പ്രമാണമാക്കി അളക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ പ്രായം 1370 കോടി വര്‍ഷവും ഭൂമിയുടെ പ്രായം 456.7 കോടി വര്‍ഷവും ആണല്ലോ. 4.567/13.7 എന്നത് 1/3 എന്ന അനുപാതത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. സിംഹാസനത്തില്‍ വെറും ആറു ദിവസം പിന്നിടുന്നത് ഭൂമിയില്‍ 1370 കോടി വര്‍ഷമായി അനുഭവപ്പെടുന്നു എന്നര്‍ഥം. അര്‍ശ് എന്ന പ്രമാണത്തിലെ ഒരു ദിനത്തിന് ഭൂമിയില്‍ 228 കോടി വര്‍ഷത്തിന്റെ ദൈര്‍ഘ്യമുണ്ടെന്ന് ഖുര്‍ആന്‍ വചനങ്ങളുടെ വെളിച്ചത്തില്‍ ഗ്രഹിച്ചെടുക്കാം (13.7/6 = 2.28 ബില്യണ്‍).


ദൈവസിംഹാസനമെന്നത് ഒരു റഫറന്‍സ് മാത്രമാണെന്ന് മനസ്സിലാകുന്നു. അല്ലാഹു പ്രമാണ ബദ്ധമല്ലെന്നും അവന്‍ ഏകനും പരാശ്രയം ആവശ്യമില്ലാത്തവനും ഏറ്റവും വലിയവനുമാണെന്നും, സിംഹാസനമെന്നല്ല എന്തും അവന്റെ കൈപ്പിടിയിലാണെന്നും ഖുര്‍ആനില്‍ നിന്നുതന്നെ ഗ്രഹിക്കാം. 


ഖുര്‍ആനിനെതിരെ ക്രിസ്ത്യാനികളടക്കം പലരും ഇങ്ങനെ വിമര്‍ശനമുന്നയിക്കാറുണ്ട്: വാന ലോകങ്ങളും ഭൂമിയുമെല്ലാം ആറു ദിനങ്ങളിലാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും ഭൂമി സൃഷ്ടിക്കപ്പെട്ടത് രണ്ടു ദിവസം കൊണ്ടാണെന്ന് വേറെ പ്രത്യേകമായി പറയുന്നതു കൂടി കൂട്ടുമ്പോള്‍ ആകെ എട്ടു ഘട്ട(periods)മായില്ലേ എന്നാണ് വിമര്‍ശനം. ഈ വിമര്‍ശനം വളരെ ബാലിശമാണെന്ന് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം: ഒരു പിതാവിന്റെ പ്രായം 40 വയസ്സും മകന്റെ പ്രായം 15 വയസ്സുമാണെന്നിരിക്കട്ടെ. ഇതു രണ്ടുംകൂടി കൂട്ടി ആകെ 55 വയസ്സ് എന്നു പറയാറില്ലല്ലോ. പിതാവിന് 25 വയസ്സ് ആകുന്നതുവരെ ആ മകന്‍ പിറന്നിരുന്നില്ലെന്നും അല്ലെങ്കില്‍ അദ്ദേഹത്തിന് 25 വയസ്സ് ആയപ്പോള്‍ മാത്രമാണ് മകന്‍ പിറന്നതെന്നും ഇതില്‍നിന്ന് ഊഹിക്കാം. അതുപോലെ, ഇപ്പോള്‍ പിതാവിന് 40 വയസ്സായെങ്കില്‍ മകന് 15 വയസ്സായിട്ടുണ്ടാകുമെന്നും മനസ്സിലാക്കാം. ഇവിടെ 55 വയസ്സിന് എന്തു പ്രസക്തിയാണുള്ളത്? പിതാവിനെ പ്രപഞ്ചമായും മകനെ ഭൂമിയുമായും സങ്കല്‍പ്പിച്ചു നോക്കൂ. കാര്യങ്ങള്‍ വ്യക്തമാകും. ഭൂമിയടക്കമുള്ള മൊത്തം പ്രപഞ്ചത്തിന്റെ പ്രായം ആറു ദിവസമാണെന്നും ഭൂമിയുടെ പ്രായം രണ്ടു ദിവസമാണെന്നും ഏഴ് ആകാശങ്ങളെ ആദ്യത്തെ രണ്ടു ദിവസങ്ങളിലാണ് സൃഷ്ടിച്ചതെന്നുമൊക്കെ ഖുര്‍ആന്‍ പറയുമ്പോള്‍ അതില്‍ അബദ്ധം കണ്ടെത്തുന്നത് സഹതാപാര്‍ഹമാണ്. 


