Skip to main content

അബ്ദുല്‍ ഹമീദ് രണ്ടാമന്‍ (2)

34-ാമത്തെ ഉസ്മാനിയെ സുല്‍ത്താനാണ് അബ്ദുല്‍ ഹമീദ് രണ്ടാമന്‍ (ക്രി.1876-1909). തുര്‍ക്കിയെ ജനാധിപത്യത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്ത ഇദ്ദേഹം ഇതേ കാരണങ്ങളാല്‍ അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്തു. 1876 സെപ്തംബര്‍ 7ന് (1293 ശഅ്ബാന്‍ 18) ആയിരുന്നു അധികാരാരോഹണം.

സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഒന്നാമന്റെ മകനായി 1842 സെപ്തംബര്‍ 21ന് ജനിച്ചു.  മികച്ച വിദ്യാഭ്യാസം ലഭിച്ചിരുന്നു. അറബി, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യം, മികച്ച അശ്വഭടന്‍. പിതൃവ്യനും സുല്‍ത്താനുമായിരുന്ന അബ്ദുല്‍ അസീസിന്റെ കൂടെ യൂറോപ്യന്‍ രാജ്യങ്ങള്‍ മിക്കതും സന്ദര്‍ശിച്ചത് നല്ലൊരു രാജ്യ തന്ത്രജ്ഞനാകാന്‍ അബ്ദുല്‍ഹമീദിനെ സഹായിച്ചു.

സഹോദരന്‍ മുറാദ് അഞ്ചാമന് ഭരണത്തില്‍ തുടരാന്‍ കഴിയാതെ വന്നപ്പോള്‍ ക്രി. 1876ല്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ഭരണമേറ്റെടുത്തു. പാശ്ചാത്യ തന്ത്രങ്ങളെ അടുത്തറിയുന്ന ഇദ്ദേഹം തുര്‍ക്കിയെ പുതിയ വഴിയിലൂടെ നടത്താന്‍ ഒരുങ്ങി. വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും ശക്തികൊണ്ടു മാത്രമേ, ഭൗതികവും ബൗദ്ധികവുമായ പുരോഗതി കൈവരിക്കാനാവൂ എന്ന് ഉണര്‍ത്തിയ അദ്ദേഹം, അത് സാധ്യമാക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടു.

തുര്‍ക്കിയുടെ അഖണ്ഡത നിലനിര്‍ത്താനും, രാജ്യത്തിന്റെ പുരോഗതി യാഥാര്‍ഥ്യമാക്കാനും ജനാധിപത്യ ഭരണകൂടത്തിനേ സാധിക്കൂ എന്ന കണ്ടെത്തിയ സുല്‍ത്താന്‍ 1876 ഡിസംബര്‍ 23ന് പുതിയ ഭരണഘടന നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. ഇതുപ്രകാരം ജനങ്ങള്‍ തെരഞ്ഞെടുത്ത അംഗങ്ങളടങ്ങുന്ന പാര്‍ലമെന്റും (മജ്‌ലിസുല്‍ മബ്ഊസീന്‍) ഭരണകൂടം നിര്‍ദ്ദേശിക്കുന്ന അംഗങ്ങളടങ്ങുന്ന പ്രഭുസഭയും (മജ്‌ലിസുല്‍ അഅ്‌യാന്‍) നിലവില്‍ വന്നു. നിയമത്തിനു മുന്നില്‍ എല്ലാവരും സമമെന്ന അവസ്ഥയും സംഘടനാ സ്വാതന്ത്ര്യവും പുലര്‍ന്നപ്പോള്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ തുര്‍ക്കികളുടെ ഹീറോയായി. 119 വകുപ്പുകള്‍ അടങ്ങിയതായിരുന്നു ഭരണഘടന

എന്നാല്‍, പാശ്ചാത്യ ശക്തികള്‍ക്ക് ഇത് ദഹിച്ചില്ല. ജനാധിപത്യ തുര്‍ക്കി തങ്ങളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയേക്കുമെന്ന് റഷ്യയുള്‍പ്പെടെയുള്ള യൂറോപ്യന്‍ ശക്തികള്‍ ആശങ്കപ്പെട്ടു.

1877ല്‍ റഷ്യ തുര്‍ക്കിയെ ആക്രമിച്ചു, ബള്‍ഗേറിയ, സെര്‍ബിയ, മോണ്ടിനാഗ്രോ എന്നീ സാമന്ത രാജ്യങ്ങള്‍ സ്വയം ഭരണം പ്രഖ്യാപിച്ചു. റുമേനിയയും യുഗോസ്ലാവിയയും മേലുള്ള തുര്‍ക്കിയുടെ മേല്‌ക്കോയ്മ അവസാനിക്കുകയും ചെയ്തു. തികച്ചും കുഴഞ്ഞുമറിഞ്ഞ സാഹചര്യം. യഥാര്‍ഥത്തില്‍  പാശ്ചാത്യര്‍ ഒരുക്കിയ കെണിയില്‍ സുല്‍ത്താന്‍ വീണു. പ്രശ്‌നങ്ങള്‍ക്ക് കാരണം പുതിയ ഭരണഘടനയും ജനാധിപത്യവുമാണെന്ന് തെറ്റിദ്ധരിച്ചു അദ്ദേഹം.

