Skip to main content

സ്വര്‍ഗ വാസികള്‍

സത്യവിശ്വാസികളും സുകൃതവാന്മാരുമായ ആളുകള്‍ക്കാണ് അല്ലാഹു സ്വര്‍ഗമെന്ന മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നത്. സ്വര്‍ഗാവകാശികളുടെ ഗുണഗണങ്ങളെക്കുറിച്ചും സ്വഭാവ വൈശിഷ്ട്യത്തെ സംബന്ധിച്ചും ഒട്ടേറെ സൂക്തങ്ങളിലായി അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു ''തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍'' (18: 107). അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്. അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികളും നിറഞ്ഞ പാനപാത്രങ്ങളും (78:31-34). സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലുമെല്ലാം മുന്നേറിയവര്‍ (പരലോകത്തും) മുന്നാക്കക്കാര്‍തന്നെ - അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍. സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍. പൂര്‍വികന്മാരില്‍ നിന്ന് ഒരു വിഭാഗവും പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ച് പേരുമത്രെ ഇവര്‍ (56:10-14). 

ഐഹിക ജീവിതത്തിന്റെ സുഖാനുഭൂതികളില്‍ മനംമയങ്ങി ആഡംബര ജീവിതം നയിക്കുന്നവര്‍ അനുഗ്രഹ ദാതാവായ അല്ലാഹുവിനെ വിസ്മരിക്കുന്നു. നന്ദി കെട്ടവരും പാരത്രിക ജീവിതത്തെ നിഷേധിക്കുന്നവരുമായി അവര്‍ മാറുന്നു. ഇക്കാരണം കൊണ്ടായിരിക്കാം നബി(സ) സ്വര്‍ഗാവകാശികളെക്കുറിച്ച് ഇപ്രകാരം പറഞ്ഞത്. ''ഞാന്‍ സ്വര്‍ഗത്തില്‍ എത്തിനോക്കി. അപ്പോള്‍ അതിന്റെ അവകാശികളില്‍ അധികപേരും ദരിദ്രരായിട്ടാണ് ഞാന്‍ കണ്ടത്. ഞാന്‍ നരകത്തില്‍ എത്തിനോക്കി. അപ്പോള്‍ അതിന്റെ അവകാശികളില്‍ അധികവും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടത്. (ബുഖാരി, മുസ്‌ലിം). ചില സ്വഭാവ ദൂഷ്യങ്ങളാല്‍ അല്പകാലത്തേക്കെങ്കിലും കൂടുതലായി സ്ത്രീകള്‍ നരകശിക്ഷക്ക് അര്‍ഹരായി തീരുമെന്നാണ് റസൂല്‍ (സ) പറഞ്ഞതിന്റെ സാരം. ആപേക്ഷികമായി പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്വര്‍ഗത്തില്‍ സ്ത്രീകളായിരിക്കുമെന്ന് അബൂഹുറയ്‌റ(റ) അഭിപ്രായപ്പെട്ടതായി കാണാന്‍ കഴിയും (മുസ്‌ലിം).

സത്യ വിശ്വാസികളുടെ കര്‍മങ്ങള്‍ക്കുള്ള പ്രതിഫല വേദിയാണ് സ്വര്‍ഗം. കര്‍മങ്ങള്‍ക്ക് എത്രയോ ഇരട്ടി കണക്കിലാണ് പ്രതിഫലം ലഭിക്കുന്നത്. സ്വര്‍ഗീയ ജീവിതത്തിലെ അവര്‍ണനീയ സൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിക്കുന്ന വിശ്വാസികളുടെ കര്‍മങ്ങള്‍ സുഖാനുഭൂതികളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ തുച്ഛമാണ്.

സ്വര്‍ഗം അവരുടെ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലവും അംഗീകാരവും ആവുന്നതോടൊപ്പം അല്ലാഹുവിന്റെ അനുഗ്രഹം കൂടിയാണ്. അല്ലാഹു പറയുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടക്കുവീന്‍. അതിന്റെ വിസ്താരം ആകാശത്തിന്റേയും ഭൂമിയുടേയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വസിച്ചവര്‍ക്ക് വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്നു. ''അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു'' (57:21). അതുകൊണ്ടാണ് പ്രവാചകന്‍(സ) ഇപ്രകാരം പറഞ്ഞത് ''നിങ്ങളില്‍ ആരുടെയും കര്‍മങ്ങള്‍ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല. അപ്പോള്‍ അവര്‍ ചോദിച്ചു. താങ്കളും പ്രവേശിക്കുകയില്ലേ, അല്ലാഹുവിന്റെ ദൂതരേ? അവിടുന്ന് പറഞ്ഞു. ഞാനും പ്രവേശിക്കുകയില്ല. അല്ലാഹു അവന്റെ കാരുണ്യം കൊണ്ടും അനുഗ്രഹം കൊണ്ടും എന്നെ പൊതിഞ്ഞെങ്കിലല്ലാതെ (മുസ്‌ലിം).
 

Feedback