ഒന്നാം ദിവസംതന്നെ വാനലോകങ്ങളോടൊപ്പം ഭൂമി സൃഷ്ടിക്കപ്പെട്ടിരുന്നു എന്നാണ് ബൈബിള്‍ പറയുന്നത്. അപ്പോള്‍ പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും പ്രായം ബൈബിള്‍ ഒന്നാക്കുകയല്ലേ സത്യത്തില്‍ ചെയ്യുന്നത്? ആറായിരം കൊല്ലം മുമ്പാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന, തീരെ യുക്തിക്ക് നിരക്കാത്ത പരാമര്‍ശവും ബൈബിളില്‍ കാണാം. 13 ബില്ല്യണ്‍ വര്‍ഷം ദൂരെയുള്ള ഗ്യാലക്‌സികള്‍ ഇന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ നിന്ന് പ്രകാശം ഇവിടെ എത്തുന്നുണ്ട് എന്ന ഒരൊറ്റ തെളിവുമതി, ബൈബിളിലെ ആറായിരം കൊല്ലമെന്ന വാദം തകര്‍ന്നു പോകാന്‍. ഈ പ്രശ്‌നത്തില്‍ നിന്നു രക്ഷപ്പെടാന്‍, പ്രകാശം പ്രകാശത്തേക്കാള്‍ വലിയ വേഗത്തില്‍ ഈ കാലയളവിനുള്ളില്‍ സഞ്ചരിച്ചതുകൊണ്ടാണ് വിദൂര ഗ്യാലക്‌സികളില്‍ നിന്ന് ഇവിടെ പ്രകാശമെത്തിയതെന്ന് അവര്‍ വാദിക്കുന്നു. ഐന്‍സ്റ്റൈന്റെ സാപേക്ഷതാവാദ പ്രകാരം പ്രകാശപ്രവേഗം സ്ഥിരമായിരിക്കും. പ്രപഞ്ചത്തിലെ ഏറ്റവും വലിയ വേഗമാണത്. നോണ്‍ ഇനേര്‍ഷ്യല്‍ ഫ്രെയിമില്‍ ഈ വേഗം 299792.458 കിലോമീറ്റര്‍/സെക്കന്‍ഡാണ്. അതില്‍ക്കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വസ്തുക്കള്‍ ശാസ്ത്രലോകത്ത് ഇന്നും പരിചിതമല്ല. ട്രാക്കിയോണ്‍ പോലുള്ള പല സൈദ്ധാന്തിക കണങ്ങളും ഇടയ്ക്ക് കൗതുക വാര്‍ത്ത സൃഷ്ടിക്കാറുണ്ടെങ്കിലും ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഐന്‍സ്റ്റൈന്റെ സാപേക്ഷതാവാദം തെറ്റാണെന്നു പോലും പ്രചരിപ്പിക്കാന്‍ ക്രിസ്ത്യാനികള്‍ നിര്‍ബന്ധിതരായി. 


ആയിരം ചാന്ദ്രവര്‍ഷത്തില്‍ ചന്ദ്രന്‍ ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന അത്രയും ദൂരമാണ് പ്രകാശം ഒരു ഭൗമദിനത്തില്‍ സഞ്ചരിക്കുന്നതെന്നു വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തം (32:5) ബൈബിളില്‍ നിന്നു കട്ടെടുത്തതാണെന്ന് ക്രിസ്ത്യാനികള്‍ വാദിക്കാറുണ്ട്. ആ ഖുര്‍ആന്‍ വചനം ഇങ്ങനെയാണ്: ''അവന്‍ വാനലോകത്തു നിന്നും ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നെ ഈ കാര്യങ്ങള്‍ അവങ്കലേക്ക് ആരോഹണം ചെയ്യുന്നത് നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ആയിരം വര്‍ഷത്തിനു തുല്യമായ ദൂരത്തിലാണ്'' (32:5).


സമാനമെന്നു തോന്നിക്കുന്ന ബൈബിള്‍ വചനം ഇതാണ്: ''കര്‍ത്താവിന്റെ അടുത്ത് ഒരു ദിവസമെന്നത് ആയിരം വര്‍ഷം പോലെയാണ്; ആയിരം വര്‍ഷമെന്നതോ ഒരു ദിവസം പോലെയും'' (2 പീറ്റര്‍ 3:8).

Feedback