ക്രിസ്ത്വബ്ദം 622 ആഗസ്ത് ഒന്നിന് തിരുനബി(സ്വ)യും സന്തത സഹചാരി അബൂബക്‌റും (റ) മദീനയിലെത്തി. ആഹ്ലാദാരവങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങിയ ഖസ്‌വാ ഒട്ടകം റോഡില്‍ നിന്ന് തിരിഞ്ഞ് ഒരു വേലിക്കെട്ടിനകത്തേക്ക് കയറി. ദൈവഹിതമെന്നോണം, വയര്‍ ഭാഗം മണ്ണില്‍ ചേര്‍ത്തുവെച്ച് അവള്‍ മുട്ടുകുത്തി. ബനുന്നജ്ജാര്‍ കുലത്തിലെ രണ്ട് അനാഥ കുട്ടികളുടെ സ്ഥലമായിരുന്നു അത്. അവര്‍ സൗജന്യമായി നല്‍കാമെന്നു സമ്മതിച്ചെങ്കിലും നബി(സ്വ) അത് വില നല്‍കി വാങ്ങി.
അല്ലാഹു നിശ്ചയിച്ചു നല്‍കിയ ആ പാര്‍പ്പിട ഭൂമിയില്‍ തിരുനബിയും സ്വഹാബിമാരും പള്ളി നിര്‍മാണം തുടങ്ങി. ഈത്തപ്പനത്തടികള്‍ തൂണുകളായി. ഇഷ്ടികകളില്‍ ചുമരുയര്‍ന്നു. വടക്കുഭാഗം (ഖിബ്‌ല-ജറൂസലം) കല്ലുകളില്‍ പണിതു. ഈത്തപ്പനയോലയായിരുന്നു മേല്‍ക്കൂര. കുറച്ചുഭാഗം മേല്‍ക്കൂരയില്ലാതെ തുറന്നു കിടന്നു. ഇതിനോടു ചാരി നബി(സ്വ)യുടെ രണ്ടു ഭാര്യമാര്‍ക്കായി രണ്ടു മുറികളും ഉയര്‍ന്നു. കഷ്ടിച്ച് ആയിരം ചതുരശ്രമീറ്റര്‍ വിശാലതയുള്ള ചതുരാകൃതിലുള്ള ഈ കെട്ടിടമാണ് ആദ്യം മദീനയുടെയും പിന്നീട് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെയും ഭരണസിരാകേന്ദ്രമായി മാറിയ മസ്ജിദുന്നബവി.
വര്‍ഷങ്ങള്‍ കടന്നു പോയി. ക്രി.വ 628(ഹി.7)ല്‍ വിശ്വാസികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ തിരുനബി തന്നെ പള്ളി വിശാലതകൂട്ടാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) ആവശ്യമായ സ്ഥലം വിലയ്ക്കുവാങ്ങി നല്‍കി. 1050ല്‍ നിന്ന് 2475 ചതുരശ്രമീറ്ററായി വര്‍ധിച്ചു അതോടെ പള്ളിയുടെ വിസ്തൃതി. ആദ്യമേയുണ്ടായിരുന്ന മൂന്നുവാതിലുകള്‍ നിലനിര്‍ത്തി.
ഖലീഫ ഉമര്‍(റ) 638(ഹി.17)ല്‍ നടത്തിയ വികസനത്തില്‍ 1100 ചതുരശ്രമീറ്ററാണ് വിസ്തൃതി കൂടിയത്. 'ബുത്വയിഹാഅ്' എന്ന പേരില്‍ ഒരു വരാന്തയും നിര്‍മിച്ചു ഉച്ചത്തിലുള്ള ദിക്‌റ് ചൊല്ലല്‍, കവിതാലാപനം തുടങ്ങിയവ നടത്തുന്നവര്‍ ഈ വരാന്തയില്‍ ഇരിക്കണമെന്നും പള്ളിക്കകം സദാ നിശ്ശബ്ദമാകണമെന്നും ഉമറി(റ)ന് നിര്‍ബന്ധമുണ്ടായിരുന്നു. പള്ളിയുടെ ഉയരം ഇരട്ടിയോളം വര്‍ധിപ്പിച്ച് 4.9 മീറ്ററാക്കുകയും ചെയ്തു. മൂന്നു വാതിലുകളും പുതുതായി സ്ഥാപിച്ചു.
