Skip to main content

പ്രവാചകന്റെ കുടുംബം (3)

മുഹമ്മദ് നബി ഒരു ഇതിഹാസ കഥാപാത്രമോ ഒരു മിത്തിലെ നായകനോ അല്ല; ചരിത്ര പുരുഷനാണ്. ചരിത്രം കൃത്യമായി രേഖപ്പെടുത്തപ്പെടുന്ന ചരിത്രകാലത്ത് ജീവിച്ച ഒരു മഹാനാണ്. അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിച്ച അന്തിമ ദൂതന്റെ പ്രബോധന ജീവിതവും അതിനു മുന്‍പുള്ള ജീവിതവും കൃത്യമായി രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദേശം, ഭാഷ, കുടുംബം, സുഹൃത്തുക്കള്‍, അനുചരന്‍മാര്‍, എതിരാളികള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളും വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മക്കയിലെ ഏറ്റവും പ്രമുഖമായ ഖുറൈശി ഗോത്രത്തില്‍ സമുന്നത നേതാവിന്റെ കുടുംബത്തിലാണ് അദ്ദേഹം പിറന്നത്. ജനനത്തിനു മുന്‍പുതന്നെ പിതാവ് മരണപ്പെട്ടു. ബാല്യത്തില്‍ മാതാവും കൗമാരത്തില്‍ രക്ഷിതാവായ പിതാമഹനും നഷ്ടമായി. പിതൃസഹോദരന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. വിവാഹത്തോടെ കുടുംബജീവിതം ആരംഭിക്കുന്നു. മക്കളില്‍ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും പ്രവാചകന്റെ ജീവിത കാലത്തുതന്നെ മരണപ്പെട്ടിരുന്നു.

പ്രവാചകന്‍ എന്ന നിലയില്‍ പ്രബോധന ജീവിതം നയിച്ചപ്പോഴും ഭരണാധികാരി എന്ന നിലയില്‍ അധികാരം കൈയിലുണ്ടായപ്പോഴും സ്വന്തം കുടുംബത്തിന് ഏറെ പരിഗണന നല്കുകയോ സമൂഹത്തില്‍ നിന്നുള്ള ആനുകൂല്യം കൊണ്ട് ജീവിക്കുവാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. സകാത്തും സ്വദഖയും മുഹമ്മദിന്റെ കുടുംബത്തിന് നിഷിദ്ധമാണ് എന്ന പ്രവാചക കല്പന ഇസ്‌ലാമിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പ്രവാചക കുടുംബത്തിന് പ്രത്യേക ആത്മീയ പരിവേഷമോ പുണ്യമോ കല്പിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പ്രവാചക പത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കള്‍ എന്ന പദവിയിലാണുള്ളത്.

Feedback