Skip to main content

പ്രപഞ്ചം (5)

മനുഷ്യനെ സംബന്ധിച്ചേടത്തോളം ചരിത്രകാലം എന്നറിയപ്പെടുന്ന ഏതാനും സഹസ്രാബ്ദങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ മാത്രമേ അറിയൂ. എന്നാല്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ശേഷം ചരിത്രകാലത്തിനിടയില്‍ എത്രയോ നീണ്ട കാലമുണ്ട്. ചരിത്രാതീത കാലത്ത് ഉണ്ടായ ചില കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആനും മറ്റു വേദഗ്രന്ഥങ്ങളും പറഞ്ഞുതന്നിട്ടുണ്ട്. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ്, വികാസം, വിശാലത, പരിവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടേറെ സങ്കീര്‍ണമായ കാര്യങ്ങള്‍ മനുഷ്യന്ന് അജ്ഞാതമാണ്. തന്റെ ബുദ്ധിയും ചിന്തയും കൊണ്ട് വികസിപ്പിച്ചെടുത്ത ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും നിഗമനങ്ങളുമായി ഒട്ടേറെ പ്രപഞ്ച രഹസ്യങ്ങള്‍ ആധുനിക മനുഷ്യന്‍ മനസ്സിലാക്കിയിട്ടുണ്ട്. പല കണ്ടെത്തലുകളും പില്കാലത്ത് തിരുത്തേണ്ടി വന്നിട്ടുമുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ പ്രപഞ്ച പഠനം അനിവാര്യമാണെന്നുണര്‍ത്തുന്ന അനേകം സൂചനകളുണ്ട്. അനന്തമജ്ഞാതമവര്‍ണനീയമായ പ്രപഞ്ചത്തിന്റെ ഒരു മൂലക്കിരുന്ന് മനുഷ്യന്‍ എത്തിച്ചേരുന്ന നിഗമനങ്ങളേക്കാള്‍ എത്രയോ ബൃഹത്താണ് വസ്തുത. അതിന്റെ സ്രഷ്ടാവ് എത്രമാത്രം സൂക്ഷ്മജ്ഞനാണെന്ന് തിരിച്ചറിയാന്‍ മനുഷ്യനു കഴിയണം. വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. 'തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറിമാറി വരുന്നതിലും സദ്ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്' (3:190).

Feedback