Skip to main content
quran

ഖുര്‍ആന്‍

മനുഷ്യസമൂഹത്തിന് മാര്‍ഗദര്‍ശനത്തിനായി പ്രപഞ്ചസ്രഷ്ടാവും രക്ഷിതാവുമായ ദൈവം നല്കിയ അവസാന വേദഗ്രന്ഥമാണ് ഖുര്‍ആന്‍. മനുഷ്യന്‍ ഭൂമിയില്‍ അയക്കപ്പെട്ടതു മുതല്‍ അവന്റെ ഭൂവാസം വിജയകരമാക്കാനും പാരത്രിക ജീവിതം സ്വര്‍ഗീയമാക്കാനുമായി നിരവധി വേദഗ്രന്ഥങ്ങള്‍ ദൈവം നല്കിയിട്ടുണ്ട്. അവയുടെയെല്ലാം സത്തയും ലോകാവസാനം വരെയുള്ള മനുഷ്യകുലത്തിന് ആവശ്യമായ മുഴുവന്‍ മാര്‍ഗനിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഖുര്‍ആന്‍.

പാരായണം ചെയ്യപ്പെടുന്നത് എന്നാണ് ഖുര്‍ആന്‍ എന്ന അറബിവാക്കിന്റെ അര്‍ഥം. അക്ഷരാര്‍ഥത്തില്‍ തന്നെ ലോകത്ത് ഏറ്റവുമേറെ വായിക്കപ്പെടുന്ന ഈ വേദഗ്രന്ഥം ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജനിച്ച മുഹമ്മദ് (എ ഡി 571) എന്ന പ്രവാചകനിലൂടെയാണ് ദൈവം (അല്ലാഹു) അവതരിപ്പിച്ചത്. മുഹമ്മദ് നിരക്ഷരനായിരുന്നു എന്നതും അദ്ദേഹത്തിന് കലാ സാഹിത്യ വൈജ്ഞാനിക പാരമ്പര്യമുണ്ടായിരുന്നില്ല എന്നതും വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികത ബോധ്യപ്പെടുത്തുന്നു. കൂടാതെ അക്കാലത്തുള്ള മത ഗ്രന്ഥങ്ങളിലോ ശാസ്ത്രമേഖലയിലോ ഇല്ലാത്തതും ആധുനിക കാലത്ത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ നിരവധി കാര്യങ്ങള്‍ ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു എന്നതും ദൈവപ്രോക്താമാണെന്നതിന് തെളിവാണ്.

ഇന്ന് കാണുന്ന മുസ്ഹഫിന്റെ  (ഖുര്‍ആനിന്റെ പുസ്തക രൂപം) ക്രമത്തിലായിരുന്നില്ല ഖുര്‍ആനിന്റെ അവതരണം. മുഹമ്മദ് നബി(സ്വ)യുടെ 40 മുതല്‍ 63 വയസ്സുവരെയുള്ള 23 വര്‍ഷത്തിനിടയിലാണ് വിവിധ സന്ദര്‍ഭങ്ങളിലും ഘട്ടങ്ങളിലുമായി ഇതിന്റെ അവതരണം പൂര്‍ത്തിയാകുന്നത്. മനുഷ്യനന്മയ്ക്ക് ആവശ്യമായ എല്ലാം ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നു. ആവശ്യമില്ലാത്തതോ അപകടകരമായതോ തെറ്റും കുറ്റകരവുമായതോ വൈരുധ്യങ്ങള്‍ നിറഞ്ഞതോ ആയ ഒരു കാര്യവും ഇതില്‍ കാണുക സാധ്യമല്ലതാനും. മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് വിധേയമാകാത്തതും, അവതരിപ്പിക്കപ്പെട്ട അതേ രൂപത്തില്‍ സൂക്ഷിക്കപ്പെടുന്നതുമായ ഏക ദൈവ ഗ്രന്ഥവും ഖുര്‍ആനാണ്. കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളില്‍ മനുഷ്യരില്‍ ഇത്രത്തോളം സ്വാധീനം ചെലുത്തിയ വേറെ ദിവ്യ ഗ്രന്ഥങ്ങളില്ല എന്ന് ഖുര്‍ആനിന്റെ ശത്രുക്കള്‍ പോലും സമ്മതിക്കുന്നു.

ചെറുതും വലുതുമായ 114 അധ്യായങ്ങളും 6236 സൂക്തങ്ങളുമാണ് ഖുര്‍ആനിലുള്ളത്. ശുദ്ധ അറബി ഭാഷയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഭാഷയുടെ പൊതു വ്യവഹാര ശൈലിയായ ഗദ്യമോ പദ്യമോ അല്ലാത്ത രൂപത്തിലാണ് ഖുര്‍ആനിന്റെ ഘടന. അതിന്റെ പാരായണത്തിനു പോലും നിയമവും ഈണവും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഓരോ മനുഷ്യന്റെയും ഇഹപര നന്മകള്‍ക്ക് ഇതില്‍ വിശ്വസിക്കുകയും പഠിക്കുകയും പകര്‍ത്തുകയും അനിവാര്യമാണെന്ന് ഖുര്‍ആനില്‍ കണിശമായി പറഞ്ഞിരിക്കുന്നു.

 

 

Feedback
  • Thursday Feb 6, 2025
  • Shaban 7 1446