Skip to main content
islam

ഇസ്‌ലാം

ലോകത്ത് നിലവിലുള്ള അനേകം മതങ്ങളില്‍ ഒന്നായിട്ടാണ് ഇസ്‌ലാം വ്യവഹരിക്കപ്പെടുന്നത്. ഇസ്‌ലാം ജീവിതക്രമമായി സ്വീകരിച്ചവര്‍ മുസ്‌ലിംകള്‍ എന്നറിയപ്പെടുന്നു. പല മതങ്ങളും അവയുടെ സ്ഥാപകരായ വ്യക്തികളുടെ പേരില്‍ അറിയപ്പെടുന്നു. ബുദ്ധമതം, ജൈനമതം എന്നിവ ഉദാഹരണം. എന്നാല്‍ ഇസ്‌ലാം മതം സ്ഥാപിച്ചത് ഏതെങ്കിലും വ്യക്തിയല്ല. ഇസ്‌ലാം ദൈവിക മതമാണ്. 'തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാം  ആകുന്നു' (3:19) എന്ന് വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കുന്നു. അതിനര്‍ഥം, ലോകത്തുള്ള അനേകം മതങ്ങളില്‍ ഇസ്‌ലാം അല്ലാഹു അംഗീകരിച്ചു എന്നല്ല. അല്ലാഹു മനുഷ്യര്‍ക്ക് സന്‍മാര്‍ഗം എന്ന നിലയില്‍ ഒരു മതം മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ എന്നാണ് അര്‍ഥം. 

ആദ്യത്തെ മനുഷ്യന്‍ മുതല്‍ കാലാകാലങ്ങളില്‍ ദൈവദൂതന്‍മാര്‍ മുഖേനയാണ് അവ പഠിപ്പിച്ചത്. ഇബ്റാഹീം, മൂസാ, ഈസാ(അ) തുടങ്ങിയ പ്രവാചകന്‍മാര്‍ ആ ദൂതശൃംഖലയിലെ കണ്ണികള്‍ മാത്രം. അവരെല്ലാവരും ജനങ്ങള്‍ക്കുപദേശം നല്കിയ മൗലികാശയം ഒന്നായിരുന്നു. ദൈവ വിശ്വാസത്തിലധിഷ്ഠിതമായ മാനവികമൂല്യങ്ങളാണവയെല്ലാം. അതിന്‍റെ പൂര്‍ണവും അന്തിമവുമായ രൂപമാണ് എ.ഡി ആറാം നൂറ്റാണ്ടില്‍ മുഹമ്മദ് നബിയിലൂടെ അവതരിച്ചത്. നിലവിലെ ഇതരമതങ്ങളിലധികവും സത്യമതത്തിന്‍റെ സത്തയില്‍ ലോപം വരുത്തിയതോ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായതോ ആണ്. അടിസ്ഥാന മതമൂല്യങ്ങള്‍ ചേര്‍ത്ത് ചില വ്യക്തികള്‍ ആവിഷ്കരിച്ച മതങ്ങളുമുണ്ട്.

ചുരുക്കത്തില്‍ ദൈവികമതം ഇസ്‌ലാമാണ്. ഇസ്‌ലാം മനുഷ്യരുടെ മതമാണ്. അത് കാലദേശപരിഗണനകള്‍ക്കതീതമാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)ക്ക് അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിലൂടെയാണ് ഇസ്‌ലാം പൂര്‍ണമാകുന്നത്. വിശുദ്ധഖുര്‍ആന്‍ ദൈവിക വചനങ്ങളാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. മുഹമ്മദ് നബി ഇസ്‌ലാമിന്‍റെ പ്രായോഗിക രൂപം ലോകത്തിനു മുന്നില്‍ സമര്‍പ്പിച്ചുകൊണ്ടാണ് വിടവാങ്ങിയത്.

മനുഷ്യന്‍റെ വൈയക്തികവും കുടുംബപരവും സാമൂഹികവുമായ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം. അന്തിമപ്രവാചകന്‍ മുഹമ്മദ് നബി വിശുദ്ധ ഖുര്‍ആനിലൂടെയും തന്‍റെ ജീവിത ചര്യയിലൂടെയും അത് വിശദീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിന്‍റെ മര്‍മങ്ങള്‍ വളരെ സംഗ്രഹിച്ചു കൊണ്ട് ഈമാന്‍, ഇസ്‌ലാം, ഇഹ്സാന്‍ എന്നിങ്ങനെ നബി(സ്വ) വിശദീകരിച്ചു തന്നിട്ടുണ്ട്. വിശ്വാസപരമായ കാര്യങ്ങളാണ് 'ഈമാന്‍ കാര്യങ്ങള്‍' എന്ന് വ്യവഹരിക്കപ്പെടുന്ന ആറു കാര്യങ്ങള്‍. അനുഷ്ഠാന പരമായ അഞ്ചു മൗലിക സംഗതികള്‍ ഇസ്‌ലാം കാര്യങ്ങള്‍ എന്നും നബി(സ്വ) വിശദീകരിച്ചു. 

ഇസ്‌ലാം കാര്യങ്ങള്‍ അഥവാ ഇസ്‌ലാമിന്‍റെ അടിസ്ഥാന അനുഷ്ഠാന കര്‍മങ്ങള്‍ അഞ്ചെണ്ണമാണ്. ഒന്ന്, അല്ലാഹു അല്ലാതെ ആരാധനയ്ക്കര്‍ഹനായി ആരുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാണെന്നും ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തല്‍. രണ്ട്, ദിനം പ്രതി അഞ്ചുനേരം നമസ്കാരം മുറപ്രകാരം നിര്‍വഹിക്കല്‍. മൂന്ന്, അല്ലാഹുവിന്‍റെ അനുഗ്രഹമായ സമ്പത്തിന്‍റെ നിശ്ചിത വിഹിതം സമൂഹത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്കു വേണ്ടി നീക്കി വെയ്ക്കല്‍ (സകാത്ത്). നാല്, റമദാന്‍ മാസം മുഴുവന്‍ പകലന്തിയോളം വ്രതമനുഷ്ഠിക്കല്‍. അഞ്ച്, ലോകത്ത് ആദ്യമായി അല്ലാഹുവിനെ ആരാധിക്കുവാന്‍ നിര്‍മിക്കപ്പെട്ട കഅ്ബയില്‍ പോയി തിരിച്ചു വരുവാന്‍ ശാരീരികവും മാനസികവും സാമ്പത്തികവും സാങ്കേതികവുമായ സൗകര്യം ലഭിച്ചവര്‍ ഹജ്ജ് നിര്‍വഹിക്കല്‍.
  
 

Feedback
  • Tuesday Sep 17, 2024
  • Rabia al-Awwal 13 1446