Skip to main content

എ അബ്ദുസ്സലാം സുല്ലമി

ഇസ്‌ലാഹീ കേരളത്തിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്നു എ.അബ്ദുസ്സലാം സുല്ലമി. ദേശീയ പ്രസ്ഥാനത്തിന്റെയും മുസ്‌ലിം നവോത്ഥാന പരിശ്രമങ്ങളുടെയും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച മര്‍ഹൂം എടവണ്ണ എ അലവി മൗലവിയുടെ മകനായി 1951 ജനുവരിയിലാണ് അബ്ദുസ്സലാം മൗലവിയുടെ ജനനം. 1969 ല്‍ ഫസ്റ്റ്ക്ലാസോടെ എസ്.എസ്.എല്‍.സി പാസ്സായ ശേഷം പിതാവിന്റെ പാതയില്‍ അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജില്‍ ചേര്‍ന്നു.

 

കെ.പി മുഹമ്മദ് മൗലവി, എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി, പി.പി മമ്മദ് മൗലവി, കെ കെ മുഹമ്മദ് സുല്ലമി, വി.സി മോയിന്‍കുട്ടി മൗലവി, എന്‍.വി അബ്ദുല്ല മൗലവി, കെ ഫാത്തിമ ടീച്ചര്‍ എന്നിവരുടെ ശിക്ഷണത്തില്‍ 1973 ല്‍ സുല്ലമില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. ശേഷം രണ്ടു വര്‍ഷത്തോളം കൈപ്പമഗലം ബുസ്താനുല്‍ ഉലൂം അറബിക് കോളെജില്‍സേവനമനുഷ്ഠിച്ചു. പിന്നീട് പി.എസ്.സി നിയമനത്തിലൂടെ കൊടുവള്ളി സ്‌കൂള്‍, വയനാട് വാകേരി സ്‌കൂള്‍, നിലമ്പൂര്‍ മാനവേദന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു.

കേരള നദ്‌വത്തുല്‍ മുജാഹിദീനിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എടവണ്ണ ജാമിഅ നദ്‌വിയ്യ അന്ന് പ്രാരാബ്ധങ്ങളുടെ നടുവിലായിരുന്നു. ജാമിഅക്ക് തന്റെ സേവനം ആവശ്യമാണെന്ന് മനസ്സിലാക്കിയ അബ്ദുസ്സലാം സുല്ലമി സര്‍ക്കാര്‍ ജോലിയും ശമ്പളവും ഉപേക്ഷിച്ച് തുച്ഛമായ ശമ്പളത്തില്‍ ജാമിഅയില്‍ അധ്യാപകനായി. പിതാവിന്റെ ഉപദേശവും ജാമിഅയോടുള്ള ആത്മബന്ധവുമായിരുന്നു അതിനുള്ള പ്രേരണ.

ചേകനൂര്‍ മൗലവി തന്റെ വികലമായ ആശയങ്ങളുമായി രംഗപ്രവേശം ചെയ്തകാലത്ത് ഹദീസ് നിഷേധ പ്രവണതകള്‍ക്കെതിരെ കരുത്താര്‍ന്ന പ്രബോധനവുമായി ജനമധ്യത്തിലേക്കിറങ്ങിയ സുല്ലമി ഹദീസ് സംരക്ഷണത്തിനു വേണ്ടി തന്റെ ഊര്‍ജവും സമയവും മാറ്റിവെച്ചു. ഹദീസുകളുടെ പ്രാമാണികത സ്ഥാപിക്കുന്ന ഗ്രന്ഥങ്ങള്‍ രചിക്കുകയും പ്രഭാഷണങ്ങളിലും സംവാദങ്ങളിലും സജീവമാവുകയും ചെയ്തു. ഹദീസ് വിജ്ഞാനീയങ്ങളില്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്ക് അദ്ദേഹം സമയം ചെലവഴിച്ചു.  

25 വര്‍ഷത്തെ നിസ്വാര്‍ഥ സേവനത്തിനു ശേഷം 2004 ല്‍ ജാമിഅ നദ്‌വിയ്യയില്‍ നിന്ന് രാജിവെക്കുകയും 2005 മുതല്‍ എടക്കര ഗൈഡന്‍സില്‍ അധ്യാപനായി ചേരുകയും ചെയ്തു. 2015 മുതല്‍ രാമനാട്ടുകര ഐ എച്ച് ഐ ആറിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. 