ക്രി. 650(ഹി.30)ല്‍ ഉസ്മാനും(റ)വികസനം നടപ്പാക്കി. ജുമുഅ ദിവസങ്ങളില്‍ വിശ്വാസികളുടെ നിര റോഡിലേക്കിറങ്ങിയതിനെ തുടര്‍ന്നായിരുന്നു വിസ്തൃതികൂട്ടല്‍. 4072 ചതുരശ്ര മീറ്ററായി വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രവൃത്തിയില്‍ കൊത്തിയെടുത്ത കല്ലുകള്‍, സുഗന്ധം പരത്തുന്ന മരം, തേക്ക്, വെള്ള ചുണ്ണാമ്പ് എന്നിവ ഉപയോഗിച്ചിരുന്നു. 10 മാസം നീണ്ടുനിന്നു ഈ നിര്‍മാണ ജോലി.
ക്രി. 707 മുതല്‍ ക്രി. 710 വരെ (ഹി.88-91) മൂന്നു വര്‍ഷം നീണ്ടുനിന്ന നവീകരണത്തിന് നേതൃത്വം നല്‍കിയ ഉമറുബ്‌നു അബ്ദില്‍ അസീസ് ചരിത്രത്തിലെ വലിയ പുനര്‍നിര്‍മാണത്തിലൂടെ പള്ളിയുടെ മുഖച്ഛായ മാറ്റിയെടുത്തു. നബി പത്‌നിമാരുടെ വീടുകള്‍ പള്ളിയിലേക്ക് ചേര്‍ത്തിയപ്പോള്‍ 6440 ചതുരശ്ര മീറ്ററായിത്തീര്‍ന്നു വിസ്തൃതി. വാതിലുകള്‍ ഇരുപതെണ്ണമാക്കി. ആദ്യമായി നാലു ഭാഗത്തും നാലു മിനാരങ്ങളും പണിതു. മിഹ്‌റാബും നിര്‍മിച്ചു. പള്ളിയുടെ ഉള്‍ഭാഗത്തെ ചുമരുകള്‍ മാര്‍ബിള്‍, സ്വര്‍ണ നിറമുള്ള ഇഷ്ടികകള്‍ എന്നിവ പാകിയും മേല്‍ക്കൂര തേക്ക്‌വിരിച്ചും കമനീയമാക്കി.
ക്രി. 782ല്‍ (165 ഹി.) അബ്ബാസി ഖലീഫ മഹ്ദിയാണ് വിസ്തൃതി 8890 ച.മീറ്ററാക്കിയത്. നാലു വാതിലുകള്‍കൂടി സ്ഥാപിച്ചു. മംലൂക്കി ഭരണത്തിന് കീഴിലായിരിക്കെ തീപ്പിടിത്തത്തില്‍ പള്ളിക്ക് കേടുപാട് പറ്റി. ഇതിനെത്തുടര്‍ന്ന് സുല്‍ത്താന്‍ അശ്‌റഫ് ഖായ്തുബായ് ക്രി. 1489(ഹി.886)ല്‍ പള്ളി നവീകരിച്ചു. ഇതോടെ വിസ്തീര്‍ണം 9010 ച.മീറ്ററായി.
പിന്നീട് ഉസ്മാനീ പുനര്‍നിര്‍മാണമാണ് നടന്നത്. ക്രി. 1860 ഓടെ 10303 ചതുരശ്ര മീറ്ററില്‍ തുര്‍ക്കി ശില്‍പകലയോടെ തിരുനബിയുടെ പള്ളി മാര്‍ബിള്‍ തിളക്കത്തില്‍ കുളിച്ചു നിന്നു.