Skip to main content

ദ മെസേജ് ഓഫ് ദ ഖുര്‍ആന്‍

പതിവു ശൈലികള്‍ വിട്ട് പുതിയ ചിന്തയോടെയും ധാരണയോടെയും കാലാനുസൃതമായ ഒരു ഖുര്‍ആന്‍ വായനയ്ക്ക് തയ്യാറായതിലൂടെ പിറന്നു വീണ ഖുര്‍ആന്‍ പരിഭാഷയാണ് 'ദ മെസേജ് ഓഫ് ദ ഖുര്‍ആന്‍'. ഓസ്ട്രിയന്‍ ജൂത വംശത്തില്‍ പിറന്ന്, ഇസ്‌ലാമിനെക്കുറിച്ച് പഠിച്ച് ഇസ്‌ലാം മതം സ്വീകരിച്ച മുഹമ്മദ് അസദ് ആണ് ഈ പരിഭാഷ തയ്യാറാക്കിയത്. 1980 ല്‍ ജിബ്രാള്‍ട്ടറിലാണ് ഈ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നു മുതല്‍ തന്നെ നിരവധി ഭാഷകളിലേക്ക് ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്യപ്പെടാന്‍ തുടങ്ങി. ആധുനിക കാലത്തെ ഏറ്റവും സ്വാധീനിക്കപ്പെട്ട ഖുര്‍ആന്‍ പരിഭാഷയായി 'ദ മെസേജ് ഓഫ് ദ ഖുര്‍ആന്‍' പരിഗണിക്കപ്പെടുന്നു.


ഈ പരിഭാഷയുടെ തുടക്കത്തില്‍ തന്നെ മുഹമ്മദ് അസദ് സൂചിപ്പിക്കുന്ന ഒരു വസ്തുത ''ഈ വിശുദ്ധ ഖുര്‍ആന്‍ വേറെ ഒരു ഭാഷയിലും പുനര്‍നിര്‍മിക്കാന്‍ സാധ്യമല്ല''എന്നതാണ്. എന്നിട്ടും  മുഹമ്മദ് അസദ് പരിഭാഷ എന്ന മഹാ ഉദ്യമത്തിന് തയ്യാറായത് അറബി അറിയാത്ത പാശ്ചാത്യരിലേക്ക് ഖുര്‍ആന്‍ എത്തിക്കുക എന്ന വലിയ ലക്ഷ്യം മുന്നില്‍ക്കണ്ടാണ്. ഏറ്റവും ആധുനികമായ ചിന്തയോടെ ഖുര്‍ആനെ സമീപിക്കുകയും ഖുര്‍ആനിക വിഷയങ്ങളില്‍ നിരന്തര ഗവേഷണം നടത്തുകയും ചെയ്ത അദ്ദേഹം, പരിഷ്‌കര്‍ത്താവും പുരോഗമന വാദിയുമായിരുന്ന മുഹമ്മദ് അബ്ദുവിന്റെ ചിന്താധാരയായിരുന്നു പിന്‍പറ്റിയിരുന്നത്. മുഹമ്മദ് അബ്ദുവിന്റെ രചനകളും ഖുര്‍ആന്‍ വായനകളും മുഹമ്മദ് അസദിന്റെ പരിഭാഷയിലും വലിയ സ്വാധീനം ചെലുത്തി.
ദ മെസേജ് ഓഫ് ദ ഖുര്‍ആന്റെ പുരോഗമന ചിന്താധാര വളരെയധികം നിരൂപക പ്രശംസ പിടിച്ചുപറ്റി. ബ്രിട്ടീഷ് മുസ്‌ലിം ചിന്തകനായ ഗയ്ഈറ്റോണ്‍ പറഞ്ഞത്, ''ഇംഗ്ലീഷില്‍ ലഭ്യമായ ഏറ്റവും മികച്ചതും വിജ്ഞാനപ്രദവുമായ തഫ്‌സീറായ ഇതിനെ കവച്ചു വെക്കുന്ന മറ്റു വല്ലതും ഇനി ഇറങ്ങുമോ എന്ന കാര്യം സംശയമാണ്'' എന്നായിരുന്നു.


മികച്ച പരിഭാഷകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഈ ഗ്രന്ഥത്തെ വളരെ വികലമായ രീതിയില്‍ വിമര്‍ശിക്കാന്‍ ചില യാഥാസ്ഥിതികരും ശ്രമിച്ചിട്ടുണ്ട്. 1980ല്‍ ആയിരുന്നു പുസ്തകം സമ്പൂര്‍ണമായി പ്രസിദ്ധീകരിച്ചത്. എങ്കിലും അതിനുമുമ്പ് ചില ഭാഗങ്ങള്‍ പുറത്തിറങ്ങിയതോടെ 1974ല്‍ സുഊദി അറേബ്യ ഈ പരിഭാഷ തങ്ങളുടെ നാട്ടില്‍ വിലക്കി. സലഫി ചിന്താധാരകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ അതിലുണ്ട് എന്നതായിരുന്നു കാരണം.


ഒരുപാട് വെല്ലുവിളികള്‍ നേരിട്ടെങ്കിലും പാശ്ചാത്യ രാജ്യങ്ങളില്‍ ഇപ്പോഴും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഖുര്‍ആന്‍ പരിഭാഷയാണ് മുഹമ്മദ് അസദിന്റെ 'ദ മെസേജ് ഓഫ് ദ ഖുര്‍ആന്‍'.

Feedback