മക്കയില്‍ നിന്ന് പലായനം ചെയ്‌തെത്തിയ മുഹമ്മദ് നബി(സ്വ) മദീനയില്‍ നിര്‍മിച്ച പള്ളിയാണ് മസ്ജിദുന്നബവി. ഈത്തപ്പനകളും മുന്തിരിവള്ളികളും ഉപവനങ്ങളും നല്‍കിയ പച്ചവര്‍ണത്തില്‍ നിറഞ്ഞു നിന്നിരുന്ന യസ്‌രിബ് തിരുനബിയുടെ വരവോടെ റസൂലിന്റെ പട്ടണം (മദീനത്തുര്‍റസൂല്‍) ആയി. ആ പട്ടണത്തില്‍ നബി പണിത പള്ളി മസ്ജിദുന്നബവി(നബിയുടെ പള്ളി)യുമായി. ക്രി.വര്‍ഷം 622ലാണ് ഇത് പണിതത്.
പുണ്യംതേടി യാത്ര പോകാവുന്ന മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് മുസ്‌ലിംകള്‍ക്കുള്ളത്. ഒന്ന് മസ്ജിദുല്‍ഹറാം (മക്ക). രണ്ട്, മസ്ജിദുന്നബവി (മദീന). മൂന്ന് മസ്ജിദുല്‍ അഖ്‌സ്വാ (ഫലസ്ത്വീന്‍). ഹജ്ജും ഉംറയും മക്കയിലാണ്. മസ്ജിദുന്നബവിയിലും മസ്ജിദുല്‍ അഖ്‌സ്വായിലും നിര്‍ബന്ധമോ ഐഛികമോ ആയ യാതൊരു കര്‍മങ്ങളുമില്ല. അവിടങ്ങളിലുള്ള നമസ്‌കാരങ്ങള്‍ ഇതര പള്ളികളിലെ നമസ്‌കാരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലമുണ്ടെന്നാണ് നബി(സ്വ) പറഞ്ഞിട്ടുണ്ട് (ബുഖാരി).
നബി(സ്വ)യുടെ വീടിനും പള്ളിയിലെ പ്രസംഗ പീഠത്തിനും ഇടയിലുള്ള റൗദ മസ്ജിദുന്നബവിയിലാണ്. തിരുദൂതരുടെയും ഖലീഫമാരായ അബൂബക്കര്‍(റ), ഉമര്‍(റ), എന്നിവരുടെയും ഖബ്‌റുകള്‍ മസ്ജിദുന്നബവിയോട് ചേര്‍ന്നുനില്ക്കുന്ന പ്രവാചക ഭവനത്തിലാണ്. ശില്പകല വിളിച്ചോതുന്ന ഈ പള്ളിയും പരിസരവും പത്തുലക്ഷം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ വിശാലമാണ്.