Skip to main content

നോമ്പ് തുറപ്പിക്കല്‍

ഒരു നോമ്പുകാരനെ നോമ്പുതുറപ്പിക്കുന്നത് പുണ്യകരമാണ്. നബി(സ്വ) പറഞ്ഞു: "ഒരു നോമ്പുതുറപ്പിച്ചാല്‍ നോമ്പെടുത്തവന് ഒട്ടും കുറവുവരാത്ത വിധം നോമ്പുതുറപ്പിച്ചവന് പ്രതിഫലം ലഭിക്കും" (മുന്‍ദിരി, അത്തര്‍ഗീബുവത്തര്‍ഹീബ് 1/152).

നബി(സ്വ) പറഞ്ഞു: "വല്ലവനും ഒരു നോമ്പുകാരനെ നോമ്പുതുറപ്പിച്ചാല്‍ അവന്റെ പ്രതിഫലം പാപമോചനവും നരക വിമുക്തിയുമാണ്. ആ നോമ്പുകാരന്റെ പ്രതിഫലത്തിന് ഒട്ടും കുറവുവരാതെ തന്നെ അതിനു സമമായ പ്രതിഫലം അവനു ലഭിക്കുന്നതാണ്. ഞങ്ങള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളില്‍ എല്ലാവര്‍ക്കും നോമ്പ് തുറപ്പിക്കുവാനുള്ള ശേഷിയില്ലല്ലോ. റസൂല്‍(സ്വ) പറഞ്ഞു. ഒരു കവിള്‍ പാലോ ഒരു ചുള കാരക്കയോ ഒരു ഇറക്ക് വെള്ളമോ ഉപയോഗിച്ച് നോമ്പ് തുറപ്പിക്കുന്നവനും ഈ പ്രതിഫലം ലഭ്യമാണ്. ഒരു നോമ്പുകാരന് വയറു നിറച്ച് ആഹാരം കൊടുത്താല്‍ അവനെ അല്ലാഹു എന്റെ ജലാശയത്തില്‍ നിന്ന് വെള്ളം കുടിപ്പിക്കുന്നതാണ്. പിന്നീട് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതു വരെ അയാള്‍ക്ക് ദാഹിക്കുകയില്ല. ഈ മാസത്തിന്റെ ആദ്യം കാരുണ്യവും മധ്യം പാപമോചനവും അവസാനം നരകവിമുക്തിയുമത്രെ. ആരെങ്കിലും റമദാനില്‍ തന്റെ അടിമക്ക് ജോലിയില്‍ ലഘൂകരണം നല്കിയാല്‍ അല്ലാഹു അവന് പൊറുത്തുകൊടുക്കുന്നതും നരകത്തില്‍ നിന്ന് മോചനം നല്കുന്നതുമാണ്" (ബൈഹഖി).

നോമ്പു തുറപ്പിക്കുന്ന കാര്യത്തില്‍ ദരിദ്രനായ നോമ്പുകാരനാണ് പ്രാമുഖ്യം നല്‌കേണ്ടതെങ്കിലും മറ്റു നോമ്പുകാരെ തുറപ്പിക്കുന്നതും പുണ്യകരം തന്നെയാണ്. നോമ്പില്ലാത്തവരെയും അമുസ്‌ലിം കളെയുമെല്ലാം നോമ്പുതുറക്കാന്‍ ക്ഷണിക്കുന്നത് നോമ്പുതുറയുടെ പുണ്യം നല്കുന്നതല്ലെങ്കിലും പരസ്പര സ്‌നേഹവും സൗഹൃദവുമെല്ലാം നിലനിര്‍ത്താന്‍ ഗുണകരവും ആ രൂപത്തില്‍ പരിണഗിക്കപ്പെടാവുന്നതുമാണ്. നോമ്പുതുറയുടെ പേരിലുള്ള ദുര്‍വ്യയങ്ങളും പൊങ്ങച്ചങ്ങളും ഒഴിവാക്കേണ്ടതാണ്. ആവശ്യക്കാര്‍ ക്ഷണിക്കപ്പെടാത്ത സദ്യ ഏറ്റവും ചീത്തയാണെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു. നമസ്‌കാരത്തിനും മറ്റു പുണ്യകര്‍മങ്ങള്‍ക്കും തടസ്സമാകുന്ന വിധത്തില്‍ നോമ്പുതുറ സത്കാരങ്ങള്‍ നീങ്ങുന്നത് പ്രതിഫലം നഷ്ടപ്പെടുത്തും. നോമ്പ് ആരാധനയാണ്, ആഘോഷമല്ല. നോമ്പുതുറ പുണ്യകര്‍മമാണ്; സദ്യവട്ടമല്ല.

നോമ്പുകാരന് നോമ്പുതുറക്കാനുള്ള ഭക്ഷണമോ അതിനുള്ള പണമോ നല്കാവുന്നതാണ്. ഏറെ മുന്തിയതോ ഏറ്റവും മോശമോ അല്ലാത്ത, മധ്യമമായ ഭക്ഷണത്തിന്റെ തോതാണ് പരിഗണിക്കേണ്ടത്.


 

Feedback
  • Tuesday Sep 16, 2025
  • Rabia al-Awwal 23 1447