Skip to main content

അബ്ദുറഹ്മാന്‍ ഒന്നാമന്‍ (1)

അമവികളെ തെരഞ്ഞുപിടിച്ച് വധിക്കാന്‍ അബ്ബാസി സേന ദമസ്‌കസ് അരിച്ചുപെറുക്കുന്ന കാലം അമവി ഖലീഫയായിരുന്ന ഹിശാമുബ്‌നുഅബ്ദില്‍ മലിക്കിന്റെ പൗത്രന്‍ അബ്ദുറഹ്മാനും സഹോദരനും സഹോദരിയും കുഞ്ഞും ടൈഗ്രീസ് തീരത്തെ വനത്തില്‍ ഒളിച്ചിരുന്നു.

എന്നാല്‍ കറുത്ത പതാകയും പിടിച്ച് അബ്ബാസിന്റെ ചാരന്‍മാര്‍ അവിടെയുമെത്തി. ചരിത്രം തനിക്കായി കാത്തുവെച്ച ദൗത്യം നിര്‍വഹിക്കാന്‍ അബ്ദുറഹ്മാനു മുന്നില്‍ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. ടൈഗ്രീസ് നദി.

സഹോദരിയെയും കുഞ്ഞിനെയും അടിമയെ ഏല്പിച്ച് പത്തൊമ്പതുകാരനായ അബ്ദുറഹ്മാനും 13കാരനായ സഹോദരനും ടൈഗ്രീസിന്റെ മാറിലേക്കു ചാടി. ഓളങ്ങളില്‍ മരണത്തെ മുഖാമുഖം കണ്ട അനുജന്‍ കരയിലേക്ക് തിരിച്ചുനീന്തി. അവന്‍ വാളിനിരയാവു കയും ചെയ്തു.

നീന്തല്‍ വിദഗ്ധനായ അബ്ദുറഹ്മാന്‍ പക്ഷെ, ടൈഗ്രീസിന്റെ ഭീകരതയെ തോല്പിച്ച് തന്റെ ജീവിത നിയോഗത്തിലേത്ത് നീന്തിക്കയറി; ചരിത്രത്തിന് വിസ്മയം പകര്‍ന്നുകൊണ്ട്.

ദുരിതങ്ങളുടെ മലകളും മരുഭൂമികളും താണ്ടി വേഷപ്രച്ഛന്നനായി ആ യുവാവ് അലഞ്ഞുതിരിഞ്ഞു. ഫലസ്തീനിലും മൗറിത്താനിയയിലും എത്തി. കൂട്ടിനുണ്ടായിരുന്നത് വിശ്വസ്ത സേവകന്‍ ബദറും പിന്നെ വിശപ്പും ദാഹവും.

അബ്ബാസി ഖിലാഫത്തിനു കീഴിലെ സ്‌പെയിനില്‍ അന്ന് അറബ് വംശജരിലെ യമനികളും മുദരികളും തമ്മില്‍ ചേരിപ്പോര് നടക്കുമായിരുന്നു. ഗവര്‍ണര്‍ യൂസുഫ് ഫിഹ്‌രി മുദറുകാരനായതിനാല്‍ യമനികളുടെ ശത്രുപക്ഷക്കാരനായി അദ്ദേഹം.

സ്‌പെയിനിലെ അമവികളുടെ സഹായത്തോടെ ഈ ചേരിപ്പോരിനെ വിദഗ്ധമായി മുതലെടുത്തു അബ്ദുറഹ്മാന്‍. അമവികള്‍ അയച്ച കപ്പലില്‍ സ്‌പെയിനില്‍ വന്നിറങ്ങിയ സുമുഖനും തേജസ്വിയുമായ അബ്ദുറഹ്മാനെ രാജോചിതമായാണ് അവര്‍ വരവേറ്റത്.

അമവികള്‍, യമനികള്‍, അബ്ബാസികളുടെ സിറിയക്കാരനായ അറബ് ഭടന്‍മാര്‍ എന്നിവരുടെ പിന്തുണയില്‍ ക്രി. 756ല്‍ (ഹി. 138) അബ്ദുറഹ്മാന്‍ കൊര്‍ദോവ പിടിച്ചു. 764ഓടെ സ്‌പെയിന്‍ പൂര്‍ണമായും അബ്ദുറഹ്മാന്റെ അമവി ഭരണത്തിനു കീഴിലായി. ഖലീഫക്കുപകരം അമീര്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്.

 

Feedback