Skip to main content

അക്ബര്‍ (2)

1556ല്‍ സിക്കന്തര്‍ഷാ സൂരിക്കെതിരെ ഹുമയൂണിന്റെ സൈന്യം പഞ്ചാബില്‍വെച്ച് കനത്ത പോരാട്ടത്തിലായിരുന്നു. നേതൃത്വം നല്‍കിയിരുന്നത് ഹുമയൂണിന്റെ പതിനാലുകാരനായ മകന്‍ അക്ബര്‍. സഹായത്തിന് ബയ്‌റാം ഖാനെന്ന ഗുരുനാഥനും. ഇതിനിടെയാണ് ആ സന്ദേശമെത്തുന്നത്. ''പിതാവ് ഹുമയൂണ്‍ മരിച്ചിരിക്കുന്നു.''  ബയ്‌റാംഖാന്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. ഗുരുദാസ്പൂരിലെ കലാന്തര്‍ എന്ന ആ ഗ്രാമത്തില്‍ വെച്ചുതന്നെ മുഗളവംശത്തിന്റെ മൂന്നാമത്തെ ചക്രവര്‍ത്തിയായി ആ ബാലനെ അദ്ദേഹം വാഴിച്ചു; 1556 ഫെബ്രുവരി 14ന് (1542-1605).

ചരിത്രം അതിമഹാനെന്നു വാഴ്ത്തിയ അക്ബര്‍ ഹുമയൂണിന്റെയും ഹമീദാബാനു ബീഗത്തിന്റെയും മകനായി 1542ല്‍ അമര്‍കോട്ടില്‍ ജനിച്ചു. ഷേര്‍ഖാനോട് തോറ്റ് ഹുമയൂണ്‍ അലഞ്ഞുതിരിയുന്ന ദശാസന്ധിയിലായിരുന്നു ഈ ജനനം. ധീരതയും ധിഷണയും ഭരണനിപുണതയും സമഞ്ജസമായി മേളിച്ച വ്യക്തിത്വമായിരുന്നു അക്ബറിന്റേത്. കൗമാരത്തുടക്കത്തിലെ കിരീടധാരണം അവനെ തെല്ലും ആശങ്കാകുലനാക്കിയില്ല.

പിന്നീടങ്ങോട്ട് ബയ്‌റാംഖാന്റെ തണലില്‍ അക്ബറിന്റെ ജൈത്രയാത്രയായിരുന്നു. എന്നാല്‍ പിന്നീടൊരുഘട്ടത്തില്‍ ബയ്‌റാം ഖാനെ, അക്ബര്‍ പദവിയില്‍ നിന്നു മാറ്റി നിറുത്തിയിട്ടുണ്ട്. പിതാവിന് നഷ്ടപ്പെട്ട ഓരോ സ്ഥലവും മകന്‍ തിരിച്ചുപിടിച്ചു. സൂരികളില്‍ നിന്ന് ഡല്‍ഹിയും ആഗ്രയും 1564ല്‍ മാള്‍വയും 1569ല്‍ ബംഗാളും മുഗള്‍ സാമ്രാജ്യത്തിലേക്ക് തിരിച്ചെത്തി. ഇതിനുപുറമെ, 1587ല്‍ ആദ്യമായി കശ്മീരും 1591ല്‍ സിന്ധും 1592ല്‍ ഒറീസയും 1595ല്‍ ബലൂചിസ്ഥാനും ഖന്തഹാറും മുഗള സാമ്രാജ്യത്തിന്റെ കൊടിക്കൂറയിലെത്തിച്ചു അക്ബര്‍. 1600ഓടെ ഡക്കാനിന്റെ വിവിധ ഭാഗങ്ങളിലും പടയോട്ടം നടന്നു. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ശ്രദ്ധേയമായ കാല്‍വപ്പുകളൊന്നും അക്ബര്‍ നടത്തിയതായി കാണുന്നില്ല.

അമ്പത് വര്‍ഷം നീണ്ടുനിന്ന ആ ഭരണം നിരവധി സംഭാവനകള്‍ ഇന്ത്യക്കു നല്‍കി. ഉത്തരേന്ത്യയെ ചരിത്ര സ്മാരകങ്ങളാല്‍ സമ്പന്നമാക്കിയ അക്ബര്‍ മുഗള്‍ ഭരണത്തെ അനശ്വരമാക്കി. 1605 ഒക്‌ടോബര്‍ 17ന് വിടവാങ്ങി.

 


 

Feedback