Skip to main content

അബ്ദുല്‍ മലിക്കുബ്‌നു മര്‍വാന്‍ (1)

ഹിജാസില്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍, ഇറാഖില്‍ മുഖ്താറുസ്സഖഫി എന്നിവര്‍ സ്വയം അമീറുമാരായി പ്രഖ്യാപിക്കുന്നു. ഖവാരിജുകള്‍ തങ്ങളുടെ ഖിലാഫത്തിനായി കലാപങ്ങളുണ്ടാക്കുന്നു. ബൈസന്ത്യന്‍ സാമ്രാജ്യം ഇസ്‌ലാമിന്റെ അതിര്‍ത്തികളില്‍ യുദ്ധാരവം മുഴക്കുന്നു. ഇസ്‌ലാമിക സാമ്രാജ്യം ആഭ്യന്തരമായും വൈദേശികമായും ഭീഷണി നേരിടുന്ന നിര്‍ണായക സന്ധി, അസ്ഥിരതയും ശൈഥില്യവും കൊണ്ട് മുസ്‌ലിംലോകം കെടുതിയിലകപ്പെട്ടുനില്ക്കവെയാണ് 685ല്‍  (ഹി.65) മര്‍വാന്റെ മകന്‍ അബ്ദുല്‍ മലിക്ക് എന്ന 40കാരന്‍ അമീറായെത്തുന്നത് (685-705). പത്തുവര്‍ഷം കൊണ്ട് കലാപങ്ങള്‍ അടിച്ചൊതുക്കി ഇസ്‌ലാമിക ലോകത്തെ ഒരു കുടക്കീഴിലാക്കിയ അബ്ദുല്‍ മലിക് അമവി ഖിലാഫത്തിന്റെ രണ്ടാം സ്ഥാപകനായി.

ഉസ്മാന്‍(റ) ഖലീഫയായിരിക്കെ ഹി. 26ല്‍ മദീനയിലാണ് ജനനം. മസ്ജിദുന്നബവിയെന്ന സര്‍വ്വകലാശാലയില്‍ ബാല്യ-കൗമാരം ചെലവിട്ട അബ്ദുല്‍ മലിക് ഖുര്‍ആന്‍, ഹദീസ്, ഭാഷ, സാഹിത്യം എന്നിവയില്‍ അഗാധ പാണ്ഡിത്യം നേടി. അബൂ ഹുറയ്‌റ, അബൂസഈദില്‍ ബുദ്‌രി, ജാബിറുബ്‌നു അബ്ദില്ല(റ) തുടങ്ങിയ സ്വഹാബിമാരാണ് ഗുരുനാഥന്‍മാര്‍.

ഭരണമേറ്റെടുത്ത അബ്ദുല്‍ മലിക് ധീരമായ നടപടികളാണ് കൈക്കൊണ്ടത്. ഇറാനും ഇറാഖും കേന്ദ്രീകരിച്ച ഖവാരിജുകളെ നേരിടാന്‍ മുഹല്ലബ് എന്ന നായകനെ അയച്ചു. ഹിജാസിലെ അബ്ദുല്ലാഹിബ്‌നു സുബൈറിനെതിരെ ഹജ്ജാജുബ്‌നു യൂസുഫിനെ നിയോഗിച്ചു.  അബ്ദുല്ലയെ വകവരുത്തി പ്രശ്‌നങ്ങള്‍ ഒതുക്കിയ ഹജ്ജാജിനെത്തന്നെ കൂഫയിലേക്കും ഗവര്‍ണറായയച്ചു. അവിടെയും അദ്ദേഹം വിജയിച്ചു. ഇതോടെ ആഭ്യന്തര ശൈഥില്യം ഒതുങ്ങി.

പിന്നീട് അയല്‍രാജ്യങ്ങളിലേക്കായി അബ്ദുല്‍ മലിക്കിന്റെ ശ്രദ്ധ. യസീദിന്റെ കാലത്ത് കൈവിട്ട ഉത്തരാഫ്രിക്കയിലേക്ക് സുഹയ്‌റുബ്‌നു ഖൈസിനെ നായകനാക്കി വന്‍ സൈനികനീക്കം നടത്തി. ആ പ്രദേശങ്ങള്‍ പൂര്‍ണമായും ഇസ്‌ലാമിനു കീഴില്‍ വരികയും ബര്‍ബരികള്‍ മുസ്‌ലിംകളാവുകയും ചെയ്തതായിരുന്നു ഫലം. ക്രി. 695ലാണ് ഈ വിജയം.

കാബൂളിലേക്ക് സൈനിക നീക്കം നടന്നെങ്കിലും വിജയിച്ചില്ല. 21 വര്‍ഷം നീണ്ട ഭരണത്തിന് ക്രി. 105 (ഹി: 86)ല്‍ അന്ത്യമായി. അറുപതാമത്തെ വയസ്സിലായിരുന്നു അബ്ദുല്‍ മലിക്കിന്റെ വിടവാങ്ങല്‍.

 

Feedback