1878 ഫെബ്രുവരി 14ന്, പാര്‍ലമെന്റിന്റെ പ്രഥമ സമ്മേളനം നടന്നുകൊണ്ടിരിക്കെ ഭരണഘടന സസ്‌പെന്റ് ചെയ്തതായും പാര്‍ലമെന്റ് സമ്മേളനം മരവിപ്പിച്ചതായും അബ്ദുല്‍ഹമീദ് രണ്ടാമന്‍ പ്രഖ്യാപിച്ചു. ഇത് തുര്‍ക്കിയെ വീണ്ടും അഭ്യന്തര ശൈഥില്യത്തിലേക്ക് നയിച്ചു. തുര്‍ക്കിയിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനമായ അന്‍ജുമന്‍ ഇത്തിഹാദ് വത്തറഖി ഭരണഘടന സസ്‌പെന്‍ഷനെതിരെ സമരത്തിന് നേതൃത്വം നല്‍കി. ഇവര്‍ ദേശീയ വികാരം സുല്‍ത്താനെതിരെ ഇളക്കിവിട്ടു. സുല്‍ത്താന്‍ കൈകൊണ്ട ഈ നീക്കങ്ങള്‍ ജനാധിപത്യവല്‍ക്കരണത്തിന്റെ ശക്തനായ വക്താവ് എന്നിടത്തു നിന്ന് സ്വേഛാധിപതി എന്ന വിശേഷണത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു.

കടുത്ത നിലപാടെടുത്ത സുല്‍ത്താന്‍ യുവതുര്‍ക്കികളില്‍ ചിലരെ നാടുകടത്തുകയും മറ്റുചിലരെ വധിക്കുകയും ചെയ്തു. നാടുകടത്തപ്പെട്ടവര്‍ അവിടെയിരുന്ന് സമരവും എഴുത്തും തുടര്‍ന്നു. ഒടുവില്‍ 1908 വീണ്ടും യുവതുര്‍ക്കികള്‍ വിപ്ലവം നയിച്ചു. ജനാധിപത്യത്തിനായി ദാഹിച്ച തുര്‍ക്കികള്‍ വിപ്ലവത്തെ പിന്താങ്ങി. ക്രി. 1908 ജൂലൈ 4ന് വീണ്ടും ഭരണഘടന പുനഃസ്ഥാപിക്കുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 245 അംഗ പാര്‍ലമെന്റ് നിലവില്‍ വന്നു. യുവതുര്‍ക്കികള്‍ തന്നെയായിരുന്നു പ്രമുഖ കക്ഷി.

എന്നാല്‍ പ്രശ്‌നം തീര്‍ന്നില്ല. 1909 ഏപ്രിലില്‍ തന്നെ സൈനിക പിന്തുണയോടെ ദര്‍വേശുമാര്‍ ഭരണഘടനക്കെതിരെയും ശരീഅത്ത് പുനസ്ഥാനത്തിനുവേണ്ടി പ്രതിവിപ്ലവം നടത്തി. അനുനയ നിലപാടെടുത്ത അബ്ദുല്‍ ഹമീദ് രണ്ടാമന്‍ വിപ്ലവകാരികളുടെ ആവശ്യം പരിഗണിച്ച് ശരീഅത്ത് പുനസ്ഥാപിച്ചു. പാര്‍ലമെന്റംഗങ്ങള്‍ ഓടി രക്ഷപ്പെട്ടു. കാര്യങ്ങള്‍ സുല്‍ത്താന്റെ കൈപ്പിടിയിലൊതുങ്ങിയെന്ന് ധരിച്ച സമയത്ത് ഷൗക്കത്ത് പാഷയുടെ നേതൃത്വത്തില്‍ രംഗത്ത് വന്ന പ്രതിവിപ്ലവകാരികള്‍ പാര്‍ലമെന്റ് തങ്ങളുടെ നിയന്ത്രണത്തിലാക്കി. സുല്‍ത്താന്റെ സൈന്യത്തെ തോല്‍പിച്ചു പാര്‍ലമെന്റംഗങ്ങള്‍ തിരിച്ചെത്തി. മാര്‍ഷല്‍ ലോ പ്രഖ്യാപിക്കാനും സുല്‍ത്താനെ സ്ഥാനഭ്രഷ്ടനാക്കാനുമായിരുന്നു ഷൗക്കത്ത് പാഷയുടെ തീരുമാനം. അമുസ്‌ലിം രാജ്യങ്ങള്‍ കീഴടക്കാന്‍ ഒരുങ്ങി പുറപ്പെട്ട വന്‍ശക്തികളുടെ ഗൂഢനീക്കങ്ങള്‍ പലതും നടപ്പില്‍ വരുത്തിയത് അബ്ദുല്‍ ഹമീദിന്റെ കാലത്താണ്. ബ്രിട്ടണ്‍ സൈപ്രസിലും (1878) ഫ്രാന്‍സ് തുനിസിലും (1881) അധിനിവേശം നടത്തി. ഈജിപ്ത് കീഴടക്കിയത് 1882ലാണ്. മാസിഡോണിയയെ 1903ല്‍ അന്താരാഷ്ട്ര നിരീക്ഷണത്തിന്‍ കീഴിലാക്കി. മഗ്‌രിബില്‍ ഫ്രാന്‍സും, ലിബിയയില്‍ ഇറ്റലിയും അധിനിവേശം നടത്തിയത് 1911ലാണ്.

1909 ഏപ്രില്‍ 25ന് അബ്ദുല്‍ ഹമീദ് രണ്ടാമനെ നാടുകടത്തി. മുഹമ്മദ് അഞ്ചാമനെ സുല്‍ത്താനായി പ്രതിഷ്ഠിക്കുകയും ചെയ്തു.

 

Feedback