Skip to main content

സുലൈമാന്‍ ദി മാഗ്‌നി ഫിഷ്യന്റ് (1)

സുല്‍ത്താന്‍ സലീമിന്റെ മകന്‍ സുലൈമാന്‍ ഉസ്മാനിയ സാമ്രാജ്യാധിപനായത് 26-ാം വയസ്സില്‍. ക്രി. 1520ലാണ് (ക്രി.1520-1566). സുലൈമാന്‍ അഅ്ദ്വം, സുലൈമാന്‍ ദി മാഗ്നിഫിഷ്യന്റ്, സുലൈമാന്‍ ഖാനൂനി തുടങ്ങിയ നാമങ്ങളില്‍ പ്രസിദ്ധി നേടിയ സുലൈമാന്‍ ഉസ്മാനി സുല്‍ത്താന്‍മാര്‍ക്കിടയിലെ ഏറ്റവും പ്രഗല്‍ഭനും കൂടുതല്‍ കാലം രാജ്യം നയിച്ചവനുമാണ്.

1521ല്‍ യൂറോപ്പില്‍ പടയോട്ടം തുടങ്ങിയ സുലൈമാന്‍ വെന്‍ഗ്രേഡ് ആണ് ആദ്യം കീഴടക്കിയത്. 1522ല്‍ മുഹമ്മദ് അല്‍ഫാതിഹിന് പോലും അപ്രാപ്യമായ റോഡ്‌സ് ദ്വീപ് അധീനപ്പെടുത്തി. 1526ല്‍ ഹംഗറിയെ വിറപ്പിച്ച് ബുഡാപെസ്റ്റ് സ്വന്തമാക്കി. 1529ല്‍ ആസ്ത്രിയയുടെ തലസ്ഥാനമായ വിയന്നയിലെത്തിയ സുലൈമാന്‍ പക്ഷേ, തിരിച്ചടി നേരിട്ടു. 1532ല്‍ ആസ്ത്രിയയിലും ജര്‍മനിയയിലും പ്രവേശിച്ച് ഏറെ മുന്നേറ്റം നടത്തി. യൂറോപ്യരുടെ നായകനായ ചാള്‍സ് അഞ്ചാമന്റെ സംയുക്ത സൈന്യം സുലൈമാന് മുന്നില്‍ അടിയറവ് പറഞ്ഞു. അങ്ങനെയാണ് തുര്‍ക്കി സുല്‍ത്താന്‍ യൂറോപ്യര്‍ക്ക് സുലൈമാന്‍ മാഗ്നിഫിഷ്യന്റ് ആയത്.

1534ല്‍ ബഗ്ദാദും 1533ല്‍ ലിബിയയിലെ ട്രിപ്പോളിയും അധീനപ്പെടുത്തി. ബഗ്ദാദ് ഉസ്മാനി സംസ്ഥാനമായി. ഇസ്ഫഹാനും പിടിച്ചു. 1538ല്‍ യമനും ഏദന്‍ ട്രിപ്പോളി, അള്‍ജീരിയ എന്നീ ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങളും സുലൈമാന്റെ കരങ്ങളില്‍ ഭദ്രമായി. ഇതിനിടെ പോര്‍ച്ചുഗീസ് ആക്രമണത്തിനെതിരില്‍ സഹായം തേടി സാമൂതിരിയും ഗുജറാത്തിലെ രാജാവും സുലൈമാനെ ദൂതര്‍ വഴി സമീപിച്ചു. ഇന്ത്യയിലെ ദിയുവിലേക്ക് നാവികപ്പടയെ അയച്ചെങ്കിലും അവിടത്തെ സുല്‍ത്താന്‍ കൂറുമാറിയതിനാല്‍ സുലൈമാന് തന്റെ ദൗത്യം പൂര്‍ത്തീകരിക്കാനായില്ല.

പടിഞ്ഞാറ് ഡാന്യൂബ് നദി മുതല്‍ കിഴക്ക് ടൈഗ്രീസ് വരെയും വടക്കു ക്രിമിയ മുതല്‍ തെക്ക് നൈല്‍ നദി വരെയും വ്യാപിച്ച തുര്‍ക്കി സാമ്രാജ്യം ലോകത്തെ തന്നെ ഏറ്റവും വലിയ ഭരണകൂടമായി അക്കാലത്ത്.

മുഹമ്മദ് അല്‍ ഫാതിഹിന്റെ കാലത്തെ ഭരണ നിര്‍വഹണ നിയമങ്ങള്‍ സമൂലം ഉടച്ചു വാര്‍ത്ത സുലൈമാന്‍ ഉസ്്മാനി സാമ്രാജ്യത്തിന് പുതിയ വ്യവസ്ഥകളും നിയമങ്ങളും ചിട്ടപ്പെടുത്തി. നിയമങ്ങള്‍ സമാഹരിക്കാന്‍ 1559 ഇബ്‌റാഹിം ഹലബി എന്ന നിയമജ്ഞനെ ചുമതലപ്പെടുത്തുകയും ചെയ്തു. സുലൈമാന്‍, സുലൈമാന്‍ ഖാനൂനി (നിയമനേതാവ്) ആയത് ഇങ്ങനെയാണ്.

 

Feedback
  • Friday May 3, 2024
  • Shawwal 24 1445