പാണ്ഡിത്യത്തിന്റെ മുഖമുദ്ര വിനയമാണ്. വാക്കിലും പ്രവൃത്തിയിലും ലാളിത്യവും വിനയവും പുലര്‍ത്താന്‍ അബ്ദുസ്സലാം സുല്ലമിക്ക് കഴിഞ്ഞിരുന്നു. ജാടകളൊന്നുമില്ലാതെ തൂക്കിപ്പിടിച്ച ബാഗുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് അദ്ദേഹം സഞ്ചരിച്ചു.  

2018 ജനുവരി 31 ന് ഷാര്‍ജയിലെ ആശുപത്രിയില്‍ വെച്ച് അബ്ദുസ്സലാം സുല്ലമി ഈ ലോകത്തോട് വിടപറഞ്ഞു. 

സുല്ലമി എഴുതിയ ഗ്രന്ഥങ്ങള്‍:

1.    മയ്യിത്ത് സംസ്‌കരണ മുറകള്‍
2.    അത്തൗഹീദുല്‍ മുസ്തഖീം
3.    വസ്വിയ്യത്തും അനന്തരാവകാശവും
4.    വിശുദ്ധ ഖുര്‍ആന്‍: അമ്മ ജുസ്അ് പരിഭാഷ
5.    സകാത്തും ആധുനിക പ്രശ്‌നങ്ങളും 
6.    ഉംറയും ഹജ്ജും
7.    രിയാളുസ്സ്വാലിഹീന്‍ പരിഭാഷ
8.    ഹദീസുകള്‍ ദുര്‍ബലതയും ദുര്‍വ്യാഖ്യാനങ്ങളും
9.    അബൂഹുറയ്‌റ: വിമര്‍ശകര്‍ക്കു മറുപടി
10.    ഹദീസ് രണ്ടാം പ്രമാണമോ?
11.    ഹദീസ് നിഷേധികള്‍ക്ക് മറുപടി
12.    സുന്നത്തും ബിദ്അത്തും
13.    മുസ്‌ലിംകളിലെ അനാചാരങ്ങള്‍
14.    ഇസ്‌ലാം: മൗലിക പഠനങ്ങള്‍
15.    തൗഹീദ് ഒരു സമഗ്ര വിശകലനം
16.    ആദര്‍ശ വൈകല്യങ്ങള്‍ സുന്നി-ജമാഅത്ത് സാഹിത്യങ്ങളില്‍
17.    സ്ത്രീകളും ജുമുഅ ജമാഅത്തും
18.    മുജാഹിദ് പ്രസ്ഥാനവും വിമര്‍ശകരും
19.    മദ്ഹബുകളുടെ സാധുത ഹദീസിന്റെ വെളിച്ചത്തില്‍
20.    സുന്നത്തും മദ്ഹബുകളും ഒരു താരതമ്യ പഠനം
21.    തെറ്റിദ്ധരിപ്പിക്കുന്ന ജമാഅത്തെ ഇസ്‌ലാമി
22.    സുന്നത്ത് ജമാഅത്തും ഹദീസ് ദുര്‍വ്യാഖ്യാനവും
23.    സുന്നത്ത് ജമാഅത്ത് ഖുര്‍ആനിലോ
24.    വിധിവിശ്വാസം
25.    സമസ്ത ആശയ വൈരുധ്യങ്ങളുടെ കലവറ
26.    നബിചര്യയും സ്ത്രീകളുടെ പള്ളിപ്രവേശനവും
27.    ശാഫിഈ മദ്ഹബ് ഒരു സമഗ്ര പഠനം
28.    ജിന്ന്, പിശാച്, സിഹ്ര്‍: വിശ്വാസവും അന്ധവിശ്വാസവും
29.    തൗഹീദും നവയാഥാസ്ഥിതികരുടെ വ്യതിയാനവും
30.    ഖാദിയാനിസം ഖുര്‍ആനിലും നബിചര്യയിലും
31.    ഖുര്‍ആനും ക്രൈസ്തവ വിമര്‍ശനങ്ങളും
32.    സംഗീതം നിഷിദ്ധമല്ല
33.    സുന്നത്തില്‍ സ്ഥിരപ്പെട്ട പ്രാര്‍ഥനകള്‍
34.    നോമ്പിന്റെ വിധിവിലക്കുകള്‍

Feedback