Skip to main content
hadees

ഹദീസ്

ഇസ്‌ലാമിന്റെ മൗലികമായ പ്രമാണങ്ങള്‍ രണ്ടെണ്ണമാണ്. വിശുദ്ധ ഖുര്‍ആനും നബിചര്യയും. മനുഷ്യസമൂഹത്തിന് നേര്‍മാര്‍ഗം എത്തിച്ചുകൊടുക്കുക എന്നത് തന്റെ ബാധ്യതയാണെന്ന് അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട്. ഇതിനായി മനുഷ്യരില്‍ നിന്ന് തെരഞ്ഞെടുത്ത ദൈവദൂതന്‍മാര്‍ മുഖേന വേദഗ്രന്ഥങ്ങള്‍ അല്ലാഹു ഇറക്കി. എന്നാല്‍ ദൂതന്‍മാര്‍ മുഖേന സന്‍മാര്‍ഗം എത്തിക്കുക എന്ന സമ്പ്രദായത്തിന് പര്യവസാനം കുറിച്ചുകൊണ്ട് അന്തിമ പ്രവാചകനായി മുഹമ്മദ് നബിയെ അയച്ചു. ഇത് എ ഡി ഏഴാം നൂറ്റാണ്ടിലാണ്. മുഹമ്മദ് നബിക്കു നല്‍കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു എന്നത് വലിയ ദൃഷ്ടാന്തമാണ്. ആ ഗ്രന്ഥം വായിച്ചു കേള്‍പ്പിച്ചും പഠിപ്പിച്ചും ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചും നബി തന്റെ സഹചരരെ പടിപടിയായി മാറ്റിയെടുത്തു. ഈ കാലയളവില്‍ അദ്ദേഹം പറഞ്ഞും കാണിച്ചും അംഗീകരിച്ചും പോന്ന കാര്യങ്ങളാണ് നബിചര്യ. നബിചര്യയുടെ പര്യായപദമായിട്ടാണ് ഹദീസ് എന്ന സാങ്കേതിക ശബ്ദം പ്രയോഗിക്കപ്പെടുന്നത്. ഖുര്‍ആനും ഹദീസുമാണ് ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങള്‍ എന്നര്‍ഥം. 

ഹദീസ് എന്ന പദത്തിനര്‍ഥം വര്‍ത്തമാനം എന്നാണെങ്കിലും നബി വചനങ്ങള്‍ക്കും നബി ചര്യയ്ക്കുമാണ് ഇസ്‌ലാമിക സാങ്കേതിക ശബ്ദമായ ഹദീസ് എന്ന സംജ്ഞ ഉപയോഗിക്കുന്നത്. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ഹദീസ് എന്ന് പ്രയോഗിക്കപ്പെടുമ്പോള്‍ മുഹമ്മദ് നബിയുടെ ചര്യ എന്നാണ് ഉദ്ദേശിക്കപ്പെടുന്നത്.

Feedback
  • Sunday Jan 26, 2025
  • Rajab 26 1446