Skip to main content

പ്രൊഫ. മങ്കട ടി. അബ്ദുല്‍ അസീസ്

ഒരു മഹാകുടുംബത്തിന്റെ പേരും പ്രശസ്തിയും തന്റെ കര്‍മ പാതകളിലൂടെ ഇടര്‍ത്തിയെടുത്ത കര്‍മയോഗിയും നേതൃസാരഥിയുമായിരുന്നു മങ്കട അബ്ദുല്‍ അസീസ്. ധീരമായ തീരുമാനങ്ങളിലൂടെ സഹപ്രവര്‍ത്തകരെ ഞെട്ടിച്ചിട്ടുള്ള പ്രൊഫസര്‍ തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാന്‍ ആരെയും കാത്തിരിക്കുകയോ തന്റെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശകരെ ഭയക്കുകയോ ചെയ്തിരുന്നില്ല. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ അമരക്കാരനായി കെ.എന്‍.എമ്മിന്റെ അധ്യക്ഷ പദവി അദ്ദേഹം ഏറ്റെടുക്കുന്നതും അത്തരമൊരു ചടുല തീരുമാനത്തിന്റെ തുടര്‍ക്കഥയായിരുന്നു.

പൈതൃകത്തിന്റെ വേരുകള്‍ ഭൂമിയോളം ആഴത്തില്‍ പതിഞ്ഞിട്ടുള്ള തയ്യില്‍ പാരമ്പര്യമാണ് പ്രൊഫസര്‍ക്കുണ്ടായിരുന്നത്. 1939 ജൂലായ് 15 ന് തയ്യില്‍ കുഞ്ഞാലി മുസ്‌ലിയാരുടെയും കുഞ്ഞാത്തുമ്മയുടെയും മകനായി മങ്കടയിലാണ് ടി. അബ്ദുല്‍ അസീസ് ജനിച്ചത്. ബുദ്ധിശക്തിയും ചിന്താശക്തിയും ഏറെയുണ്ടായിരുന്ന ഇദ്ദേഹത്തില്‍ പഠനം ഒരു ഹരം ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അബ്ദുല്‍ അസീസ് ഫാറൂഖ് റൗദത്തുല്‍ ഉലൂമില്‍ ചേരുകയും അഫ്ദലുല്‍ ഉലമ ബിരുദം കരസ്ഥമാക്കുകയും പിന്നീട് ഉപരിപഠനത്തിനായി അലിഗര്‍ സര്‍വകലാശാലയില്‍ എത്തുകയും അവിടെ നിന്ന് എം.എ. ബിരുധം കരസ്ഥമാക്കുകയും ചെയ്തു.

അലിഗറില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തിയ അബ്ദുല്‍ അസീസ് കര്‍മമേഖലയില്‍ അണയാത്ത വിളക്കായി മാറി. നേതൃസാമര്‍ത്ഥ്യത്തിന്റെ ഗാംഭീര്യവും നയതന്ത്രജ്ഞതയുടെ ചാതുരിയും ഒത്തുചേര്‍ന്ന അദ്ദേഹം നല്ലൊരു യാത്രികനും മികച്ച എഴുത്തുകാരനുമായിരുന്നു. ചരിത്രകാരന്‍, ഇസ്‌ലാമിക പണ്ഡിതന്‍, അറബി ഭാഷാ ഗവേഷകന്‍, അധ്യാപകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുല്‍ അസീസ് ചന്ദ്രിക പത്രത്തിന്റെ ചീറ് എഡിറ്ററും വര്‍ത്തമാനം പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ആയും തൂലിക പടവാളാക്കി.

റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി, ദാറുല്‍ ഇഫ്താം തുടങ്ങിയ അന്താരാഷ്ട്ര മുസ്‌ലിം സംഘനടകളുമായി അടുത്ത് പ്രവര്‍ത്തിക്കുകയും അവരുടെ അതിഥിയായി പല തവണ സഊദി അറേബ്യ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ലിബിയ, സിറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും പ്രൊഫസര്‍ സന്ദര്‍ശിച്ചു.

അറബി, ഇംഗ്ലീഷ് ഭാഷകളില്‍ മികച്ച കൈയടക്കം നേടിയ ഇദ്ദേഹം കേരള മുസ്‌ലിം ചരിത്രത്തെക്കുറിച്ച് ശ്രദ്ധേയമായ പല പഠനങ്ങളും നടത്തിയിട്ടുണ്ട്. യുവത ബുക്ഹൗസ് പ്രസിദ്ധീകരിച്ച ഇസ്‌ലാം അഞ്ചു വാള്യങ്ങളിൽ എന്ന പരമ്പരയുടെ രചനയില്‍ സുപ്രധാന പങ്കായിരുന്നു മൗലവി വഹിച്ചത്. എല്ലാവര്‍ക്കും ഒരു വെളിച്ചമായി മാറിയ പ്രൊഫ. മങ്കട ടി. അബ്ദുല്‍ അസീസ് 2007 ആഗസ്റ്റ് 12ന് തന്റെ ദൗത്യം പുര്‍ത്തിയാക്കി മടങ്ങി.

വഹിച്ച പ്രധാന സ്ഥാനങ്ങള്‍:


വിവിധ കോളേജുകളിലെ അധ്യാപകനും മമ്പാട് എം.ഇ.എസ്. കോളേജിന്റെ പിന്‍സിപ്പളും
ചെയര്‍മാന്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി
ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ് മെമ്പര്‍
കെ.എ.ടി.എഫ്. പ്രസിഡണ്ട്, സെക്രട്ടറി
എം.ജി. യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫര് സ്റ്റഡീസ് മെമ്പര്‍
മങ്കട മഹല്ല് ഖാദി.

പ്രധാന ഗ്രന്ഥങ്ങള്‍


ഇബ്‌നു ബത്തുന്നയുടെ സഞ്ചാര കഥ
കേരള മുസ്‌ലിം ചരിത്രം കാണാത്ത കണ്ണികള്‍
സാമൂതിരിക്ക് സമര്‍പ്പിച്ച അറബി മഹാകാവ്യം
ഗാന്ധിജിയുടെ മത മൗലികവാദം ഒരു വിലിരുത്തല്‍
ആവിഷ്‌കരണ സ്വാതന്ത്ര്യം ഒരു ചര്‍ച്ച
മുസ്‌ലിം ചിന്താ പ്രസ്ഥാനങ്ങള്‍
എന്റെ സഊദി കാഴ്ചകള്‍
 

Feedback