പുണ്യംതേടി യാത്ര പോകാവുന്ന മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് മുസ്‌ലിംകള്‍ക്കുള്ളത്. ഒന്ന് മസ്ജിദുല്‍ഹറാം (മക്ക). രണ്ട്, മസ്ജിദുന്നബവി (മദീന). മൂന്ന് മസ്ജിദുല്‍ അഖ്‌സ്വാ (ഫലസ്ത്വീന്‍). ഹജ്ജും ഉംറയും മക്കയിലാണ്. മസ്ജിദുന്നബവിയിലും മസ്ജിദുല്‍ അഖ്‌സ്വായിലും നിര്‍ബന്ധമോ ഐഛികമോ ആയ യാതൊരു കര്‍മങ്ങളുമില്ല. അവിടങ്ങളിലുള്ള നമസ്‌കാരങ്ങള്‍ ഇതര പള്ളികളിലെ നമസ്‌കാരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലമുണ്ടെന്നാണ് നബി(സ്വ) പറഞ്ഞിട്ടുണ്ട്. (ബുഖാരി)
'മറ്റു പള്ളികളിലെ നമസ്‌കാരത്തെക്കാള്‍(മസ്ജിദുല്‍ഹറാം ഒഴികെ) ആയിരം ഇരട്ടി പുണ്യം എന്റെ ഈ പള്ളിയില്‍വെച്ചുള്ള നമസ്‌കാരത്തിനുണ്ട്' എന്ന് നബി(സ്വ) മസ്ജിദുന്നബവിയെപ്പറ്റി പറഞ്ഞിട്ടുണ്ട്'(മുസ്‌ലിം 1394). നബി(സ്വ)യുടെ വീടിനും മിമ്പറിനും ഇടയ്ക്കുള്ള 'റൗദ' എന്നു വിളിക്കപ്പെടുന്ന അനുഗൃഹീത ഇടം മസ്ജിദുന്നബവിയിലാണെന്ന ശ്രേഷ്ഠതയും ഇതിനുണ്ട്.
തിരുനബി(സ്വ) തന്റെ പ്രവാചക ജീവിതത്തിലെ അവസാന പത്തുവര്‍ഷം ചെലവഴിച്ചത് ഈ പള്ളിയിലാണ്. ദൂതരുടെ ഭാര്യമാരുടെ മുറികളും ഇതിന്റെ ചാരത്തുതന്നെയായിരുന്നു.