Skip to main content

ചന്തയും കൃഷിയും

അബൂഹുറയ്‌റ(റ) പറയുന്നു: ഒരിക്കല്‍ നബി(സ) സംസാരിക്കുകയായിരുന്നു. അവിടുത്തെ സമീപം ഒരു ഗ്രാമവാസിയുമുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: സ്വര്‍ഗവാസികളില്‍ ഒരാള്‍ അല്ലാഹുവോട് കൃഷി ചെയ്യാന്‍ അനുമതി തേടി. അപ്പോള്‍ അല്ലാഹു അവനോട് ചോദിച്ചു. നീ ആഗ്രഹിച്ചതെല്ലാം നിനക്ക് ലഭിക്കുന്നില്ലേ? അവന്‍ പറഞ്ഞു. അതെ, എന്നാലും എനിക്ക് കൃഷിയിറക്കുന്നത് ഇഷ്ടമാണ്. അങ്ങനെ അവന്‍ വിത്തുവിതറി. ഞൊടിയിടയില്‍ അത് വളര്‍ന്നു പന്തലിച്ചു. വിളവെടുത്തു. അത് വലിയ മലകള്‍ കണക്കെ കുമിഞ്ഞുകൂടി. അപ്പോള്‍ അല്ലാഹു അവനോട് പറഞ്ഞു; 'എടുത്തോളൂ മനുഷ്യപുത്രാ. നിനക്കൊന്നും മതിയാവുകയില്ല. അപ്പോള്‍ ഇത് കേട്ടുകൊണ്ടിരുന്ന ഗ്രാമീണര്‍ പറഞ്ഞു. ''അല്ലാഹുവാണ്, ഇത് വല്ല ഖുറൈശിയോ അന്‍സാരിയോ ആയിരിക്കും. അവരാണല്ലോ കൃഷിക്കാര്‍. ഞങ്ങള്‍ കൃഷിയുടെ ആളുകളല്ലല്ലോ. ഇത്‌കേട്ട് റസൂല്‍ (സ) ചിരിച്ചു. (ബുഖാരി).

വിശ്വാസികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ സംഗമിക്കാന്‍ ഒരു ചന്തയുണ്ടായിരിക്കും. സ്വര്‍ഗത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും അവര്‍ അവിടെ സന്ധിക്കുന്നു. നബി(സ) പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയുണ്ട്. സ്വര്‍ഗവാസികള്‍ എല്ലാ വെള്ളിയാഴ്ചകളിലും അവിടെ ചെല്ലുന്നു. അവിടെ ഒരു വടക്കന്‍ കാറ്റ് അടിച്ച് അവരുടെ മുഖത്തും വസ്ത്രങ്ങളിലും പതിക്കുന്നു. അതുവഴി അവര്‍ക്ക് ഭംഗി വര്‍ധിക്കുകയായി. അതുകഴിഞ്ഞ് അവര്‍ തങ്ങളുടെ വീട്ടുകാരുടെ അടുക്കലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ അവര്‍ക്കും സൗന്ദര്യവും ഭംഗിയും വര്‍ധിച്ചിരിക്കും. അപ്പോള്‍ അവരുടെ വീട്ടുകാര്‍ പറയും. അല്ലാഹുവാണേ നിങ്ങള്‍ ഇവിടെ നിന്ന് പോയ ശേഷം നിങ്ങള്‍ക്ക് സൗന്ദര്യവും ഭംഗിയും വര്‍ദ്ധിച്ചിരിക്കുന്നു. (മുസ്‌ലിം).

Feedback